Home Business ചാന്ദ്രയാൻ 3: വിജയ നിമിഷത്തിൽ അഭിമാനത്തോടെ കേരളത്തിലെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ

ചാന്ദ്രയാൻ 3: വിജയ നിമിഷത്തിൽ അഭിമാനത്തോടെ കേരളത്തിലെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങൾ

96

കൊച്ചി: ചന്ദ്രയാൻ 3ന്റെ വിജയകരമായ ലാൻഡിങ്ങിനെ തുടർന്നു ഇന്ത്യ ലോകത്തിനു മുന്നിൽ ശിരസ് ഉയർത്തി പിടിച്ചു നിൽക്കുമ്പോൾ കേരളത്തിലെ മൂന്ന് പൊതു സ്ഥാപനങ്ങൾക്കും ഇത് അഭിമാനം നിമിഷമായി. ചന്ദ്രയാൻ മൂന്നിൽ ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങളുടെ നിർമ്മാണത്തിൽ ഐഎസ്ആർഒയുമായി സഹകരിച്ച പൊതുമേഖല സ്ഥാപനങ്ങളാണ് ഇവ. ചവറയിലെ കെ എം എം എൽ, കെൽട്രോൺ, എസ് ഐ എഫ് എൽ ഇനീ പൊതുമേഖലാ സ്ഥാപനങ്ങളാണ് കേരളത്തിൽ നിന്ന് ചന്ദ്രയാൻ 3 ദൗത്യത്തിൽ ഐഎസ്ആർഒയുമായി സഹകരിച്ച പൊതുമേഖല സ്ഥാപനങ്ങൾ.

ചന്ദ്രയാന്റെ ഇലക്ട്രോണിക് പാക്കേജ് മോഡ്യൂളുകൾ നിർമ്മിച്ചാണ് കെൽക്ട്രോൺ ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായത്. സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ ചവറ കെഎംഎംഎല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്‌പോഞ്ച് മെറ്റൽ ഉപയോഗിച്ച് ഉണ്ടാക്കിയ അലോയ്കളാണ് ചാന്ദ്രയാൻ ബഹിരാകാശ പേടകത്തിലെ ക്രിട്ടിക്കൽ കമ്പോണന്റ്‌സ് നിർമിക്കാൻ ഉപയോഗിച്ചത്. കെഎംഎംഎൽ, വിഎസ്‌എസ്‌സി, ഡിഫൻസ് മെറ്റലർജിക്കൽ റിസർച്ച് ലബോറട്ടറി (ഡിഎംആർഎൽ) എന്നിവയുടെ സംയുക്ത സംരംഭമായാണ് 500 ടൺ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ് സ്ഥാപിച്ചത്‌. ടൈറ്റാനിയം സ്‌പോഞ്ച് ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തെ ഏക പ്ലാന്റാണിത്‌. ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾക്കും പ്രതിരോധ മേഖലയ്ക്കും ആവശ്യമായ ടൈറ്റാനിയം സ്‌പോഞ്ച് വിതരണം ചെയ്യുക എന്നതാണ്‌ ദൗത്യം.

2006 ഡിസംബറിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനാണ്‌ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റിന്റെ ശിലാസ്ഥാപനം നടത്തിയത്‌. 2011 ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങി. ഇതോടെ, ടൈറ്റാനിയം ലോഹത്തിന്റെ അസംസ്‌കൃത വസ്തുവായ ടൈറ്റാനിയം സ്പോഞ്ച് ഉൽപ്പാദന സാങ്കേതികവിദ്യയുള്ള ലോകത്തിലെ ഏഴാമത്തെ രാജ്യമായി ഇന്ത്യ മാറി. ചാന്ദ്രയാൻ 2 ദൗത്യത്തിനും കെഎംഎംഎല്ലിൽനിന്നുള്ള ടൈറ്റാനിയം സ്‌പോഞ്ച് ഉപയോഗിച്ചിരുന്നു. സ്പോഞ്ച് ഉൽപ്പാദനത്തിന്റെ ഭാഗമായി ഉപോൽപ്പന്നമായി ഉണ്ടാകുന്ന മഗ്‌നീഷ്യം ക്ലോറൈഡിൽനിന്ന് മഗ്‌നീഷ്യം വേർതിരിച്ചെടുക്കുന്നതിന് പുതിയ മഗ്‌നീഷ്യം റീസൈക്ലിങ്ങ് പ്ലാന്റ് നിർമിക്കുകയാണ് ഇപ്പോൾ.

നഷ്ടത്തിൽ പ്രവർത്തിച്ചിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭകരമാക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ഉൽപ്പന്ന വൈവിധ്യവൽക്കരണവുമാണ് ഇന്ത്യയുടെ ഈ അഭിമാന നിമിഷത്തിൽ പങ്കാളികളാകാൻ കേരളത്തിലെ മൂന്ന് പൊതുമേഖലാ സ്ഥാപനങ്ങളെ സഹായിച്ചത്. മുൻപ് കോട്ടയം ജില്ലയിലെ വെള്ളൂരിൽ കേരള സർക്കാർ ഏറ്റെടുത്തു നൽകിയ ഭൂമിയിൽ കേന്ദ്രസർക്കാർ ആരംഭിച്ച ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഫാക്ടറി സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തിയപ്പോൾ സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുക്കാതെ ഈ സ്ഥാപനത്തെയും സംസ്ഥാന സർക്കാർ ഏറ്റെടുത്തിരുന്നു. തുടർന്ന് ഇവിടെയും ഉൽപന്ന വൈവിധ്യവൽക്കരണം നടപ്പിലാക്കിയതോടെ നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ കൂടുതൽ വിറ്റുവരവുള്ള സ്ഥാപനമാക്കി മാറ്റാൻ സർക്കാരിന് കഴിഞ്ഞിരുന്നു

Previous articleആരാകും ലോക ചെസ്സ് ചാമ്പ്യൻ എന്ന ആകാംക്ഷയിൽ ലോകം. ഇന്ത്യൻ താരം പ്രഗ്നാനന്ദ ഇന്ന് നിർണായക മത്സരത്തിനിറങ്ങും
Next articleദേശീയ ചലച്ചിത്ര പുരസ്കാരം;മികച്ച നടൻ- അല്ലു അർജുൻ, മികച്ച നടി- ആലിയ ഭട്ടും കൃതി സനോനും