Home Health മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്കും. സെപ്റ്റംബറോടെ പദ്ധതി യാഥാര്‍ത്ഥ്യമാകും

മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്കും. സെപ്റ്റംബറോടെ പദ്ധതി യാഥാര്‍ത്ഥ്യമാകും

67

തിരുവന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് മാതൃയാനം. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതി സെപ്റ്റംബര്‍ മാസത്തോടെ പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്കും വ്യാപിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ പ്രസവം നടക്കുന്ന മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതി യാഥാര്‍ത്ഥ്യമായി. തിരുവനന്തപുരത്തും, കണ്ണൂരും ഉടന്‍ യാഥാര്‍ത്ഥ്യമാകും. എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ മാതൃയാനം പദ്ധതിയുടെ ട്രയല്‍ റണ്‍ ആരംഭിച്ചു. 28 വാഹനങ്ങളാണ് പദ്ധതിക്കായി എസ്.എ.ടി. ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്.

പ്രതിവര്‍ഷം പതിനായിരത്തോളം പ്രസവങ്ങളാണ് എസ്.എ.ടി. ആശുപത്രിയില്‍ നടക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നായ എസ്.എ.ടി.യില്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അനേകായിരം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. തിരുവനന്തപുരത്തിന് പുറമേ മറ്റ് ജില്ലകളില്‍ നിന്നും വിദഗ്ധ പ്രസവ ചികിത്സയ്ക്കായി എസ്.എ.ടി.യില്‍ എത്തുന്നുണ്ട്. വീട്ടിലേയ്ക്കുള്ള ദീര്‍ഘദൂര യാത്രയ്ക്ക് ചിലവാകുന്ന വലിയ തുക പലര്‍ക്കും താങ്ങാനാവില്ല. എസ്.എ.ടിയിൽ മാതൃയാനം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ദൂരെ സ്ഥലങ്ങളിൽ നിന്ന് പ്രസവത്തിനായി എത്തുന്നവർക്ക് ഏറെ സഹായകരമാകും. പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

Previous articleഏഷ്യാ കപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു റിസർവ് താരം
Next article500 രൂപയെ ചൊല്ലി തർക്കം: രണ്ട് ബസ് ജീവനക്കാർക്ക് കുത്തേറ്റു