Home News Kerala News സിദ്ദിഖിന് വിട നൽകി കലാകേരളം. സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

സിദ്ദിഖിന് വിട നൽകി കലാകേരളം. സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ

97

കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ സിദ്ദിഖിന് കേരളം കണ്ണീരോടെ യാത്രാമൊഴിയേകി. മലയാളികളെ ഏറെ ചിരിപ്പിച്ച രസതന്ത്രത്തിന്റെ സൃഷ്ടാവ് കണ്ണീരലകളെ സാക്ഷിയാക്കി എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബർസ്ഥാനിലെ ആറടി മണ്ണിലേക്ക് മടങ്ങി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ നടന്നത്. സിദ്ദിഖിന്റെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ച കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെത്തി സഹപ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകൾ അദ്ദേഹത്തിന് അന്ത്യാഞ്ജലിയർപ്പിച്ചു. പതിനാറാം വയസു മുതല്‍ ഒപ്പം ചേര്‍ന്ന ചങ്ങാതിയെ അവസാനമായി കാണാന്‍ എത്തിയ നടന്‍ ലാല്‍ പൊട്ടിക്കരഞ്ഞതു കണ്ടുനിന്നവരെ ദുഃഖത്തിലാഴ്ത്തി. ഫാസിലും ഫഹദ് ഫാസിലും ചേര്‍ന്നാണ് ലാലിനെ ആശ്വസിപ്പിച്ചത്. മമ്മൂട്ടി, മുകേഷ്, ജയറാം, സായ്കുമാര്‍ തുടങ്ങി നിരവധി പേര്‍ പ്രിയസുഹൃത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. രാവിലെ 9 മുതല്‍ 12 വരെയായിരുന്നു കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം. പൊതുദര്‍ശനത്തിനുശേഷം മൃതദേഹം കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്കു കൊണ്ടുപോയി. മലയാള സിനിമയിൽ ചിരിയുടെ പെരുമഴ തീർത്ത സംവിധായകനായിരുന്നു സിദ്ദിഖ്. തമിഴിലും ഹിന്ദിയിലും വരെ ഹിറ്റുകൾ ഒരുക്കി അദ്ദേഹം തന്റെ പ്രതിഭതെളിയിച്ചു. കരൾരോഗം മൂർഛിച്ച് മൂന്നാഴ്ചയിലേറെയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൾ ചികിത്സയിൽ കഴിഞ്ഞിരുന്ന സിദ്ദിഖ് ആകസ്മികമായുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയാണു വിടവാങ്ങിയത്. രാത്രി 9.10 ഓടെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.

Previous articleകോട്ടയം തലയോലപ്പറമ്പ് ഏ.ജെ ജോൺ മെമ്മോറിയൽ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾക്ക് ദേഹാസ്വാസ്ഥ്യം. 10 വിദ്യാർത്ഥിനികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next articleപുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പരാതി നൽകാനൊരുങ്ങി എൽ ഡി എഫ്