Home News Kerala News മലപ്പുറം തുവ്വൂരിലേത് ദൃശ്യം മോഡൽ കൊലപാതകം. കൊല്ലപ്പെട്ടത് കാണാതായ സുജിതയെന്ന് പൊലീസ് സ്ഥിരീകരിച്ചു

മലപ്പുറം തുവ്വൂരിലേത് ദൃശ്യം മോഡൽ കൊലപാതകം. കൊല്ലപ്പെട്ടത് കാണാതായ സുജിതയെന്ന് പൊലീസ് സ്ഥിരീകരിച്ചു

70

മലപ്പുറം: തുവ്വൂരിലെ യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും. കയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് സുജിതയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടിട്ട് 10 ദിവസം പിന്നിട്ടതിനാൽ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്ത വിഷ്ണുവും സഹോദരൻമാരായ വൈശാഖ്, വിവേക് എന്നിവരും ഇവരുടെ സുഹൃത്ത് ഷഹദും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് സുജിത് ദാസ് അറിയിച്ചു. വിഷ്ണുവിന്റെ പിതാവിനും കൊലപാതകത്തേക്കുറിച്ച് അറിവുണ്ടായിരുന്നു. ആഭരണങ്ങൾ കവരാനാണ് ഇവർ കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, മറ്റു കാരണങ്ങളുണ്ടോയെന്ന് വിശദമായ അന്വേഷണത്തിനു ശേഷമേ പറയാനാകൂ എന്നും എസ്പി വ്യക്തമാക്കി.

സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവടക്കം നാലുപേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. തുവ്വൂർ പഞ്ചായത്ത്‌ താൽക്കാലിക ജീവനക്കാരനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ വിഷ്‌ണു, വിഷ്‌ണുവിന്റെ സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷഹദ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 11ന് കാണാതായ ഭാര്യ സുജിത യുടെ മൃതദേഹം മൂന്ന്‌ കിലോമീറ്റർ അകലെയുള്ള സുഹൃത്ത്‌ വിഷ്‌ണുവിന്റെ വീടിന്റെ മുറ്റത്തെ മെറ്റലിട്ടുമൂടിയ കുഴിയിൽനിന്നാണ് കണ്ടെത്തിയത്‌. സുജിത വിഷ്‌ണുവിനു പണം നല്‍കിയിരുന്നു. ഇതു തിരിച്ചുചോദിച്ചതോടെയാണ് ഇവര്‍ തമ്മില്‍ തര്‍ക്കവുമുണ്ടായി. പിന്നീട് വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി സുജിതയെ ശ്വാസം മുട്ടിച്ചുകൊന്നുവെന്നാണ് വിഷ്‌ണു മൊഴിനല്‍കിയത്. സുജിതയെ കൊലപ്പെടുത്തിയ ശേഷം എട്ടു പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ വിറ്റതായാണു വിവരം.

തുവ്വൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപം റെയില്‍വേ പാളത്തിന് അടുത്താണ് വിഷ്‌ണുവിന്റെ വീട്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിരിച്ചറിയാതിരിക്കാൻ മൃതദേഹം കുഴിച്ചിട്ട കുഴിക്കു മുകളിൽ മെറ്റൽ കൂട്ടിയിട്ടിരുന്നു. മൃതദേഹം കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് പൊലീസ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ആഗസ്റ്റ് 11നാണ് കുടുംബശ്രീ പ്രവര്‍ത്തകയും കൃഷിഭവൻ താല്‍ക്കാലിക ജീവനക്കാരിയുമായ സുജിതയെ കാണാതായത്. സുജിതയുടെ ഫോണില്‍ അവസാനമായി വിളിച്ചത് പ്രതി വിഷ്‌ണുവായിരുന്നു. ഇതില്‍നിന്നാണ് അന്വേഷണം ഇയാളിലെത്തിയത്. പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരനായ വിഷ്‌ണുവും സുജിതയും തമ്മില്‍ സാമ്പത്തിക ഇടപാടും തര്‍ക്കങ്ങളും ഉണ്ടായിരുന്നു. വിഷ്‌ണുവിനെ കസ്റ്റഡിയിലെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് വിഷ്‌ണുവിന്റെ വീട്ടുവളപ്പില്‍ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്. പിടിക്കപ്പെടില്ലെന്ന ചിന്ത വിഷ്ണുവിന് ഉണ്ടായിരുന്നുവെന്നും എസ്പി പറഞ്ഞു. അയാൾ തന്നെയാണ് എല്ലായിടത്തും സുജിതയെ കാണാനില്ലെന്ന കാര്യം പ്രചരിപ്പിച്ചത്. സുജിതയെ കണ്ടെത്താനുള്ള അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യുഡിഎഫ് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്താനുള്ള തയാറെടുപ്പ് നടത്തുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ വീട്ടുമുറ്റത്തു നിന്ന് സുജിതയുടെ മൃതദേഹം കണ്ടെത്തിയത്.

Previous articleഓണ വിപണി മുന്നിൽ കണ്ട് കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നു; കോഴി ഇറച്ചിയുടെ വില കുത്തനെ ഉയർന്നു
Next articleഓണാഘോഷ പരിപാടികൾ ഹരിതചട്ടം പാലിച്ചെന്ന് ഉറപ്പു വരുത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം. മാലിന്യങ്ങൾ അതതു ദിവസം തന്നെ ശേഖരിക്കണമെന്നും നിർദേശമുണ്ട്