Home Business പ്രതിദിന വരുമാനത്തിൽ സർവകാല റെക്കോഡുമായി കെഎസ്‌ആർടിസി. തിങ്കളാഴ്ചത്തെ വരുമാനം 8.79 കോടി രൂപ

പ്രതിദിന വരുമാനത്തിൽ സർവകാല റെക്കോഡുമായി കെഎസ്‌ആർടിസി. തിങ്കളാഴ്ചത്തെ വരുമാനം 8.79 കോടി രൂപ

77

തിരുവനന്തപുരം: ഓണാവധിക്കുശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ തിങ്കളാഴ്ച പ്രതിദിന വരുമാനത്തിൽ സർവകാല റെക്കോഡ് സൃഷ്ടിച്ച് കെഎസ്‌ആർടിസി. 8.79 കോടി രൂപയായിരുന്നു തിങ്കളാഴ്ചത്തെ കളക്ഷൻ. കഴിഞ്ഞ ജനുവരി 16ന് ശബരിമല സീസണിൽ ലഭിച്ച 8.48 കോടിയെന്ന റെക്കോഡാണ്‌ മറികടന്നത്‌. ഓണക്കാലത്ത് ആ​ഗസ്‌ത്‌ 26 മുതൽ സെപ്‌തംബർ നാലുവരെയുള്ള 10 ദിവസത്തെ ആകെ വരുമാനം 70.97 കോടിയും കെ എസ് ആർ ടി സി നേടി. ഇതിൽ അഞ്ചുദിവസം പ്രതി ദിനം ഏഴുകോടി രൂപയ്ക്ക് മേൽ കളക്ഷൻ ലഭിച്ചിരുന്നു. ഓണക്കാലത്ത്‌ അധികമായി 50 സർവീസുകളാണ് ബംഗളൂരുവിലേക്ക്‌ മാത്രം കെ എസ് ആർ ടി സി നടത്തിയത്.

കൂടുതൽ ബസുകൾ എത്തും

കെഎസ്‌ആർടിസിക്ക്‌ പുതുതായി 150 ബസ്‌കൂടി എത്തും. പ്ലാൻ ഫണ്ടിൽനിന്നുള്ള 75 കോടി രൂപ ഉപയോഗിച്ചാണ്‌ ബസുകൾ വാങ്ങുക. ഇതിൽ 131 ബസുകൾ അശോക്‌ ലൈലാൻഡിൽനിന്ന്‌ വാങ്ങും. സൂപ്പർ ഫാസ്‌റ്റുകളായാണ്‌ ഇവ സർവീസ്‌ നടത്തുക. ഇതിനുപുറമെ സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ്‌ എസി ബസുകളും വാങ്ങും. ഇതിന്‌ 25 കോടി രൂപയാണ്‌ നീക്കിവച്ചത്‌. 20 ബസ്‌ എങ്കിലും വാങ്ങാൻ കഴിയുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ. ഇത്‌ ടെൻഡർ നടപടിയിലേക്ക് കടക്കും. അതേസമയം, പുതിയ ബസുകൾ സ്വിഫ്‌റ്റിന്‌ നൽകണോ കെഎസ്‌ആർടിസിക്കാണോ എന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല.

നിലവിൽ രണ്ട്‌ സീറ്റർ കം സ്ലീപ്പർ ഹൈബ്രിഡ്‌ ബസുകൾ സ്വിഫ്‌റ്റിനായി സർവീസ്‌ നടത്തുന്നുണ്ട്‌. ഇവയിൽ ഒന്ന്‌ എസിയും മറ്റൊന്ന്‌ നോൺ എസിയുമാണ്‌. ബംഗളൂരുവിലേക്ക്‌ സർവീസ്‌ നടത്തുന്ന രണ്ടു ബസിന്‌ വലിയ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. സ്വിഫ്‌റ്റ്‌ ജീവനക്കാരുടെ സാമ്പത്തിക സഹായത്തോടെയാണ്‌ വാങ്ങിയത്‌. ലാഭത്തിൽ ഒരു വിഹിതം ജീവനക്കാർക്ക്‌ നൽകും.

ഏപ്രിലിൽ 131 സൂപ്പർ ഫാസ്റ്റ്‌ ബസുകൾ കെഎസ്‌ആർടിസി സ്വിഫ്‌റ്റിനായി വാങ്ങിയിരുന്നു. ദീർഘദൂര സർവീസുകൾക്കായാണ്‌ ഇത്‌ ഉപയോഗിക്കുന്നത്‌. അതിനിടെ 10 വർഷം കഴിഞ്ഞ അന്തർസംസ്ഥാന സർവീസ്‌ നടത്തുന്ന 10 വോൾവോ ബസുകൾ രണ്ടു വർഷംകൂടി സൂപ്പർ ക്ലാസാക്കി സർവീസ്‌ നടത്താനും 10 വർഷം കഴിഞ്ഞ ഫാസ്റ്റ്‌ പാസഞ്ചർ ബസുകൾക്ക്‌ രണ്ടുവർഷം നീട്ടിനൽകണമെന്നും കെഎസ്‌ആർടിസി അധികൃതർ സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതുസംബന്ധിച്ച്‌ തീരുമാനമെടുത്തിട്ടില്ല.

Previous articleസിറ്റി ഗ്യാസ്‌: തിരുവനന്തപുരത്തും ആലപ്പുഴയിലും യൂണിറ്റിന്‌ 5 രൂപ കുറച്ചു
Next articleചാണ്ടി ഉമ്മൻ ജയിച്ചാൽ അത് ബിജെപി വോട്ട് മറിച്ചിട്ടായിരിക്കും; എംവി ഗോവിന്ദൻ