Home News Kerala News വാഹനാപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം; മന്ത്രി ആന്റണി രാജു

വാഹനാപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം; മന്ത്രി ആന്റണി രാജു

53

കൊച്ചി: വാഹനാപകടങ്ങൾ പരമാവധി കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ സംസ്ഥാനത്ത് വാഹനാപകടമരണങ്ങളിൽ കാര്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. റോഡ് സുരക്ഷാ വർഷാചരണത്തിന്റെയും ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച വടംവലി മത്സരത്തിന്റെ സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പ്രതിദിനം 12 പേരായിരുന്നു വാഹനാപകടങ്ങളിൽ മരിച്ചിരുന്നത് എങ്കിൽ ഇപ്പോഴത് അഞ്ചുവരെയായി കുറഞ്ഞു. എ.ഐ ക്യാമറ ഉൾപ്പടെ സ്ഥാപിച്ച് റോഡ് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതിന്റെ ഫലം കൂടിയാണിത്. സംസ്ഥാനത്ത് നടക്കുന്ന ഇരുചക്ര വാഹന അപകടങ്ങളിൽ പെടുന്നതും മരണങ്ങൾ സംഭവിക്കുന്നതും അധികവും ചെറുപ്പക്കാർക്കാണ്. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വ്യാപകമായ ബോധവൽക്കരണ പരിപാടികൾ നടത്താൻ സർക്കാർ തീരുമാനിച്ചത്. അതിന്റെ ഭാഗമായി വടംവലി മത്സര സംഘടിപ്പിച്ചതിന് പിന്നിൽ ഒരു പ്രത്യേക ഉദ്ദേശം കൂടി ഉണ്ട്. റോഡുകളിലെ വടംവലി ഒഴിവാക്കുക എന്നതാണ് ഇതുകൊണ്ട് നൽകുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് പ്രതിവർഷം ഏകദേശം 4000 പേരാണ് വാഹനാപകടങ്ങളിൽ മരണപ്പെടുന്നത്. ഇത് നാലിലൊന്നായി കുറക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. വാഹനാപകടങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ നാലാം സ്ഥാനമാണ് കേരളത്തിന് ഇപ്പോൾ ഉള്ളത്. ഈ സ്ഥാനം ഏറ്റവും പിന്നിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്. സർക്കാരും ഉദ്യോഗസ്ഥരും മാത്രം വിചാരിച്ചാൽ ഇത് ലക്ഷ്യപ്രാപ്തിയിൽ എത്തുകയില്ല. പൊതുജനങ്ങളുടെ കാര്യമായ സഹായവും സഹകരണവും ആവശ്യമാണ്. ഓരോരുത്തരും തങ്ങളുടെ കൂടി ഉത്തരവാദിത്തമാണ് റോഡ് സുരക്ഷ എന്ന നിലയിൽ വേണം പ്രവർത്തിക്കാൻ. ജനങ്ങളിൽ നിന്ന് പണം പിരിച്ചെടുക്കുകയല്ല റോഡ് സുരക്ഷാ നിയമങ്ങൾ ശക്തമാക്കുന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. നിരത്തുകളിലെ അപകടങ്ങൾ പരമാവധി കുറക്കുകയാണ് ലക്ഷ്യമെന്നും ആന്റണി രാജു വ്യക്തമാക്കി.

Previous articleദുരന്ത ഭൂമിയായി മൊറോക്കോ;മരണസംഖ്യ 1000 കടന്നു
Next articleഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ യെല്ലോ അലർട്ട്