Home News Kerala News ഡ്രൈവറെ ഉപയോഗിച്ച് വാഹനാപകടത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപണം. എൻസിപി മുൻ പ്രവർത്തകസമിതി അംഗം റജി ചെറിയാനെതിരെ...

ഡ്രൈവറെ ഉപയോഗിച്ച് വാഹനാപകടത്തിൽ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപണം. എൻസിപി മുൻ പ്രവർത്തകസമിതി അംഗം റജി ചെറിയാനെതിരെ കുട്ടനാട് എംഎൽഎ തോമസ് കെ.തോമസ് ഡിജിപിക്ക് പരാതി നൽകി.

99

ആലപ്പുഴ: ഡ്രൈവറായിരുന്ന തോമസ് കുരുവിളയ്ക്ക് (ബാബുക്കുട്ടി) പണം വാഗ്ദാനം ചെയ്ത് തന്റെ യാത്രാവിവരങ്ങൾ ചോർത്തി തന്നെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് തോമസ് കെ.തോമസ് എം എൽ എയുടെ പരാതി. കുട്ടനാട്ടിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പിന്നിൽ പ്രവർത്തിച്ച വ്യക്തിയാണ് ഗൂഢാലോചന നടത്തിയത്. ഡ്രൈവറിന്റെ സംശയകരമായ പെരുമാറ്റം കണ്ട് അയാളെ ജോലിയിൽനിന്ന് മാറ്റി. അതിനുശേഷം റജി ചെറിയാനെന്ന വ്യക്തിയുടെ വീട്ടിൽ അയാൾ ഡ്രൈവറായി കയറി. മദ്യപിച്ചശേഷം തന്റെ പഴ്സണൽ സ്റ്റാഫ് അംഗത്തെ ഫോണിൽ വിളിച്ച മുൻ ഡ്രൈവർ തോമസ് കുരുവിള, തന്നെ അപായപ്പെടുത്തി കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ റജി ചെറിയാൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തി. കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ വെള്ളം നിറഞ്ഞു കിടക്കുന്ന പാടത്തിനു നടുവിലെത്തുമ്പോൾ, കാറിന്റെ പിന്നിലിരുന്ന് ഉറങ്ങുന്ന തന്നെ വെള്ളത്തിൽ തള്ളിയിട്ട് കൊല്ലാനായിരുന്നു പദ്ധതി. എൻസിപി ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാറിനെ മുൻ ഡ്രൈവർ ഫോണില്‍ വിളിച്ച്, എംഎൽഎ എറണാകുളത്തെ മകന്റെ വീട്ടിലേക്കു തനിയെ വാഹനം ഓടിച്ചു പോകുമ്പോൾ ലോറി ഇടിച്ച് കൊലപ്പെടുത്തുമെന്നും ഉപതിരഞ്ഞെടുപ്പിൽ റജി ചെറിയാൻ മത്സരിക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ ഭീഷണിയിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
തന്റെ ഡ്രൈവറായിരുന്ന തോമസ് കുരുവിളയ്ക്ക് 5 ലക്ഷം രൂപ റജി ചെറിയാൻ കൊടുത്തതായും, ബാക്കി തുക കൃത്യം നടത്തിയ ശേഷം നൽകാമെന്ന് വാദ്ഗാനം നൽകിയിരുന്നതായും ഡ്രൈവർ തന്നെ പറഞ്ഞിട്ടുണ്ട്. എംഎൽഎ ആയതുമുതൽ തനിക്കെതിരെ പ്രവർത്തിക്കുന്ന വ്യക്തിയാണ് റജി ചെറിയാനെന്നും, തന്റെ കൂടെ നടക്കുന്നവരെ വാഹനാപകടത്തിൽ തീർക്കുമെന്ന് റജി ചെറിയാൻ എൻസിപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്തോഷിനെ ഭീഷണിപ്പെടുത്തിയതായും എം എൽ എ പറയുന്നു. എല്ലാ പദ്ധതികളും ആസൂത്രണം ചെയ്യുന്നത് റജി ചെറിയാനാണെന്നും എം എൽ എ ആരോപിച്ചു. നേരത്തെ രണ്ടു തവണ പൊതുവേദിയില്‍വച്ച് സ്ത്രീകളെക്കൊണ്ട് തന്നെ അസഭ്യം പറയിപ്പിച്ചു. അതിനുശേഷം തനിക്കെതിരെ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളുള്ളതിനാലാണ് കേസിൽ നിന്നു രക്ഷപ്പെടാനായത്. തന്നെ കൊലപ്പെടുത്താനും വ്യാജആരോപണങ്ങൾ ചമയ്ക്കാനും ശ്രമിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

Previous articleകന്നഡ നടി സ്പന്ദന അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണു അന്ത്യം.
Next articleതലശ്ശേരിയിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാന്‍ സർക്കാർ ഫണ്ടിൽ നിന്ന് 64 ലക്ഷം. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ മണ്ഡലമാണ് തലശ്ശേരി