Home News Kerala News വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കം; യുവതിയെ പൊലീസുകാരൻ മർദിച്ചതായി പരാതി

വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലി തർക്കം; യുവതിയെ പൊലീസുകാരൻ മർദിച്ചതായി പരാതി

94

കോഴിക്കോട്: യുവതിയെയും കുടുംബത്തെയും പൊലീസുകാരൻ മർദിച്ചതായി പരാതി. നടക്കാവ് എസ്ഐയ്ക്കും സംഘത്തിനും എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. എടക്കര ചീക്കിലോട് വാഹനം സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം. യുവതിയും കുടുംബവും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.കോഴിക്കോട് അത്തോളി സ്വദേശിനിയും മനശാസ്ത്രജ്ഞയുമായ അഫ്ന അബ്ദുൾ നാഫി(30)നാണ് മർദനമേറ്റത്. ഒരു കുടുംബ പരിപാടിയിൽ പങ്കെടുത്ത ശേഷം മുക്കത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇതിനിടയിലായിരുന്നു മർദനം. യുവതിയുടെ അടിനാഭിയിൽ തൊഴിച്ചെന്നാണ് ആരോപണം.

യുവതിയുടെ ഭർത്താവിനും മർദനമേറ്റു. പൊലീസുകാരൻ മദ്യപിച്ചിരുന്നതായാണ് യുവതിയുടെ ആരോപണം. എസ്ഐയും സംഘവും അസഭ്യം പറഞ്ഞതായും യുവതി പറഞ്ഞു. സംഭവത്തിൽ കാക്കൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും പൊലീസുകാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഉടൻ നടപടിയെടുക്കുമെന്നും ഡിസിപി അറിയിച്ചു. വിഷയം പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണ വ്യക്തമാക്കി.

Previous articleഒരു ചുവട് കൂടി; ആദിത്യ എൽ 1ന്റെ മൂന്നാം ​ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരം
Next articleകരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എ സി മൊയ്തീൻ നാളെ ഇഡിക്ക് മുന്നിൽ ഹാജരാകും