Home News Kerala News തുവ്വൂർ സുജിത വധക്കേസിൽ പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. പ്രതിയായ യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ വീട്ടിലെത്തിയാണ് പോലീസ്...

തുവ്വൂർ സുജിത വധക്കേസിൽ പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. പ്രതിയായ യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ വീട്ടിലെത്തിയാണ് പോലീസ് തെളിവുകൾ ശേഖരിക്കുന്നത്

84

മലപ്പുറം: മലപ്പുറം തുവ്വൂരിൽ കൃഷിഭവൻ താൽക്കാലിക ജീവനക്കാരിയും കുടുംബശ്രീ പ്രവർത്തകയുമായ സുജിതയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ തെളിവെടുപ്പ്‌ തുടങ്ങി. കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കേസിലെ പ്രതിയായ യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി വിഷ്‌ണു ഉൾപ്പെടെയുള്ള പ്രതികളെ രണ്ടുദിവസത്തേക്ക്‌ പൊലീസ്‌ കസ്‌റ്റഡിയിൽ വിട്ടിരുന്നു. വ്യാഴാഴ്‌ച വൈകിട്ട് മഞ്ചേരി കോടതിയിൽനിന്ന്‌ കസ്‌റ്റഡിയിൽ വാങ്ങിയ പ്രതികളെ പോലീസ് കരുവാരക്കുണ്ട്‌ സ്‌റ്റേഷനിലെത്തിച്ചിരുന്നു. വെള്ളിയാഴ്‌ച രാവിലെ വീഷ്‌ണുവിന്റെ വീട്ടിലെത്തി പൊലീസ്‌ തെളിവെടുപ്പ് തുടങ്ങി.

സുജിതയെ കൊലപ്പെടുത്തിയ കേസിൽ വിഷ്‌ണുവിനെ കൂടാതെ, സഹോദരങ്ങളായ വൈശാഖ്‌, വിവേക്‌, അച്ഛൻ മുത്തു, സുഹൃത്ത്‌ മുഹമ്മദ്‌ ഷിഹാൻ എന്നിവരാണ്‌ പ്രതികൾ. വിശദ അന്വേഷണത്തിനുശേഷമേ കൂടുതൽ പേർക്ക്‌ പങ്കുണ്ടോ എന്ന്‌ വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ചോദ്യംചെയ്‌തപ്പോൾ ലഭിച്ച മറുപടികളിലെ വ്യക്തതക്കുറവും പൊരുത്തമില്ലായ്‌മയും അന്വേഷകസംഘം പരിശോധിക്കും. സുജിതയുടെ മൊബൈൽ ഫോൺ തകർത്ത്‌ വലിച്ചെറിഞ്ഞതായാണ്‌ പൊലീസ്‌ നിഗമനം. സുജിത കൊല്ലപ്പെട്ട ആഗസ്‌ത്‌ 11ന്‌ പകൽ 11.42ന്‌ ആയിരുന്നു ഫോണിൽനിന്നുള്ള അവസാനത്തെ വിളി. വൈകാതെ ഫോൺ സ്വിച്ച് ഓഫ്‌ ആയി.

വിഷ്‌ണു തന്റെ ആവശ്യങ്ങൾക്കായി പണം കണ്ടെത്താൻ സ്‌ത്രീകളിൽനിന്ന്‌ സ്വർണം വാങ്ങി പണയംവയ്‌ക്കുകയോ വിൽക്കുകയോ ചെയ്തിരുന്നതായി പോലീസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒരാളിൽനിന്ന്‌ വാങ്ങിയ സ്വർണം തിരികെ നൽകാൻ മറ്റൊരാളിൽ നിന്ന്‌ സ്വർണം വാങ്ങി പണയം വെയ്ക്കുന്ന രീതിയായിരുന്നു ഇയാളുടേതെന്നും കണ്ടെത്തി. ഇങ്ങനെ നിരവധി പേരിൽനിന്ന്‌ സ്വർണവും പണവും വിഷ്ണു വാങ്ങിയിട്ടുണ്ട്‌. തിരിച്ചുകൊടുക്കാനാകാതെ വന്നതോടെ രണ്ടുമാസമായി തുവ്വൂർ പഞ്ചായത്ത്‌ ഓഫീസിലെ തൊഴിലുറപ്പ് പദ്ധതിയിലെ താൽക്കാലിക ജോലിയിൽനിന്ന്‌ ഇയാൾ വിട്ടുനിൽക്കുകയായിരുന്നു. കേസിലെ പ്രതികൾ മയക്കുമരുന്ന്‌ ഉപയോഗിക്കാറുണ്ടെന്ന വിവരവും പൊലീസിന്‌ ലഭിച്ചിട്ടുണ്ട്‌.

കുടുംബശ്രീ കാർഷിക റിസോഴ്‌സ്‌പേഴ്‌സൺ എന്ന നിലയിൽ കൃഷിഭവൻ കേന്ദ്രീകരിച്ചായിരുന്നു സുജിതയുടെ പ്രവർത്തനം. കൃഷിവകുപ്പിന്റെ കേരള കർഷകൻ മാസികയുടെ ഏജൻസിയുമുണ്ട്‌. ഉച്ചവരെ കൃഷിഭവനിലും കുടുംബശ്രീയിലുമായി ഉണ്ടാകുന്ന സുജിത പലപ്പോഴും വാർഡുകളിൽ ഫീൽഡ്‌ വർക്കിൽ ആയിരിക്കും. ആഗസ്‌ത്‌ 11ന്‌ പകൽ 11നുശേഷം കാണാതായ സുജിതയുടെ മൃതദേഹം 21ന്‌ രാത്രിയാണ്‌ വിഷ്‌ണുവിന്റെ വീട്ടുമുറ്റത്ത്‌ കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്‌. കരുവാരക്കുണ്ട്‌ ഇൻസ്‌പെക്ടർ സി കെ നാസറിന്റെ നേതൃത്വത്തിലുള്ള 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം സന്തോഷ്‌കുമാറിനാണ്‌ മേൽനോട്ടച്ചുമതല. ജില്ലാ പൊലീസ്‌ മേധാവി എസ്‌ സുജിത്‌ദാസ്‌ അന്വേഷണ പുരോഗതി ദൈനംദിനം വിലയിരുത്തും. അന്വേഷക സംഘം വ്യാഴാഴ്‌ച വൈകിട്ട്‌ കരുവാരക്കുണ്ട്‌ സ്‌റ്റേഷനിൽ യോഗം ചേർന്ന് ഇതുവരെയുള്ള അന്വേഷണ പുരോഗതി വിലയിരുത്തി.

Previous articleപൂക്കൾ ഇല്ലാതെയും പൂക്കളമൊരുക്കാം. വ്യത്യസ്തമായി ഈ കണ്ണൂർ മാതൃക
Next articleഇടിക്കൂട്ടിലെ രാജാവ് ഇനി ഓർമ്മ. റസ്‍ലിങ് താരം ബ്രേ വയറ്റ് അന്തരിച്ചു. താരത്തിന്റെ മരണം ഹൃദയാഘാതം മൂലം