Home News Kerala News ആരാകും പുതുപ്പള്ളിയിൽ എൽ ഡി എഫ് സ്ഥാനാർഥി. അഭ്യുഹങ്ങൾക്കിടെ വാർത്ത നിഷേധിച്ച് കോൺഗ്രസ്സ് നേതാവ്

ആരാകും പുതുപ്പള്ളിയിൽ എൽ ഡി എഫ് സ്ഥാനാർഥി. അഭ്യുഹങ്ങൾക്കിടെ വാർത്ത നിഷേധിച്ച് കോൺഗ്രസ്സ് നേതാവ്

67

കോട്ടയം: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ആരാകും എൽഡിഎഫ് സ്ഥാനാർത്ഥി എന്നുള്ള കാര്യത്തിൽ അഭ്യൂഹങ്ങൾ തുടരുകയാണ്. ചരിത്രത്തിലാദ്യമായി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയെ തീരുമാനിച്ച് മണ്ഡലത്തിൽ യുഡിഎഫ് പ്രചരണം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് രണ്ട് ദിവസമായിട്ടും എൽഡിഎഫ് സ്ഥാനാർത്ഥി ആരാകും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സാധാരണഗതിയിൽ തിരഞ്ഞെടുപ്പുകളിൽ ആദ്യഘട്ടത്തിൽ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു പ്രചരണ രംഗത്ത് എൽഡിഎഫ് മേൽകൈ നേടാറുണ്ടായിരുന്നു. പുതുപ്പള്ളിയിലെ പ്രത്യേക സാഹചര്യവും ആഞ്ഞുപിടിച്ചാൽ മണ്ഡലം കൈപിടിയിൽ ഒതുക്കാം എന്ന പ്രതീക്ഷയും മികച്ച സ്ഥാനാർത്ഥിയെ തന്നെ അവതരിപ്പിക്കണമെന്ന ലക്ഷ്യത്തിലേക്ക് എൽഡിഎഫിനെ എത്തിച്ചതാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാൻ കാരണം. കഴിഞ്ഞ രണ്ടുതവണയും ഉമ്മൻചാണ്ടിക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ജയ്ക് സി തോമസ് തന്നെ ഇത്തവണയും സ്ഥാനാർത്ഥിയാകും എന്നായിരുന്നു ആദ്യഘട്ടത്തിൽ പ്രതീഷിക്കപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സക്കറിയ ഉൾപ്പെടെ മറ്റു രണ്ടു പേരുകളും എൽഡിഎഫ് പരിഗണനയിൽ വന്നിരുന്നു. എന്നാൽ മണ്ഡലത്തിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയുണ്ടാകും എന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ നിബു ജോൺ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്ത നിബു ജോൺ തന്നെ നിഷേധിക്കുകയും ചെയ്തു. മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകണമെന്ന ആവശ്യവുമായി ഒരു പാർട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും, തദ്ദേശ തിരഞ്ഞെടുപ്പിൽ അടക്കം മത്സരിച്ചത് ഉമ്മൻചാണ്ടിയുടെ നിർബന്ധത്താൽ ആണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ആളാണ് നിബു ജോൺ. നിലവിൽ കോൺഗ്രസ് പാർട്ടിയുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും, ചാണ്ടി ഉമ്മനായി മുഴുവൻ സമയം പ്രചരണരംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Previous articleപുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പരാതി നൽകാനൊരുങ്ങി എൽ ഡി എഫ്
Next articleകോട്ടയം വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. വിജയ പ്രതീക്ഷയിൽ ഇടത്, വലത് മുന്നണികൾ