Home News Kerala News അച്ഛനെയും മകനെയും നേരിട്ട സ്ഥാനാർത്ഥികൾ: അറിയാം ജയിക്കിന്റെ മുൻഗാമികളെ

അച്ഛനെയും മകനെയും നേരിട്ട സ്ഥാനാർത്ഥികൾ: അറിയാം ജയിക്കിന്റെ മുൻഗാമികളെ

95

പുതുപ്പള്ളി: ഒരു മണ്ഡലത്തില്‍ അച്ഛനോടും മകനോടും ഒരു സ്ഥാനാര്‍ത്ഥി തന്നെ ഏറ്റുമുട്ടുന്നുവെന്ന കൗതുകവുമായാണ് ഇത്തവണ പുതുപ്പളളി തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. എന്നാല്‍ കേരള രാഷ്ട്രീയത്തില്‍ ഇത്തരം മത്സരം ആദ്യമല്ല. അച്ഛനെയും മകനെയും നേരിട്ട് അച്ഛനോടും മകനോടും തോറ്റവരും അച്ഛനെയും മകനെയും തോല്‍പ്പിച്ചവരും കേരള രാഷ്ട്രീയ ചരിത്രത്തിൽ ഇടം പിടിച്ചിട്ടുണ്ട്. അച്ഛനോട് ജയിച്ച്‌ മകനോട് തോൽക്കുകയും, അച്ഛനോട് തോറ്റ് മകനോട് ജയിക്കുകയും ചെയ്തവരുമുണ്ട്. അച്ഛനോടും മകനോടും തോറ്റ ചരിത്രം ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിനും, സി പി ഐ എം നേതാവ് എം ജെ ജേക്കബ്ബിനും സ്വന്തം.

ചവറ മണ്ഡലത്തിൽ 2016-ല്‍ എൻ വിജയൻ പിളളയോട് തോറ്റ ഷിബു, 2021ല്‍ വിജയൻ പിളളയുടെ മകൻ സുജിത്തിനോടും കീഴടങ്ങി. ഷിബു ബേബി ജോൺ അച്ഛനോടും മകനോടും പരാജയം മാത്രമറിഞ്ഞപ്പോൾ, എം ജെ ജേക്കബ് എതിർ സ്ഥാനാർത്ഥിയായി എത്തിയ ടി എം ജേക്കബ് എന്ന അച്ഛനോട് ഒരിക്കൽ ജയിക്കുകയും ഒരിക്കൽ തോൽക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ മകൻ അനൂപ് ജേക്കബ്ബിനോട് രണ്ട തവണ ഏറ്റുമുട്ടിയെങ്കിലും വിജയിക്കാനായില്ല. പിറവത്ത് 2006 -ല്‍ ടി എം ജേക്കബിനെ തോല്‍പ്പിച്ച എം ജെ ജേക്കബ് 2011 -ല്‍ ടി എം ജേക്കബ്ബിനോട് തോറ്റു. 2012 -ല്‍ ഉപതരെഞ്ഞെടുപ്പില്‍ ടി എം ജേക്കബിന്‍റെ മകൻ അനൂബ് ജേക്കബിനോട് പരാജയപ്പെട്ട അദ്ദേഹത്തിന് 2016 -ലും അനൂപിനോട് വിജയിക്കാനായില്ല.

തിരുവനന്തപുരം നോര്‍ത്തില്‍ ജി കാര്‍ത്തികേയനെ തറപറ്റിച്ച സിപിഎം നേതാവ് എം വിജയകുമാറാണ് അച്ഛനോട് ജയിച്ച് മകനോട് പരാജയപ്പെട്ട നേതാവ്. 2015 -ല്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പിലാണ് കാര്‍ത്തികേയന്‍റെ മകൻ ശബരീനാഥ്‌ അച്ഛനെ തോൽപ്പിച്ച എം വിജയകുമാറിനെ പരാജയെപ്പെടുത്തിയത്. അച്ഛനോടും മകനോടും തോല്‍ക്കുന്ന റെക്കോര്‍ഡ് ജെയ്ക്കിന് ലഭിക്കുമെന്ന് കളിയാക്കിയ മുരളീധരനും അച്ഛൻ കരുണാകരനും ഒരാളോട് ഒരേ മണ്ഡലത്തില്‍ അടുത്തടുത്ത തെരഞ്ഞെടുപ്പില്‍ തോട്ടുവെന്നതും ചരിത്രം. തൃശ്ശൂര്‍ ലോക്സഭാ സീറ്റില്‍ 96 -ലും 98 -ലും സിപിഐയുടെ വി വി രാഘവനാണ് ഇരുവരെയും പരാജയപ്പെടുത്തിയത്. സിപിഎമ്മിലെ സി പി കുഞ്ഞിനെയും മകൻ മുസാഫര്‍ അഹമ്മദിനെയും തോല്‍പ്പിച്ചിട്ടുണ്ട് എം കെ മുനീര്‍. കോഴിക്കോട് രണ്ടിലും പിന്നീട് പേര് മാറിയപ്പോള്‍ സൗത്തിലും. 98 -ല്‍ എറണാകുളം ലോക്സഭാ സീറ്റില്‍ ജോര്‍ജ് ഈഡനോട് തോറ്റ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി സെബാസ്റ്റ്യൻ പോള്‍ ഈഡന്‍റെ മകൻ ഹൈബിയോട് 2011 -ല്‍ എറണാകുളം നിയമസഭാ സീറ്റിലും തോറ്റു.

Previous articleദേശീയ പതാകയുടെ നീളവും വീതിയും എത്രയായിരിക്കണം; വാഹനങ്ങളില്‍ ഉപയോഗിക്കാമോ? അറിയാം ഫ്ലാഗ് കോഡിലെ ഇക്കാര്യങ്ങൾ
Next articleമേഘവിസ്‌ഫോടനം: ഹിമാചലിലെ സോളനിൽ ഏഴുപേർ മരിച്ചു