Home Cinema ചിരിയുടെ ഗോഡ് ഫാദറിനെ യാത്രയാക്കാനൊരുങ്ങി കൊച്ചി. അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ പൊതുദർശനം അൽപ സമയത്തിനകം ആരംഭിക്കും

ചിരിയുടെ ഗോഡ് ഫാദറിനെ യാത്രയാക്കാനൊരുങ്ങി കൊച്ചി. അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ പൊതുദർശനം അൽപ സമയത്തിനകം ആരംഭിക്കും

75

കൊച്ചി: മലയാളികളെ പരിസരം നോക്കാതെ മനസ്സുതുറന്ന് ചിരിക്കാൻ പഠിപ്പിച്ച ആ മാന്ത്രികത ഇനിയില്ല. എന്നും മലയാളി ഓർത്തിരിക്കുന്ന സൂപ്പർഹിറ്റ്‌ സിനിമകളുടെ സൃഷ്ട്ടാവിന്റെ ഓർമയിൽ വിതുമ്പുകയാണ് സിനിമ ലോകവും, പ്രേക്ഷകരും. അന്തരിച്ച സംവിധായകൻ സിദ്ദിഖിന് അന്ത്യ യാത്രാമൊഴി ചൊല്ലാൻ ഒരുങ്ങുകയാണ് കൊച്ചി നഗരം. രാവിലെ ഒമ്പതുമുതൽ 12 വരെ കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ സിദ്ദിഖിന്റെ ഭൗതിക ശരീരം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന്‌ കാക്കനാട്‌ നവോദയ മനയ്‌ക്കക്കടവിലെ വീട്ടിലെത്തിക്കും. വൈകിട്ട് ആറിന്‌ എറണാകുളം സെൻട്രൽ ജുമാ മസ്‌ജിദിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം. കൊച്ചിൻ കലാഭവൻ 1981ൽ ആദ്യമായി വേദിയിൽ അവതരിപ്പിച്ച മിമിക്‌സ്‌ പരേഡിൽ പങ്കെടുത്ത ആറു കലാകാരന്മാരിൽ ഒരാളാണ്‌. പ്രിയസുഹൃത്ത്‌ ലാലിനൊപ്പം സംവിധായകൻ ഫാസിലിന്റെ സഹസംവിധായകരായി സിനിമാപ്രവേശം. ഇരുവരും സത്യൻ അന്തിക്കാടിന്റെ പപ്പൻ പ്രിയപ്പെട്ട പപ്പൻ (1986) എന്ന ചിത്രത്തിന്‌ തിരക്കഥയും നാടോടിക്കാറ്റിന്‌ (1987) കഥയുമെഴുതി. സിദ്ദിഖ്‌–-ലാൽ സംവിധായക കൂട്ടുകെട്ടിലെ റാംജി റാവു സ്‌പീക്കിങ്‌, ഇൻഹരിഹർ നഗർ, ഗോഡ്‌ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നിവയും ഹിറ്റായി. ഹിറ്റ്‌ലറിലൂടെ (1996) സ്വതന്ത്ര സംവിധായകനായി. തുടർന്ന്‌ ഫ്രണ്ട്‌സ്‌, ക്രോണിക്‌ ബാച്ചിലർ, ബോഡി ഗാർഡ്‌, ലേഡീസ്‌ ആൻഡ്‌ ജെന്റിൽമാൻ, ഭാസ്‌കർ ദി റാസ്‌കൽ, ഫുക്രി എന്നീ ചിത്രങ്ങൾ. ബിഗ്‌ബ്രദർ (2020) അവസാന സിനിമ. എറണാകുളം പുല്ലേപ്പടി കറപ്പ്‌നൂപ്പിൽ പരേതരായ കെ എം ഇസ്‌മയിൽ ഹാജി–-സൈനബ ദമ്പതികളുടെ മകനാണ്‌. ഭാര്യ: ഷാജിദ. മക്കൾ: സുമയ്യ, സാറ, സുക്കൂൻ. മരുമക്കൾ: നബീൽ മെഹർ, ഷെഫ്‌സിൻ. സഹോദരങ്ങൾ: സലാഹുദീൻ, അൻവർ, സക്കീർ, സാലി, ഫാത്തിമ, ജാസ്മിൻ, റഹ്മത്ത്.

Previous articleമാഞ്ഞത് മലയാളികളെ ചിരിപ്പിച്ച ഹാസ്യ ചിത്രങ്ങളുടെ തലതൊട്ടപ്പൻ. തിയറ്ററുകളിൽ ലാലിനൊപ്പം ചേർന്നും, തനിച്ചും സിദ്ദിഖ് ഒരുക്കി വെച്ച ചിരിയുടെ മാലക്ക പടക്കത്തിന് തീപിടിച്ചപ്പോൾ കേരളം പ്രായഭേദമില്ലാതെ പൊട്ടിച്ചിരിച്ചു.
Next articleയാത്രയ്ക്കിടെ ട്രെയിനില്‍ നിന്നും വീണ യുവാവിന് ഗുരുതര പരിക്ക്. കണ്ണൂർ പെരിങ്ങോം സ്വദേശി നിധീഷിനാണ് പരിക്കേറ്റത്