Home Travel മനോഹാരിതയുടെ മറുപേരായി മറവൻതുരുത്ത്. മായികക്കാഴ്ചകളുമായി സഞ്ചാരികളെ മാടിവിളിച്ച് കോട്ടയം ജില്ലയുടെ ഈ പടിഞ്ഞാറൻ ഗ്രാമം

മനോഹാരിതയുടെ മറുപേരായി മറവൻതുരുത്ത്. മായികക്കാഴ്ചകളുമായി സഞ്ചാരികളെ മാടിവിളിച്ച് കോട്ടയം ജില്ലയുടെ ഈ പടിഞ്ഞാറൻ ഗ്രാമം

മറവൻതുരുത്ത് തൂക്കുപാലം

കെ.രൂപേഷ് കുമാർ

ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോ ഓർഡിനേറ്ററാണ് ലേഖകൻ

കോട്ടയം: ആറ്റുവേലയും, ഗരുഡൻ തൂക്കവും ഭദ്രകാളി തീയാട്ടും നാഗയക്ഷിയും ഗന്ധർവ്വനും ഉറഞ്ഞാടുന്ന വർണ്ണക്കളങ്ങളും, സർപ്പക്കാവുകളും കൈത്തറികളുടെ സംഗീതവും, പുള്ളുവൻ പാട്ടിന്റെ വശ്യതയും നിറഞ്ഞ മറവൻതുരുത്തിന്റെ ഗ്രാമ്യ ജീവിതം അനുഭവിച്ചറിയാൻ ആയിരങ്ങളാണ് ഇങ്ങോട്ട് എത്തുന്നത്. വാട്ടർ സ്ട്രീറ്റിലൂടെ ലോകമറിഞ്ഞ മറവൻതുരുത്തിനെക്കുറിച്ച് എഴുതിയത് ഒരിക്കലെങ്കിലും കേരളം കാണണം, കൂടെ മറവൻതുരുത്തും എന്നായിരുന്നു. ഈ വാക്കുകളിൽ തന്നെയുണ്ട് കേരളം ടൂറിസം ഭൂപടത്തിൽ ഈ കൊച്ചു ഗ്രാമത്തിന്റെ പ്രസക്തി.

ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയിൽ ഉൾപ്പെട്ട 10 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഒന്നാണ് കോട്ടയം ജില്ലയിലെ മറവൻതുരുത്ത്. നിശ്ചയദാർഢ്യത്തോടെ ഒരു പഞ്ചായത്ത് സമിതി മുന്നിട്ടിറങ്ങിയിൽ വിനോദ സഞ്ചാരമേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്ന തിന്റെ നേർസാക്ഷ്യം കൂടിയാണ് മറവൻതുരുത്തിന്റെ കാഴ്ച്ചകൾ തേടി എത്തുന്ന വിദേശികളടക്കമുള്ള വിനോദ സഞ്ചാരികൾ. മൂവാറ്റുപുഴയാറിന്റെ കൈവഴികളായ നിരവധി പുഴകളും വേമ്പനാട് കായലും അതിരിടുന്ന ഒരു ദ്വീപാണ് മറവൻതുരുത്ത്. കേരളത്തിന്റെ സമരപോരാട്ടങ്ങളുടെ ചരിത്രവഴികളിൽ രക്തവർണത്തിൽ കുറിച്ച അധ്യായങ്ങൾ കൂട്ടിച്ചേർത്ത, ജന്മിത്തത്തിനെതിരായ ജനകീയ മുന്നേറ്റങ്ങൾ ഒട്ടേറെ കണ്ട നാട്. കുടികിടപ്പവകാശത്തിന് വേണ്ടി പോരാടിയ മനുഷ്യരെ ചവിട്ടിയരച്ച ബൂട്ടുകളുടെ പാടുകൾ ഇപ്പോഴും ആ മണ്ണിലുണ്ട്. അമർന്ന് പോയ നിലവിളികൾ മുദ്രാവാക്യങ്ങളായ് രൂപാന്തരപ്പെട്ടപ്പോൾ അവരെ സംഘടിപ്പിക്കാനെത്തിയ രാഷ്ട്രീയ നേതൃത്വത്തിന് ഒളിയിടം ഒരുക്കി അവരെ നിധി പോലെ കാത്ത് വച്ച നാട്. എത്തിപ്പെടാൻ മാർഗ്ഗമില്ലാത്തതിനാൽ മർദ്ദകവീര്യത്തിന് മറവൻതുരുത്തിനെ ഒരിക്കലും സമ്പൂർണ്ണമായി കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞിരുന്നില്ല എന്നത് ചരിത്രം.

ജനകീയാസൂത്രണ കാലത്ത് നടത്തിയ ജനകീയ മുന്നേറ്റങ്ങളിലൂടെ തദ്ദേശ വാസികൾ പണി കഴിപ്പിച്ച പാലങ്ങൾ വന്നതോടെ മറവൻതുരുത്തിലേക്ക് എല്ലാ മേഖലകളിൽ നിന്നുമുള്ള വഴികളും പാലങ്ങളും തുറന്ന് കിട്ടി. ഇന്ന് ജനകീയ ടൂറിസം മുന്നേറ്റത്തിൽ മറവൻതുരുത്ത് ചരിത്രമെഴുതുകയാണ്. ആ ചരിത്രത്തിന്റെ ഭാഗമാകാൻ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസും, സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവനും, ചീഫ് സെക്രട്ടറി ഡോ.വി. വേണു ഐ എ എസും അടക്കം നിരവധി പ്രമുഖരാണ് എത്തിയത്. വേൾഡ് ട്രാവൽ മാർക്കറ്റിന്റെ ഉപദേശകനും ഐ സി ആർ ടി ഫൗണ്ടറുമായ ഡോ ഹാരോൾഡ് ഗുഡ്‌വിൻ, ന്യൂയോർക്ക് ടൈംസ് ലേഖിക പേജ് മക് നൾട്ട് എന്നിവർക്ക് പുറമേ 2140 തദേശ ടൂറിസ്റ്റുകളും 418 വിദേശ ടൂറിസ്റ്റുകളും ഒരു വർഷത്തിനിടയിൽ മറവൻതുരുത്തിലെത്തി.

ഒരു കാലത്ത് മറവൻതുരുത്തിന്റെ ഗ്രാമീണ ജീവിതവുമായി അഭേദ്യ ബന്ധമുണ്ടായിരുന്നതും, കാലാന്തരത്തിൽ മാലിന്യ വാഹിനികളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുമായി മാറിപ്പോയ 18 കനാലുകളാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായ വാട്ടർ സ്ട്രീറ്റുകളായി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിവർത്തനം ചെയ്യപ്പെട്ടത്. ജനകീയ പങ്കാളിത്തത്തോടെ 18 കനാലുകളിലേയും മുഴുവൻ മാലിന്യവും നീക്കം ചെയ്ത് ആഴം കൂട്ടി. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി എല്ലാ ജലാശയങ്ങളും ജലഗതാഗത യോഗ്യമാക്കി. ജലാശയങ്ങളുടെ തീര സംരക്ഷണത്തിന് കരിങ്കല്ല് കെട്ടുക എന്ന പതിവ് ശൈലിമാറ്റി കയർ ഭൂവസ്ത്രം വിരിക്കുകയും കണ്ടലുകൾ വച്ച് പിടിപ്പിക്കുകയും ചെയ്തു. വൃത്തിയാക്കിയ കനാലുകളിൽ വീണ്ടും മാലിന്യം വീഴില്ലെന്ന് ഉറപ്പ് വരുത്താൻ 40 വീടുകൾക്ക് ഒരു ക്ലസ്റ്റർ എന്ന നിലയിൽ ആർ.ടി സ്ട്രീറ്റ് ക്ലസ്റ്ററുകൾ നിലവിൽ വന്നു. പ്രാദേശികമായി RT ക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തനം ശക്തിപ്പെടുത്തി. ഓരോ വീട്ടിൽ നിന്നുo അജൈവമാലിന്യങ്ങൾ സംഭരിക്കാൻ ഹരി തകർമ്മസേനയെ ചുമതലപ്പെടുത്തി. മാലിന്യ സംഭരണത്തോട് വിമുഖത കാണിച്ച വരെ തിരുത്താൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ക്ലസ്റ്റർ ഭാരവാഹികളും ടൂറിസം വികസന സമിതി അംഗങ്ങളും പതിവായി ഗൃഹ സന്ദർശനം നടത്തി.

വൃത്തിയാക്കിയ കനാലുകളും പുഴകളും കായലും. അവിടെ തദ്ദേശീയരുടെ ശിക്കാരകൾ. തുഴയുന്ന വള്ളങ്ങളിൽ ചെറിയ കനാലുകളിൽ അപകടരഹിതമായി സഞ്ചരിക്കാൻ സഞ്ചാരികൾക്ക് അവസരം നൽകുന്ന നാട്. അതാണിന്ന് മറവൻതുരുത്ത്. കനാലുകളിലും പുഴകളിലും കായലിലും പരിശീലനം നേടിയ കയാക്കിംഗ് വിദഗ്ധരുടെ സഹായത്തോടെ ടൂറിസ്റ്റുകൾക്ക് കയാക്കിംഗ് ചെയ്യാൻ തദ്ദേശീയമായ കയാക്കിംഗ് ക്ലബ്ബുകൾ അവസരം ഒരുക്കുന്നു. വരാലും പൂളോനും കരിമീനും ഞണ്ടും പൂഞ്ഞാനും ആർപ്പ് വിളിച്ചും ആർത്തുല്ലസിച്ചും നീങ്ങുന്ന വാട്ടർ സ്ട്രീറ്റുകൾ. അന്യം നിന്ന് പോയ ഞവണിക്ക ആയിരക്കണക്കായി തിരിച്ച് വന്നിരിക്കുന്നു. ഓരോ വീടിന്റെയും പുറംചുവരിൽ മറവൻതുരുത്തിന്റെ കലയും സംസ്കാരവും ജീവിതരീതിയും ഉത്സവങ്ങളും ജനകീയമായ മുന്നേറ്റത്തിലൂടെ തീർത്ത ഗ്രാമം. ഗ്രാമത്തിന്റെ കഥപറയുന്ന ചിത്രമതിലുകൾ. ജനകീയമായ ഇടപെടലിലൂടെ ടൂറിസം റിസോർസ് ഡയറക്ടി തയ്യാറാക്കി പ്രസിദ്ധീകരിച്ച നാട്.

ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ പരിശീലനം പൂർത്തിയാക്കിയ വീടുകളിലെ ഭക്ഷണവും താമസവുമാണ് മറവൻതുരുത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു പ്രധാന സവിശേഷത. ബദൽ ടൂറിസം സങ്കൽപ്പങ്ങൾ പ്രായോഗികവും, സാദ്ധ്യമാക്കാവുന്നതുമാണെന്ന് മറവൻ തുരുത്ത് തെളിയിക്കുകയാണ്. ഈ പുതു ചരിത്രത്തിന് നേതൃത്വം കൊടുക്കാൻ ഗ്രാമ പഞ്ചായത്ത് കമ്മറ്റിയും ടൂറിസം വികസന സമിതിയും ഉത്തരവാദിത്ത ടൂറിസം മിഷനും ടൂറിസം വകുപ്പും എല്ലാം ഒറ്റക്കെട്ടായി മുന്നിലുണ്ട്. മറവൻതുരുത്തിലെ വാട്ടർ സ്ട്രീറ്റുകൾ വിനോദസഞ്ചാരത്തിലൂടെ ജനകീയ
ജല സംരക്ഷണത്തിന്റെ പുതിയ സംസ്കാരം രൂപപ്പെടുത്താമെന്നതിന്റെ സാർവ്വദേശീയ മാതൃകയാണെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം അവാർഡ് ജൂറി പ്രഖ്യാപിച്ച് കഴിഞ്ഞു. വേൾഡ് ട്രാവൽ മാർട്ട് ഗ്ലോബൽ അവാർഡും മറവൻതുരുത്ത് വാട്ടർ സ്ട്രീറ്റിന് ലഭിച്ചു.

കൊച്ചിയിൽ നിന്ന് 1 മണിക്കൂർ, കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും 1 മണിക്കൂർ 10 മിനിറ്റ് , ആലപ്പുഴ നിന്ന് ഒന്നരമണിക്കൂർ,
കുമരകത്ത് നിന്നും 40 മിനിട്ട് – എന്നിങ്ങനെയാണ് മറവൻതുരുത്തിൽ എത്തിച്ചേരാനുള്ള യാത്രാ സമയം. താമസ സൗകര്യത്തിന്
2 പ്രധാന റിസോർട്ടുകളും, ഹോം സ്റ്റേകളും മറവൻതുരുത്ത് പഞ്ചായത്തിലുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷൻ സഞ്ചാരികൾക്കായി പാക്കേജുകൾ തയ്യാറാക്കിയിട്ടുമുണ്ട്. യാത്രകളെ സ്നേഹിക്കുന്നവർക്ക് സംശയ രഹിതമായി തങ്ങളുടെ യാത്ര ലിസ്റ്റിൽ ചേർക്കാവുന്ന പേരുകളിലൊന്നാണ് മറവൻതുരുത്ത്.