Home News Kerala News പുതുപ്പള്ളിയിൽ വിജയ പ്രതീക്ഷയിൽ ഇടതുപക്ഷം. ജെയ്ക് സി തോമസിന്റെ ജനകീയത വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് അവസാന...

പുതുപ്പള്ളിയിൽ വിജയ പ്രതീക്ഷയിൽ ഇടതുപക്ഷം. ജെയ്ക് സി തോമസിന്റെ ജനകീയത വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് അവസാന നിമിഷം നേതാക്കളും പ്രവർത്തകരും.

136

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം പ്രതീക്ഷിച്ച് എൽ ഡി എഫ്. കഴിഞ്ഞ രണ്ട് തവണയും സാക്ഷാൽ ഉമ്മൻചാണ്ടിയെ നേരിട്ട് ഭൂരിപക്ഷം ഗണ്യമായി കുറച്ച ജെയ്ക്കിനെ തന്നെ ഇടതുപക്ഷം വീണ്ടും അങ്കത്തിനിറക്കിയത് വിജയത്തിൽ കുറഞ്ഞ് മറ്റൊന്നും പ്രതീക്ഷിച്ചല്ല. അതുകൊണ്ട് തന്നെ ഇടത് പക്ഷം അവസാന നിമിഷവും വലിയ ആത്മവിശ്വാസത്തിലാണ്. രാഷ്ട്രീയമായി കോൺഗ്രസിന് ലഭിക്കുന്ന വോട്ടിനേക്കാളേറെ ഉമ്മൻചാണ്ടി എന്ന ജന സമ്മതനായ നേതാവിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് പുതുപ്പള്ളിയിലെ തുടർച്ചയായ യു ഡി എഫ് വിജയം എന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഉമ്മൻചാണ്ടിയുടെ അഭാവത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ചരിത്രം വഴിമാറുമെന്ന് ഇടതുപക്ഷം ഉറപ്പിക്കുന്നു.

യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനെക്കാളേറെ ഇടത് സ്ഥാനാർത്ഥി ജയ്ക് സി തോമസ് മണ്ഡലത്തിൽ സുപരിചിതനാണെന്നതും, രണ്ട് തവണ മത്സരിച്ചു തോൽവിയേറ്റു വാങ്ങേണ്ടി വന്ന യുവ നേതാവെന്ന സഹതാപവും ജയ്ക്കിന് അനൂകൂല ഘടകങ്ങളാകുമെന്നാണ് എൽ ഡി എഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ. ചെറുപ്പം മുതൽ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായ ജെയ്ക് ജനങ്ങൾക്കിടയിൽ തന്റെ സ്വാധീനം അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ ചർച്ചകളിലും ,കവല പ്രസംഗങ്ങളിലുമെല്ലാം സ്ഥിര സാനിധ്യമായ ജെയ്ക് കേരളത്തിന് സുപരിചിതനാണ്. കൃത്യമായി കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പറഞ്ഞും ,സ്വതസിദ്ധമായ തന്റെ വ്യക്തിത്വം കൊണ്ടുമെല്ലാം ജനങ്ങളെ തന്നിലേക്ക് അടുപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട് എന്നതും ഇടതുപക്ഷം അനുകൂല ഘടകങ്ങളായി കാണുന്നു. ഉമ്മൻചാണ്ടിയുടെ മകൻ എന്ന രാഷ്ട്രീയ പാരമ്പര്യത്തിനുമപ്പുറം ചാണ്ടി ഉമ്മനെ ജനങ്ങൾക്കറിയില്ല എന്നതാണ് പുതുപ്പള്ളിയിൽ യു ഡി എഫ് നേരിടുന്ന വെല്ലുവിളികളിലൊന്ന്. പുതുപ്പള്ളിയുടെ വികസന പിന്നോക്കാവസ്ഥ ഉയർത്തി എൽ ഡി എഫ് നടത്തിയ സംവാദത്തിൽ നിന്ന് സ്ഥാനാർത്ഥിയും യു ഡി എഫ് നേതാക്കളും ഒളിച്ചോടിയതും, മണ്ഡലത്തിലെ വഴികൾ പോലുമറിയാത്ത ആളാണ് സ്ഥാനാർഥി എന്നത് ചാനൽ ഷോയുടെ ലൈവ് സംപ്രേക്ഷണത്തിനിടക്ക് തന്നെ കേരളം കണ്ടതുമെല്ലാം യു ഡി എഫിനെതിരായി ചിന്തിക്കാൻ ഒരുപറ്റം വോട്ടറേയെങ്കിലും പ്രേരിപ്പിക്കും.

എന്നാൽ നാടിനെ ഭീതിയിലാഴ്ത്തിയ വെള്ളപ്പൊക്കത്തിലും, പേമാരിയിലും, കോവിഡ് ഭീകരതയുടെ കാലത്തുമെല്ലാം ജനങ്ങൾക്ക് സഹായ ഹസ്തവുമായി ജയ്ക് ഉണ്ടായിരുന്നു. അതോടൊപ്പം മണ്ഡലത്തിലെ മുക്കിലും മൂലയിലും വരെ ജയ്ക് ഓടി എത്താറുണ്ടായിരുന്നുവെന്നും ഇടതുപക്ഷം നന്നായി ഉയർത്തിക്കാട്ടി. ഈ സാഹചര്യത്തിലാണ് ജനങ്ങളോടൊത്തു പ്രവർത്തിക്കുന്ന ജെയ്ക്ക് ജനകീയനാകുന്നത്. ആദ്യ തവണ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് പിന്നിലായ ജയ്ക് തന്റെ രണ്ടാമങ്കത്തിൽ പതിനായിരത്തിൽ താഴെ വോട്ടുകൾക്ക് ഉമ്മൻചാണ്ടിയെ തളച്ചത് ജനങ്ങൾ ജെയ്ക്കിൽ പ്രതീക്ഷ വെയ്ക്കുന്നുവെന്നതിന്റെ തെളിവാണെന്നന്നും അത് ഇത്തവണ ഇടതുപക്ഷത്തിന്റെ വിജയത്തിന് കാരണമാകുമെന്നും നേതൃത്വം വിലയിരുത്തുന്നു. അതോടൊപ്പം മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ആറ് പഞ്ചായത്തുകളുടെ ഭരണ സാരഥ്യം എൽ ഡി എഫിനാണെന്നതും ഇടതുപക്ഷത്തിന്റെ വിജയ പ്രതീക്ഷ ഉയർത്തുന്ന ഘടകമാണ്.

Previous articleഇടുക്കി രാജാക്കാട് പൊന്മുടി കുളത്രക്കുഴിക്ക് സമീപം വാഹനാപകടം. നിയന്ത്രണം നഷ്ട്ടപെട്ട ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു.
Next articleപെൺ സുഹൃത്തിന് മാതാപിതാക്കളോടൊപ്പം പോകണമെന്ന് ആഗ്രഹം. ഹെെക്കോടതിയിൽ കെെഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം