Home Culture അത്താഘോഷത്തിന് ഒരുങ്ങി രാജനഗരി. ഇനിയുള്ള 10 പകലിരവുകൾ തൃപ്പൂണിത്തുറ നഗരം ഓണാഘോഷത്തിന്റെ കൊടുമുടിയേറും

അത്താഘോഷത്തിന് ഒരുങ്ങി രാജനഗരി. ഇനിയുള്ള 10 പകലിരവുകൾ തൃപ്പൂണിത്തുറ നഗരം ഓണാഘോഷത്തിന്റെ കൊടുമുടിയേറും

111

കൊച്ചി: ഓണാഘോഷത്തിന്റെ ഏറ്റവും മനോഹര ദൃശ്യങ്ങളിലൊന്നായ തൃപ്പൂണിത്തറ അത്തച്ചമയ ഘോഷയാത്ര നാളെ നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അത്തംനാളിൽ കൊച്ചിരാജാവ് സർവാഭരണ വിഭൂഷിതനായി സർവസൈന്യ സമേതനായും കലാസമൃദ്ധിയോടും കൂടി ഘോഷയാത്രയായി പ്രജകളെ കാണാനെത്തുന്ന സംഭവമാണ് രാജഭരണകാലത്തെ അത്തച്ചമയം. 1949 ൽ തിരുവിതാംകൂർ കൊച്ചി സംയോജനത്തോടെ രാജകീയ അത്തച്ചമയം നിർത്തലാക്കി. പിന്നീട് 1961-ൽ കേരള സർക്കാർ ഓണം സംസ്ഥാനോത്സവമാക്കിയതോടെ ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി നടത്തി വരികയാണ്.

അത്തം 2023ന്റെ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് ഇന്ന് വൈകിട്ട് 4:00 മണിക്ക് ഹിൽപാലസ് മ്യൂസിയം അങ്കണത്തിൽ വച്ച് രാജകുടുംബാംഗത്തിൽ നിന്നും നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അത്തപതാക ഏറ്റുവാങ്ങും. ഞായറാഴ്ചയാണ് പ്രശസ്തമായ അത്തച്ചമയ ഘോഷയാത്ര നടക്കുന്നത്. രാവിലെ 9 മണിക്ക് തൃപ്പൂണിത്തറ ഗവർമെന്റ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കെ ബാബു എംഎൽഎ അധ്യക്ഷനാകും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അത്തപാതക ഉയർത്തുകയും, പത്മശ്രീ മമ്മൂട്ടി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. എംപിമാർ, എംഎൽഎമാർ, നഗരസഭ കൗൺസിലർമാർ തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. നിശ്ചലദൃശ്യങ്ങൾക്കൊപ്പം 75 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി ഉണ്ടാകും.

ഘോഷയാത്രയ്‌ക്കൊപ്പം സിയോൺ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണി മുതൽ അത്തപ്പൂക്കളം മത്സരം ആരംഭിക്കും. വൈകിട്ട് 3 മണി മുതൽ അത്തപ്പൂക്കളങ്ങളുടെ പ്രദർശനം സംഘടിപ്പിക്കും. വൈകിട്ട് 5.30ന് ലായം കൂത്തമ്പലത്തിലെ തിരുവോണം നഗറിൽ കലാസന്ധ്യയുടെ ഉദ്ഘാടനം നടക്കും. പുത്തൻകുരിശ് ആരവം വാദ്യകലാസംഘം അവതരിപ്പിക്കുന്ന ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ ആണ് ഞായറാഴ്ചത്തെ കലാപരിപാടി. തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് കോൽക്കളിയും രാത്രി 7.30ന് വള്ളുവനാട് ബ്രഹ്മയുടെ രണ്ടു നക്ഷത്രങ്ങൾ എന്ന നാടകവും അവതരിപ്പിക്കും. ചൊവ്വാഴ്ച വൈകിട്ട് നാലിന് പ്രഹ്ലാദചരിതം കഥകളിയും രാത്രി 7.30ന് പ്രശസ്ത ഗായകൻ അലോഷ്യയുടെ ഗസൽ സന്ധ്യയും ഉണ്ടാകും. അക്ഷരശ്ലോകം, ഡ്രം സ്റ്റിക്, തിരുവാതിര കളി, തോൽപ്പാവക്കുത്ത് എന്നിവയാണ് ബുധനാഴ്ചത്തെ കലാപരിപാടികൾ.

വ്യാഴാഴ്ച വൈകിട്ട് 5ന് നഗരസഭ കൗൺസിലർമാരും ജീവനക്കാരും ഒരുക്കുന്ന കലാവിരുന്നും, രാത്രി 8.30ന് റിലാക്സ് മ്യൂസിക് ബാന്റിന്റെ ഗാനമേളയും ഉണ്ടാകും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കലാമണ്ഡപം ജിഷ്ണു ഹരിപ്പാട് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, വൈകിട്ട് 6 മണിക്ക് നിലമ്പൂർ സേതുമാധവന്റെ മാജിക് ഷോ, ഏഴുമണിക്ക് ഏരൂർ ശിവശക്തി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന പൂതപ്പാട്ട്, രാത്രി എട്ടരയ്ക്ക് അമർ സലീമും സംഘവും അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള എന്നിവയാണ് ഓഗസ്റ്റ് 25 വെള്ളിയാഴ്ചത്തെ പരിപാടികൾ. 26 തീയതി ശനിയാഴ്ച കലാ മത്സര വിജയികൾക്കുള്ള സമ്മാനദാനം വൈകിട്ട് നാലുമണിക്ക് ലായം കൂത്തമ്പലത്തിൽ നടക്കും. തുടർന്ന് കൊച്ചിൻസ് സ്പാർക്ക് ബീറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള നടക്കും. ഓഗസ്റ്റ് 26 ഞായറാഴ്ച പൂരാടം ദിനത്തിൽ ആദർശ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാവിരുന്ന്, നർത്തന ഇരിങ്ങാലക്കുടയുടെ കൈകൊട്ടികളി, മരട്‌ പാണ്ഡവാസിന്റെ നാടൻപാട്ട് എന്നിവയാണ് പ്രധാന കലാപരിപാടികൾ. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ചിത്രപ്പുഴ പാലത്തിന് സമീപത്തു നിന്നും അത്തപ്പാകയുടെ തൃക്കാക്കരയിലേക്കുള്ള പ്രയാണം ആരംഭിക്കും. തൃപ്പൂണിത്തറ നഗരസഭ ചെയർപേഴ്സണിൽ നിന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അത്തപതാക ഏറ്റുവാങ്ങും. വൈകിട്ട് 7 മണിക്ക് ശ്രുതി ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയോടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ പൂർണമാകും

Previous articleപിഴചുമത്താം, പിഴപ്പലിശ വേണ്ട: ബാങ്കുകൾക്ക് ആർബിഐയുടെ നിർദ്ദേശം
Next articleഇന്ത്യൻ യുവതാരങ്ങളുടെ മരണം തുടർക്കഥയാകുന്നു. ഒടുവിൽ മരണത്തിന് കീഴടങ്ങിയത് തമിഴ് ടെലിവിഷൻ താരം പവൻ