Home News Kerala News പൊതുവിപണിയേക്കാൾ വിലക്കുറവ്: സപ്ലൈകോ ഓണം വിപണനമേളകളിൽ വൻ തിരക്ക്

പൊതുവിപണിയേക്കാൾ വിലക്കുറവ്: സപ്ലൈകോ ഓണം വിപണനമേളകളിൽ വൻ തിരക്ക്

70

ഇടുക്കി: പൊതുവിപണിയേക്കാള്‍ വലിയ വിലക്കുറവിൽ അവശ്യ വസ്തുക്കൾ ലഭിക്കുന്ന ഭക്ഷ്യവകുപ്പിന്‍റെ ഓണം വിപണനമേളകളിൽ തിരക്കേറുന്നു. ഒരു കുടുംബത്തിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഭക്ഷ്യവകുപ്പിന്റെ ഓണം ഫെയര്‍ മേളയിലുണ്ട്. നിത്യോപയോഗ സാധനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് പുറമേ കോംബോ ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. രണ്ട് ലിറ്റര്‍ ശബരി വെളിച്ചണ്ണ വാങ്ങിയാല്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണയും, രണ്ട് കിലോ ആട്ട വാങ്ങിയാല്‍ ഒരു കിലോ ആട്ടയും സൗജന്യമായി ലഭിക്കും. ഇതിനൊപ്പം ഹോര്‍ലിക്സും തേയിലയും ഓട്സും എല്ലാം കുറഞ്ഞ വിലയില്‍ വിപണന മേളകളിൽ നിന്ന് വാങ്ങാം. ഇതിന് പുറമേ 13 ഇന അവശ്യസാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ വിലക്കുറവിലാണ് സപ്ലൈകോയിലെയും, ഓണം വിപണന മേളയിലെയും വില്‍പ്പന.

അരലിറ്റര്‍ വെളിച്ചണ്ണ പൊതുവിപണിയില്‍ നിന്ന് വാങ്ങാന്‍ 80 രൂപ നല്കേണ്ടിവരുമ്പോൾ ഓണം ഫെയറില്‍ 46 രൂപയ്ക്ക് വാങ്ങാം. പൊതു വിപണിയിൽ 43 രൂപയുള്ള പഞ്ചസാര നല്‍കേണ്ട സ്ഥാനത്ത് 22 രൂപയ്ക്ക് സപ്ലൈകോയില്‍ നിന്ന് ലഭിക്കും. അരക്കിലോ മുളകിന് 130 രൂപ പൊതുവിപണിയില്‍ ഈടാക്കുമ്പോൾ സപ്ലൈകോയില്‍ 37.50 രൂപ മാത്രമാണ് വില. ജില്ലാ ഫെയറുകളില്‍ സാധനങ്ങള്‍ തീരുന്നതിനുസരിച്ച്‌ എത്തിക്കുന്നതിനുള്ള സൌകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും മികച്ച പ്രതികരണമാണ് ആളുകളില്‍ നിന്ന് ലഭിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.

Previous articleചന്ദ്രന് തൊട്ടരികെ; ചന്ദ്രയാൻ-3 ന്റെ ലാൻഡിങ് സമയത്തിൽ മാറ്റം
Next articleഏഷ്യാ കപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു റിസർവ് താരം