Home Business വർഷോപ്പ് ഉടമകൾക്ക് മുട്ടൻ പണി വരുന്നു. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി നൽകിയാൽ വർക്ക് ഷോപ് ഉടമകൾക്ക്...

വർഷോപ്പ് ഉടമകൾക്ക് മുട്ടൻ പണി വരുന്നു. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി നൽകിയാൽ വർക്ക് ഷോപ് ഉടമകൾക്ക് ഒരുലക്ഷം രൂപ വരെ പിഴ

146

കൊച്ചി: വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്ന വർക്ക് ഷോപ് ഉടമകൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ മോട്ടോര്‍വാഹന വകുപ്പ്. ഒരു വാഹനത്തിന് രൂപമാറ്റം വരുത്തിയാല്‍ ഒരു ലക്ഷം രൂപയാണ് പിഴ. ഗുരുതരമായ കുറ്റകൃത്യമാണെങ്കില്‍ ഒരുവര്‍ഷത്തെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തും. ഒരു വണ്ടിക്ക് ചെറിയ രൂപമാറ്റമാണെങ്കിലും ഒരുലക്ഷം രൂപവരെ വര്‍ക്ക്ഷോപ്പ് ഉടമയില്‍നിന്ന് ഈടാക്കാന്‍ നിലവിലെ മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ട്. ഈ അധികാരം ഉപയോഗപ്പെടുത്താനാണ് മോട്ടോര്‍വാഹന വകുപ്പിന്റെ നീക്കം. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടികൂടിയാൽ ഉടമകൾക്ക് പിഴയ്ക്ക് പുറമേ, വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണ് നിലവിലെ രീതി. വാഹനങ്ങളിലെ ഓരോ രൂപമാറ്റത്തിനും 5,000 രൂപയാണ് പിഴയായി വാഹന ഉടമ അടയ്‌ക്കേണ്ടത്. ഒരിക്കല്‍ പിടികൂടി പിഴയടപ്പിച്ച വാഹനങ്ങള്‍ സമാന നിയമലംഘനങ്ങളുമായി വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വീണ്ടും പിടി കൂടുന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിക്കാനുള്ള അധികൃതരുടെ നീക്കം. 2019-ലെ പുതുക്കിയ ദേശീയ റോഡ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് വാഹനങ്ങളിലെ രൂപമാറ്റം വരുത്തുന്ന വര്‍ക്ക് ഷോപ്പുകള്‍, ഡീലര്‍മാരുടെ സര്‍വീസ് സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കുക.

ഏത് സ്ഥാപനമാണിത് ചെയ്തതെന്ന് പിടികൂടിയ വാഹന ഉടമകളോട് ചോദിച്ചറിയും. തുടര്‍ന്നാണ് നടപടിയുമായി ഇവരെ സമീപിക്കുക. നമ്പര്‍പ്ലേറ്റ് മടക്കിയും മറച്ചുവെച്ചുമുള്ള വാഹനങ്ങളുപയോഗിച്ച് പല കുറ്റകൃത്യങ്ങളും വര്‍ധിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ ഇതുവരെ നിയമനടപടി സ്വീകരിക്കാതിരുന്ന വര്‍ക്ക്ഷോപ്പുകാര്‍ക്കെതിരേ നടപടി എടുത്ത് തുടങ്ങിയത്. അനധികൃത രൂപമാറ്റം വരുത്തിയ വാഹന ഉടമകളെയും സ്ഥാപനങ്ങളെയും പിടികൂടാനുള്ള മോട്ടോര്‍വാഹന വകുപ്പിന്റെ പ്രത്യേക ദൗത്യത്തില്‍ 20 ഇരുചക്രവാഹനങ്ങളാണ് ആദ്യഘട്ടത്തിൽ പിടികൂടിയത്. ഇവയുടെ ഉടമകളോട് അധികൃതര്‍ക്കു മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. സൈലന്‍സറുകള്‍ മാറ്റിവെച്ച വാഹനങ്ങളാണ് ഇവയെല്ലാം. ബുധനാഴ്ച കൊച്ചി നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോ സ്റ്റേഷനുള്‍പ്പെടെയുള്ള പാര്‍ക്കിങ് കേന്ദ്രങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍, വാഹനഡീലര്‍മാരുടെ സര്‍വീസ് സെന്ററുകള്‍ എന്നിവിടങ്ങളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. വാഹനങ്ങളുടെ ഷോറൂമുകളില്‍ പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെ എട്ട് വര്‍ക്ക്ഷോപ്പുകള്‍ക്കെതിരേയും നടപടിയുണ്ട്. ഇവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും. ഇതിനു ശേഷമാകും തുടര്‍നടപടികളിലേക്ക് പോകുക. വരുംദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് എറണാകുളം ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്‍ പറഞ്ഞു.

Previous articleകോതമംഗലത്ത് കെഎസ്ഇബി ജീവനക്കാർ വാഴക്കുലകൾ വെട്ടിയ സംഭവം: സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കർഷകന് കൈമാറി
Next articleമാത്യു കുഴൽനാടന്റേത്‌ വ്യാജ സത്യവാങ്‌മൂലമെന്ന രൂക്ഷ വിമർശനവുമായി സിപിഐ എം ജില്ലാ സെക്രട്ടറി. എംഎൽഎയ്ക്ക് വെളിപ്പെടുത്തിയതിനേക്കാൾ 30 ഇരട്ടി സ്വത്തുണ്ടെന്നും സി എൻ മോഹനൻ