Home News National news ഓപ്പറേഷൻ ഹസ്ത. ഓപ്പറേഷൻ താമരയ്ക്ക് ബദലുമായി കോൺഗ്രസ്സ്

ഓപ്പറേഷൻ ഹസ്ത. ഓപ്പറേഷൻ താമരയ്ക്ക് ബദലുമായി കോൺഗ്രസ്സ്

58

ബെംഗളൂരു: ബിജെപിയുടെ ഓപ്പറേഷൻ ലോട്ടസിനു ബദലായി കർണാടകയിൽ ഓപ്പറേഷൻ ഹസ്തയുമായി കോൺഗ്രസ്. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന് എംഎൽഎമാരായ നേതാക്കളെ തിരികെ പാർട്ടിയിലെത്തിക്കാനാണ് ഓപ്പറേഷൻ ഹസ്തയിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഓപ്പറേഷൻ ഹസ്തയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് കരുത്തു പകർന്ന് യശ്വന്ത്‌പുരിൽ നിന്നുള്ള ബിജെപി എംഎൽഎ എസ്.ടി.സോമശേഖർ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. മണ്ഡലത്തിന്റെ വികസന കാര്യങ്ങൾ സംസാരിക്കാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്നാണ് സോമശേഖറിന്റെ വിശദീകരണം. അടുത്തിടെയായി കോൺഗ്രസ് നേതാക്കളുമായി പതിവായി കൂടിക്കാഴ്ച നടത്തുന്ന സോമശേഖർ, കർണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ തന്റെ രാഷ്ട്രീയ ഗുരുവായും വിശേഷിപ്പിച്ചിരുന്നു. ഇതിനിടെ, ജെഡിഎസ് നേതാവ് അയനൂർ മഞ്ജുനാഥ് ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങൾക്കു കാരണമായി. തന്നെ ഒട്ടേറെ നേതാക്കൾ കാണാറുണ്ടെന്നും, അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും ശിവകുമാർ പിന്നീട് പ്രതികരിച്ചു.

സോമശേഖർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ കോൺഗ്രസ് നേതൃത്വവുമായി ചർച്ചയിലാണെന്ന് അഭ്യൂഹങ്ങൾ ശക്തമാണ്. അതേസമയം, ബിജെപി എംഎൽഎമാരുമായി ചർച്ച നടത്തിയെന്നും ആരും പാർട്ടി വിടില്ലെന്നുമാണ് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം പറഞ്ഞത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാക്കി എംഎൽഎമാരിൽ ചിലർ കോൺഗ്രസിനോട് അടുക്കുന്നത്. പല ഘട്ടങ്ങളിലായി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേക്കേറിയ എംഎൽഎമാരിൽ ചിലരാണ് പഴയ തട്ടകത്തിലേക്കു മടങ്ങാൻ തയാറെടുക്കുന്നത്. 2019ൽ കോൺഗ്രസ് – ജെഡിഎസ് സഖ്യസർക്കാരിനെ വീഴ്ത്തി ബിജെപിയിലേക്കു പോയ നേതാക്കളിൽ ചിലരും തിരിച്ചുവരവിനു ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പും ബെംഗളുരു തദ്ദേശ തിരഞ്ഞെടുപ്പും അടുത്തുവരുന്ന സാഹചര്യത്തിൽ കൂടുതൽ എംഎൽഎമാരും നേതാക്കളും പാർട്ടിയിലേക്കു വരുന്നതിനോടു കോൺഗ്രസ് നേതൃത്വത്തിനും അനുകൂല നിലപാടാണ്.

Previous articleഓരോ സ്ഥാനാർഥിക്കും പ്രചാരണത്തിനായി ചെലവഴിക്കാനാക്കുക 40 ലക്ഷം; ചാണ്ടി ഉമ്മന്റെ വാഹന പര്യടനത്തിന് ഇന്ന് തുടക്കം
Next articleചന്ദ്രന് തൊട്ടരികെ; ചന്ദ്രയാൻ-3 ന്റെ ലാൻഡിങ് സമയത്തിൽ മാറ്റം