Home Culture ഓണാഘോഷ പരിപാടികൾ ഹരിതചട്ടം പാലിച്ചെന്ന് ഉറപ്പു വരുത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം. മാലിന്യങ്ങൾ അതതു ദിവസം തന്നെ...

ഓണാഘോഷ പരിപാടികൾ ഹരിതചട്ടം പാലിച്ചെന്ന് ഉറപ്പു വരുത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം. മാലിന്യങ്ങൾ അതതു ദിവസം തന്നെ ശേഖരിക്കണമെന്നും നിർദേശമുണ്ട്

72

തിരുവന്തപുരം: മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളുടേയും, ഓഫീസുകളുടേയും, സംഘടനകളുടേയും, ക്ലബ്ബുകളുടേയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിൽ ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകി. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിച്ച് അതതു ദിവസം തന്നെ ശേഖരിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താൻ ആവശ്യമായ നിർദേശം വ്യാപാരസ്ഥാപനങ്ങൾക്കും, ഓണച്ചന്തകൾക്കും, സംഘടനകൾക്കും, ക്ലബ്ബുകൾക്കും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകണം. ജൈവമാലിന്യങ്ങൾ ഉറവിടത്തിലോ, കമ്മ്യൂണിറ്റി കമ്പോസ്റ്റ് യൂണിറ്റിലോ സംസ്‌കരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.

തരംതിരിച്ച അജൈവ മാലിന്യങ്ങൾ അതത് ദിവസം തന്നെ മിനി എം.സി.എഫ്, എം.സി.എഫ് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള സംവിധാനം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. അജൈവമാലിന്യ ശേഖരണത്തിനായി ഹരിത കർമ്മ സേനയുടെ സേവനങ്ങൾ ഇതിലേക്ക് ക്രമപ്പെടുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. വിപണികളിൽ പായ്ക്കിങ്ങിനും മറ്റുമായി നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നില്ലെന്നും പ്രകൃതിസൗഹൃദ ബദൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നെന്നും ഉറപ്പുവരുത്തണം. ശാസ്ത്രീയ മാലിന്യ സംസ്‌കരണ രീതി പാലിക്കാത്തവർ, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾക്കെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനതല വിജിലൻസ് സ്‌ക്വാഡിന്റെയും, ജില്ലാ ഇൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെയും നേതൃത്വത്തിൽ ശക്തമായ നിയമ നടപടി സ്വീകരിക്കേണ്ടതാണ്. ഓണാഘോഷ പരിപാടികളിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന കാര്യം അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും, വകുപ്പ് ജോയിന്റ് ഡയറക്ടർമാരുടേയും നേതൃത്വത്തിൽ അവലോകനം ചെയ്യും.

Previous articleമലപ്പുറം തുവ്വൂരിലേത് ദൃശ്യം മോഡൽ കൊലപാതകം. കൊല്ലപ്പെട്ടത് കാണാതായ സുജിതയെന്ന് പൊലീസ് സ്ഥിരീകരിച്ചു
Next articleസിപിഎം ഓഫിസുകളുടെ നിര്‍മാണം നിര്‍ത്തിവെക്കണം; ഹൈക്കോടതി