Home News Kerala News ഹണിട്രാപ്പിൽ പെടുത്തി തട്ടിപ്പ്: കോഴിക്കോട്ടെ ഹോട്ടലുടമയുടെ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു

ഹണിട്രാപ്പിൽ പെടുത്തി തട്ടിപ്പ്: കോഴിക്കോട്ടെ ഹോട്ടലുടമയുടെ കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു

69

കോഴിക്കോട്∙ കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. ഹണിട്രാപ്പിൽ അകപ്പെടുത്തി ഒന്നര ലക്ഷം രൂപയും കാറും തട്ടിയെടുത്ത ശേഷമാണ് സിദ്ദീഖിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. മുഹമ്മദ് ഷിബിൽ, ഫർഹാന എന്നിവർ ചേർന്നാണ് കൊലപാതകം ആസൂത്രണംചെയ്ത് നടപ്പിലാക്കിയത്.

കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ വിളിച്ചുവരുത്തിയാണ് പ്രതികൾ കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മൂന്നായി വെട്ടിമുറിച്ച ശേഷം 2 ട്രോളി ബാഗുകളിലാക്കി സിദ്ദീഖിന്റെ തന്നെ കാറിൽ പ്രതികൾ അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. മടങ്ങുംവഴി ചുറ്റികയും കട്ടറും ഉൾപ്പെടെയുള്ളവ പെരിന്തൽമണ്ണയിലെ ചീരട്ടമലയിൽ ഉപേക്ഷിച്ചു. അവിടെനിന്ന് ചെറുതുരുത്തിയിലെത്തിയാണ് കാർ ഉപേക്ഷിച്ചത്.

സിദ്ദീഖിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ തിരൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി, ഒറ്റപ്പാലം ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന എന്നിവരെ അസമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ചെന്നൈ എഗ്​മൂറിൽനിന്നും, കൊലപാതകത്തിനും മൃതദേഹം ഉപേക്ഷിക്കാനും ഇവരെ സഹായിച്ച ഫർഹാനയുടെ സുഹൃത്തും നാട്ടുകാരനുമായ ആഷിഖിനെ പാലക്കാട്ടുനിന്നും അറസ്റ്റ് ചെയ്തിരുന്നു.

Previous articleപുതുപ്പള്ളിയിൽ വികസനചർച്ച എന്ന എൽ ഡി എഫ് വെല്ലുവിളിയിൽ നിന്ന് ഒളിച്ചോടി യു ഡി എഫ്. എൽഡിഎഫ്‌ നിശ്‌ചയിക്കുന്ന അജണ്ടയുടെ പിറകേ പോകാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
Next articleചന്ദ്രോപരിതലത്തിനടുത്ത് ഏറ്റവും താഴ്ന്ന ഭ്രമണ പഥത്തിലേയ്ക്ക് ചന്ദ്രയാൻ. ദൗത്യത്തിലെ അടുത്ത നിര്‍ണായക ഘട്ടമായ ഡീബൂസ്റ്റിങ്ങ് ആരംഭിച്ചു