Home Health നിപ്പാ: കോഴിക്കോട്ട് കർശന നിയന്ത്രണം, കണ്ടെയ്ൻമെന്റ് സോണുകൾ അടച്ചു. മാസ്കും സാനിറ്റൈസറും നിർബന്ധം

നിപ്പാ: കോഴിക്കോട്ട് കർശന നിയന്ത്രണം, കണ്ടെയ്ൻമെന്റ് സോണുകൾ അടച്ചു. മാസ്കും സാനിറ്റൈസറും നിർബന്ധം

84

കോഴിക്കോട്: കോഴിക്കോട് പനി ബാധിച്ചു മരിച്ച രണ്ടും പേർക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ആരോഗ്യ വകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രോഗ വ്യാപനം തടയുന്നതിനായി രോഗം സ്ഥിരീകരിച്ച പഞ്ചായത്തുകളിലും സമീപ പഞ്ചായത്തുകളിലും വിവിധ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാർഡുകളും, ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 1,2,3,4,5,12,13,14,15 വാർഡുകളും, തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ 1,2,20 വാർഡുകളും, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാർഡുകളുമാണ് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9 വാർഡുകൾ, വില്യപ്പളളി പഞ്ചായത്തിലെ 6,7 വാർഡ് വാർഡുകൾ, കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്.

കണ്ടെയ്ൻമെന്റ് സോൺ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല. ഈ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും, മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമെ തുറക്കാവൂ. കടകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകിട്ട് 5 വരെയായി നിജപ്പെടുത്തിയിട്ടുണ്ട്. മരുന്നുഷോപ്പുകൾക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനവും വില്ലേജ് ഓഫിസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. സർക്കാർ -അർധ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല- സ്വകാര്യ ബാങ്കുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള മറ്റെല്ലാ സ്ഥാപനങ്ങളും ഇനിയൊരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടില്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിൽ പറയുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങൾ എത്തുന്നത് ഒഴിവാക്കണം. പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കണം. വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കണം. ദേശീയപാത, സംസ്ഥാന പാത വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും നിയന്ത്രണമുള്ള വാർഡുകളിൽ ഒരിടത്തും നിർത്താൻ പാടില്ലെന്നും നിർദേശമുണ്ട്.

Previous articleമുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്നായിരുന്നു മരണം
Next articleസോളാർ കേസ്: പരാതിക്കാരിയുടെ കത്ത് പുറത്തുവരാൻ യു ഡി എഫ് മന്ത്രിമാർ ആഗ്രഹിച്ചുവെന്ന് വിവാദ ദല്ലാൾ നന്ദകുമാർ