Home News Kerala News ഓണവിപണിയിൽ സർക്കാർ ഇടപെടൽ: സപ്ലൈകോ ജില്ലാ തല ഓണചന്തകൾ ഇന്നുമുതൽ

ഓണവിപണിയിൽ സർക്കാർ ഇടപെടൽ: സപ്ലൈകോ ജില്ലാ തല ഓണചന്തകൾ ഇന്നുമുതൽ

52

തിരുവനന്തപുരം: ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് തടയുവാനും, സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ അവശ്യ വസ്തുക്കൾ ലഭ്യമാക്കാനും ലക്ഷ്യമിട്ട് സപ്ലൈകോയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജില്ലാതല ഓണച്ചന്തകൾക്ക് ഇന്ന് തുടക്കമാകും. സപ്ലൈകോ ഓണം മേളയുടെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷത വഹിക്കും. മന്ത്രി ആന്റണി രാജു ആദ്യവില്‍പ്പന നടത്തും. മന്ത്രി വി. ശിവന്‍കുട്ടി ശബരി ഉത്പന്നങ്ങളുടെ റീബ്രാന്‍ഡിങ്ങും പുതിയ ശബരി ഉത്പന്നങ്ങളുടെ പരിചയപ്പെടുത്തലും നിര്‍വഹിക്കും. ശശി തരൂര്‍ എം.പി, ഡെപ്യൂട്ടി മേയര്‍ പി.കെ രാജു എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

സപ്ലൈകോ ഓണം ജില്ലാ ഫെയറുകളില്‍ എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. വിപണന കേന്ദ്രങ്ങളില്‍ നിന്നും വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവും വിവിധ ഉല്‍പ്പന്നങ്ങളുടെ കോംബോ ഓഫറും ലഭിക്കും. പുത്തരിക്കണ്ടം മൈതാനത്തെ ഓണം ഫെയര്‍ ഈ മാസം 28 വരെയുണ്ടാകും. താലൂക്ക് ഫെയറുകള്‍ 23 മുതല്‍ 28 വരെയും, ഓണം മാര്‍ക്കറ്റുകള്‍, ഓണം മിനി ഫെയറുകള്‍ എന്നിവ 23 മുതല്‍ 28 വരെയും വിപണന കേന്ദ്രങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും. എല്ലാ താലൂക്ക് ഫെയറുകളും രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയും മിനി ഫെയറുകള്‍ രാവിലെ 10 മുതല്‍ രാത്രി എട്ടു വരെയും ഇടവേളയില്ലാതെ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Previous articleബസുകളിലെ സീറ്റ് ബെല്‍റ്റ്: സമയപരിധി നവംബര്‍ ഒന്ന് വരെ നീട്ടി
Next articleഇടുക്കിയില്‍ ഗൃഹനാഥൻ വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നില്‍ നായാട്ട് സംഘം: പ്രതികള്‍ അറസ്റ്റില്‍