Home News Kerala News നിപബാധ: ജാ​ഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 16 ടീമുകൾ

നിപബാധ: ജാ​ഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 16 ടീമുകൾ

124

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപബാധ സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കർശന പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ 16 ടീമുകൾ രൂപീകരിച്ച് 16 പേർക്ക് ചുമതലകൾ നൽകിയെന്നും കൺട്രോൾ റൂം തുറക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. നിലവിൽ സമ്പർക്ക പട്ടികയിൽ 75 പേരാണ് ഉള്ളതെന്നും കൃത്യമായ മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും കോഴിക്കോട് നടന്ന ഉന്നതതല യോ​ഗത്തിനുശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡ് ആരംഭിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മറ്റ് ആശുപത്രികളിലും ഐസൊലേഷൻ സംവിധാനം ഏർപ്പെടുത്തും. ​ഗുരുതരമായവരെയും ഐസിയു സംവിധാനം വേണ്ടിവരുന്നവരെയും മെഡിക്കൽ കോളേജിലും സമ്പർക്കത്തിൽ വന്നവരെ മറ്റ് ആശുപത്രികളിലെ വാർഡുകളിലും പ്രവേശിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുജനങ്ങളും ആരോ​ഗ്യപ്രവർത്തകരും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കണം. ജനങ്ങൾ മാസ്ക് ഉപയോ​ഗിക്കാൻ ശ്രദ്ധിക്കണമെന്നും, അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടർ, ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, എസിപി എന്നിവരുടെ യോ​ഗമാണ് ചേർന്നത്. വൈകിട്ട് മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളുടെയും യോ​ഗം ചേരും. സംസ്ഥാന സർക്കാർ പ്രോട്ടോക്കോൾ നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം പൂനെയിൽ നിന്ന് വന്നെങ്കിൽ മാത്രമേ പകർച്ചപ്പനി നിപ തന്നെയാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് മന്ത്രി പറഞ്ഞു. നിലവിൽ ലക്ഷണങ്ങളോടെ നാല് പേരാണ് ചികിൽസയിലുള്ളത്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണ്.

Previous articleമറ്റൊരു കേസില്‍ തിരക്കിലാണെന്ന് സിബിഐ. ലാവ്‌ലിന്‍ കേസ് 35ാം തവണയും മാറ്റി.
Next articleതിരുവല്ലയിൽ നിന്ന് കാണാതായ യുവതിയെയും കുഞ്ഞിനേയും കണ്ടെത്തി. ചെങ്ങന്നൂർ സ്വദേശിയായ യുവാവിനൊപ്പമാണ് ഇരുവരെയും കണ്ടെത്തിയത്