Home News National news പിഴചുമത്താം, പിഴപ്പലിശ വേണ്ട: ബാങ്കുകൾക്ക് ആർബിഐയുടെ നിർദ്ദേശം

പിഴചുമത്താം, പിഴപ്പലിശ വേണ്ട: ബാങ്കുകൾക്ക് ആർബിഐയുടെ നിർദ്ദേശം

99

മുംബൈ: വായ്പകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കുകയോ വായ്പ തിരിച്ചടവ് മുടക്കുകയോ ചെയ്താൽ അതിന്റെ പേരിൽ വായ്പയെടുത്തവരിൽ നിന്ന് ബാങ്കുകളും ധനകാര്യ കമ്പനികളും പിഴപ്പലിശ ഈടാക്കാൻ പാടില്ലെന്ന് റിസർവ് ബാങ്കിന്റെ നിർദേശം. പകരം അച്ചടക്ക നടപടി എന്ന നിലയിൽ ന്യായമായ രീതിയിൽ പിഴചുമത്താം. അല്ലാതെ നിലവിലുള്ള പലിശ നിരക്കിനൊപ്പം അധിക പലിശ ചേർത്തുള്ള പിഴപ്പലിശ രീതി പാടില്ലെന്നാണ് ആർ ബി ഐ ബാങ്കുകൾക്ക് നൽകിയിരിക്കുന്ന പുതിയ നിർദേശം. ഇത്തരത്തിൽ പിഴയായി ഈടാക്കുന്ന തുക മുതലിന്റെ ഭാഗമാക്കരുത്. ഇതിൽ പിന്നീട് ഒരു തരത്തിലുമുള്ള പലിശയും കണക്കാക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. എന്നാൽ ഇത് വായ്പയുടെ പലിശ കണക്കാക്കുന്ന സാധാരണ നടപടികളെ ബാധിക്കരുത്. 2024 ജനുവരി ഒന്നു മുതൽ ഇത് പ്രാബല്യത്തിലാകുമെന്നും ആർബിഐ വ്യക്തമാക്കി. ധനകാര്യ സ്ഥാപനങ്ങൾ വായ്പ പലിശയിൽ അധികമായി ഒരു ഘടകവും ചേർക്കാൻ പാടില്ല. ഇക്കാര്യത്തിൽ ആർബിഐയുടെ മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. ഒരേ വ്യവസ്ഥകൾ ഉള്ള എല്ലാതരത്തിലുള്ള വായ്പകളിലും പിഴത്തുക ഒരേ രീതിയിലാകണം. അതുപോലെ തന്നെ ഒരേ തരത്തിലുള്ള വ്യവസ്ഥാ ലംഘനങ്ങൾക്ക് പിഴ തുകയിൽ വ്യത്യാസം ഉണ്ടാകാനും പാടില്ല

പിഴ തുക സംബന്ധിച്ച് അറിയിപ്പ് നൽകണം

പിഴനിരക്കുകൾ സംബന്ധിച്ച കാര്യങ്ങൾ ബാങ്കുകൾ വായ്പവ്യവസ്ഥകൾക്കൊപ്പം പ്രധാന നിബന്ധനകളുടെ ഭാഗമായി വ്യക്തമായി കാണും വിധം തെളിമയോടെ രേഖപ്പെടുത്തണം. സ്ഥാപനങ്ങളുടെ വെബ്സൈറ്റിൽ പലിശ നിരക്കുകളും, സേവന നിരക്കുകളും സംബന്ധിച്ച ഭാഗത്തും പിഴ തുക സംബന്ധിച്ച അറിയിപ്പ് നൽകണം. സാമ്പത്തിക സേവന കമ്പനികൾ ഇത് പ്രാദേശിക ഭാഷയിൽ വായ്പയെടുക്കുന്നവർക്ക് മനസ്സിലാകുന്ന രീതിയിൽ നൽകണം. വ്യവസ്ഥാ ലംഘനം സംബന്ധിച്ച് വായ്പ എടുത്തവർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിൽ അതിനൊപ്പം എന്നും അതിനുള്ള കാരണവും അറിയിക്കണം. വായ്പ തിരിച്ചടയ്ക്കുന്നതിൽ അച്ചടക്കം കൊണ്ടുവരുന്നതിനാണ് പിഴചുമത്തുന്നത്. ഇത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വരുമാന വർദ്ധനവിനുള്ള ഉപാധിയായി കാണരുത്. മുൻധാരണ അനുസരിച്ചുള്ള പലിശ മാത്രമേ വായ്പെടുത്തവരിൽ നിന്ന് ഈടാക്കാവൂ. ആർബിഐയുടെ നിയന്ത്രണത്തിൽ വരുന്ന പല സ്ഥാപനങ്ങളും വായ്പാ വ്യവസ്ഥകൾ ലംഘിക്കുന്നവരിൽ നിന്ന് വായ്പ അക്കൗണ്ടിൽ അവശേഷിക്കുന്ന തുകയിൽ അധിക പലിശ ഈടാക്കി വരുമാനം കണ്ടെത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നിർദ്ദേശങ്ങൾ എന്നും ആർബിഐ വ്യക്തമാക്കി. ഇത് പലപ്പോഴും ഉപഭോക്താക്കളുടെ പരാതിക്കും തർക്കത്തിനും ഇടയാക്കിയിട്ടുണ്ടെന്നും ആർബിഐ ചൂണ്ടിക്കാട്ടി

Previous articleഅവശ്യ വസ്തുക്കൾ ഓണച്ചന്തയിൽ എത്തിക്കാൻ സപ്ലൈകോ. 250 കോടിയുടെ സാധനങ്ങൾ അടുത്ത ദിവസം തന്നെ ഓണച്ചന്തയിൽ എത്തിക്കും
Next articleഅത്താഘോഷത്തിന് ഒരുങ്ങി രാജനഗരി. ഇനിയുള്ള 10 പകലിരവുകൾ തൃപ്പൂണിത്തുറ നഗരം ഓണാഘോഷത്തിന്റെ കൊടുമുടിയേറും