Home Cinema തെയ്യം, പ്രകൃതി, പ്രണയം: മുകൾപ്പരപ്പ് നാളെ തീയേറ്ററുകളിൽ

തെയ്യം, പ്രകൃതി, പ്രണയം: മുകൾപ്പരപ്പ് നാളെ തീയേറ്ററുകളിൽ

94

കൊച്ചി: വടക്കേ മലബാറിന്റെ അനുഷ്ഠാന കലാരൂപമായ തെയ്യത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതിക്കെതിരെ നടക്കുന്ന കടന്നാക്രമണങ്ങളും, അതിനെതിരെ ഒരു ഗ്രാമം നടത്തുന്ന ചെറുത്ത് നിൽപ്പും, പ്രണയവും പകയുമെല്ലാം മനോഹരമായി പറഞ്ഞുപോകുന്ന ചിത്രമാണ് മുകള്‍പ്പരപ്പ്. നിരന്തരം പാറ ഖനനത്തിന്റെ പ്രകമ്പനങ്ങൾ മുഴങ്ങുന്ന ഗ്രാമത്തിലെ പേരെടുത്ത തെയ്യം കലാകാരനായ ചാത്തുട്ടിപ്പെരുവണ്ണാന്റെ അന്ത:സംഘർഷങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. പാരിസ്ഥിതിക വിഷയങ്ങളും സിനിമ ചർച്ച ചെയ്യുന്നുണ്ട്. സംഗീതത്തിനും, നർമ്മത്തിനും പ്രാധാനയം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സുനിൽ സൂര്യയെ പ്രധാന കഥാപാത്രമാക്കി സിബി പടിയറ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ്ണ ജനാർദ്ദനനാണ് നായിക. സിബി പടിയറ തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. ‘തിങ്കളാഴ്‌ച നിശ്ചയത്തിന് ശേഷം സുനില്‍ സൂര്യ നായകനായെത്തുന്ന ചിത്രമാണ് മുകള്‍പ്പരപ്പ്. മാമൂക്കോയ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം കൂടിയാണിത്. കൂടാതെ ഊർമിള ഉണ്ണി, ബിന്ദു കൃഷ്‌ണ, ഉണ്ണിരാജ് ചെറുവത്തൂർ, ശിവദാസ് മട്ടന്നൂർ, ചന്ദ്രദാസൻ ലോകധർമ്മി, രജിത മധു, മജീദ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. നിരവധി തെയ്യം കലാകാരൻമാരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പുതുമുഖ താരങ്ങളെ പരിചയപ്പെടുത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ജ്യോതിസ് വിഷന്‍റെ ബാനറിൽ കെ.കെ ജയപ്രകാശൻ ആണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. ‘മുകള്‍പ്പരപ്പി’ന്‍റെ സഹ രചയിതാവും ഗാന രചയിതാവും കൂടിയാണ് അദ്ദേഹം. സിനു സീതത്തോട്, ജോൺസ്‌ പനയ്ക്കൽ, ഷമൽ സ്വാമിദാസ്, ഹരിദാസ് പാച്ചേനി, ബിജോ മോഡിയിൽ കുമ്പളാംപൊയ്‌ക, മനോജ് സി.പി, ലെജു നായർ നരിയാപുരം, ആദിത്യ പിഒ, അദ്വൈത് പിഒ എന്നിവരാണ് സിനിമയുടെ സഹ നിർമാതാക്കൾ. ഷിജി ജയദേവൻ, നിതിൻ കെ രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ലിൻസൺ റാഫേലാണ് എഡിറ്റിങ്. പ്രമോദ് സാരംഗ്, ജോജി തോമസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ഓണം റിലീസിനോടനുബന്ധിച്ച് നാളെ ചിത്രം തിയേറ്ററുകളില്‍ എത്തും.

Previous articleമണി ചെയിന്‍ നിരോധിക്കാൻ കേരളം: ഇത് സംബന്ധിച്ച കരട് മാര്‍ഗ്ഗരേഖ ഉപഭോക്തൃ കാര്യ വകുപ്പ് തയ്യാറാക്കി
Next articleകരിപ്പൂര്‍ വഴി യാത്രചെയ്യുന്ന യാത്രക്കാര്‍ നാലു മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തണം: നോട്ടീസ് പുറത്തിറക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്