Home News Kerala News റേഡിയോ ജോക്കി രാജേഷ് വധം. മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവും മൂന്നു ലക്ഷം രൂപ...

റേഡിയോ ജോക്കി രാജേഷ് വധം. മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും ജീവപര്യന്തം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും

54

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കേസിൽ രണ്ടും മൂന്നും പ്രതികളായ മുഹമ്മദ് സാലിഹിനും അപ്പുണ്ണിക്കും തിരുവനന്തപുരം അഡി.സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. മുഹമ്മദ് സാലിഹും അപ്പുണ്ണിയും കുറ്റക്കാരാണെന്നു കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. 4 മുതൽ 12 വരെയുള്ള പ്രതികളെ കോടതി നേരത്തെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയും കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയ ഓച്ചിറ സ്വദേശിയും ഖത്തറിലെ വ്യവസായിയുമായ അബ്‌ദുൽ സത്താറിനെ പിടികൂടാനായിട്ടില്ല.

2018 മാർച്ച് 27-നാണ്‌ രാജേഷിനെ തിരുവന്തപുരം കിളിമാനൂർ മടവൂരിലുള്ള റെക്കോഡിങ് സ്റ്റുഡിയോയിൽ കയറി ഒരുസംഘം വെട്ടിക്കൊന്നത്‌. രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തായ കുട്ടനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇയാളുടെ ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ പൊലീസ്‌ അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്‌. ഇയാൾ പിന്നീട്‌ മൊഴിമാറ്റി. കൊല്ലം ആസ്ഥാനമായുള്ള നൊസ്റ്റാൾജിയ എന്ന നാടൻപാട്ട് സംഘാംഗങ്ങളായിരുന്നു രാജേഷും കുട്ടനും. ഇരുവരും ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിശീലനം നടത്തുന്നതിനിടെ പുലർച്ചെ രണ്ടോടെ പ്രതികൾ രാജേഷിന്റെ മെട്രാസ് മീഡിയ ആൻഡ് കമ്യൂണിക്കേഷൻ എന്ന റെക്കോഡിങ് സ്റ്റുഡിയോയിലെത്തി. ആദ്യം കുട്ടനെയും പിന്നീട്‌ രാജേഷിനെയും വെട്ടി. പതിനഞ്ചിലേറെ തവണയാണ് രാജേഷിനെ വെട്ടിയത്. തുടർന്ന്, രാജേഷിനെ നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന്‌ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത്‌ സത്താറാണ്‌. ഇയാളുടെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പം കുടുംബ ബന്ധവും ബിസിനസും തകർത്തതാണ്‌ കൊലപ്പെടുത്താനുള്ള കാരണമെന്ന്‌ അന്വേഷകസംഘം കണ്ടെത്തിയിരുന്നു. ചുവന്ന കാറിലെത്തിയ സംഘമാണ്‌ കൊലനടത്തിയ സംഘം എത്തിയ കാറിന്റെ ചുവന്ന നിറം മാത്രമായിരുന്നു ആദ്യ ഘട്ടത്തിൽ പൊലീസിന് ലഭിച്ച തുമ്പ്‌. തുടർന്ന് രാജേഷിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നിന്നാണ്‌ ഖത്തറിലുള്ള യുവതിയുമായി രാജേഷിനുള്ള സൗഹൃദത്തെക്കുറിച്ച്‌ വിവരം ലഭിക്കുന്നത്‌. മുമ്പ്‌ ഖത്തറിൽ ജോലിചെയ്തിരുന്ന രാജേഷ്‌ അവിടെവച്ചാണ്‌ സത്താറിന്റെ ഭാര്യയുമായി അടുപ്പത്തിലായത്‌. കേസിലെ രണ്ടാംപ്രതിയും സത്താറിന്റെ ജീവനക്കാരനുമായ ഓച്ചിറ മേമന പനച്ചമൂട്ടിൽ സ്വദേശി മുഹമ്മദ് സാലിഹ് എന്ന സാലി ഖത്തറിൽനിന്ന് നേരിട്ടെത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. സാലി തന്റെ സുഹൃത്തും ‘സാത്താൻ ചങ്ക്‌സ്’ എന്ന ക്വട്ടേഷൻ സംഘത്തിന്റെ തലവനുമായ കായകുളം ദേശത്തിനകം സ്വദേശി അപ്പുണ്ണി എന്ന അപ്പുവിനെ കൂട്ടുപിടിച്ചു. അപ്പുണ്ണിയുടെ സംഘാംഗങ്ങളും സാലിഹും നേരിട്ടെത്തി ആക്രമണം നടത്തിയതെന്നാണ് പ്രോസിക്യൂഷൻ കേസ്.

Previous articleതൊഴിലുറപ്പ് തൊഴിലാളികള്‍ക്കും സർക്കാരിന്റെ ഓണ സമ്മാനം. ഓണത്തിന് 1000 രൂപ ഉത്സവ ബത്ത
Next articleതട്ടിപ്പ് നടത്തിയിട്ടില്ലെങ്കിൽ മാനനഷ്ട കേസ് ഫയൽ ചെയ്യണം. മാത്യു കുഴൽ നാടൻ എം എൽ എയെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ