Home News Kerala News രാജനഗരിയെ ആവേശത്തിലാഴ്ത്തി അത്തച്ചമയ ഘോഷയാത്ര; സംസ്ഥാനതല ഓണാഘോഷങ്ങൾക്ക് പ്രൗഢോജ്വല തുടക്കം

രാജനഗരിയെ ആവേശത്തിലാഴ്ത്തി അത്തച്ചമയ ഘോഷയാത്ര; സംസ്ഥാനതല ഓണാഘോഷങ്ങൾക്ക് പ്രൗഢോജ്വല തുടക്കം

49

കൊച്ചി: രാജഭരണ കാലഘട്ടത്തിൽ ആരംഭിച്ച അത്തച്ചമയ ആഘോഷത്തിന് ജനാധിപത്യ ഭരണകാലത്തും തനിമയൊട്ടും ചോർന്നിട്ടില്ല എന്ന് വിളിച്ചറിയിക്കുന്നതായി ഇത്തവണത്തെ അത്തച്ചമയ ഘോഷയാത്ര. കേരളത്തിൻറെ സാംസ്കാരിക പൈതൃകവും, നവോത്ഥാന മുന്നേറ്റങ്ങളും, മതസൗഹാർദ്ദ പാരമ്പര്യവും വരച്ചിടുന്ന കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും അത്തച്ചമയഘോഷയാത്രയ്ക്ക് കൊഴുപ്പേകി. കുടുംബശ്രീ അംഗങ്ങൾ, നഗരത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, സന്നദ്ധ സംഘടന പ്രവർത്തകർ, നഗരസഭാംഗങ്ങൾ, വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർ ഘോഷയാത്രയിൽ അണിനിരന്നു. മീന ചൂടിനെയും വെല്ലുന്ന വെയിലിലും ആയിരക്കണക്കിന് ആളുകളാണ് തൃപ്പൂണിത്തറ നഗരത്തിലെ രാജപാതയുടെ ഇരുവശവും അത്തച്ചമയ ഘോഷയാത്രയെ വരവേൽക്കാൻ കാത്തുനിന്നത്. അത്തച്ചമയ ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് തൃപ്പൂണിത്തുറ ഗവർമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അത്തം നഗറിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അത്തപ്പതാക ഉയർത്തി.

തുടർന്ന് നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. പത്മശ്രീ മമ്മൂട്ടി ഘോഷയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. കെ ബാബു എംഎൽഎ ചടങ്ങിൽ അധ്യക്ഷനായിരുന്നു. എംപിമാരായ ഹൈബി ഈഡൻ, തോമസ് ചാഴിക്കാടൻ, അനൂപ് ജേക്കബ് എംഎൽഎ, ജില്ലാ കളക്ടർ എൻ എസ് ഉമേഷ്, നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ്, നഗരസഭ വൈസ് ചെയർമാൻ, കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അത്തച്ചമയ ഘോഷയാത്രയോടെ സംസ്ഥാനതല ഓണാഘോഷത്തിനും തുടക്കമായി. തൃപ്പൂണിത്തറ നഗരസഭ സംഘടിപ്പിക്കുന്ന അത്തം ആഘോഷങ്ങളുടെ ഭാഗമായി പത്ത് ദിവസത്തെ സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.

Previous articleതൃപ്പൂണിത്തറ അത്തച്ചമയം നൽകുന്ന സന്ദേശം വർത്തമാനകാല ഇന്ത്യക്ക് പ്രചോദനം; മുഖ്യമന്ത്രി പിണറായി വിജയൻ
Next articleഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പൊലീത്ത സക്കറിയ മാർ അന്തോണിയോസ് കാലം ചെയ്തു