Home News Kerala News യുവതിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ബന്ധുക്കൾക്ക്. കൊച്ചിയിൽ നാലംഗ കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത

യുവതിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ബന്ധുക്കൾക്ക്. കൊച്ചിയിൽ നാലംഗ കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത

196

കൊച്ചി: എറണാകുളം വാരാപ്പുഴയിൽ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. കടമക്കുടി മാടശ്ശേരി നിജോ (39), ഭാര്യ ശിൽപ (29), മക്കളായ എയ്ബൽ (8), ആരോൺ (6) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിനകത്തു മരിച്ചനിലയിൽ കണ്ടെത്തിയത്. മരിച്ച ശിൽപയെ ഓ‍ണ്‍ലൈൻ ലോൺ ആപ്പുകാർ കെണിയിൽപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ നൽകുന്ന സൂചന. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നിജോയുടെ മാതാവ് പൊലീസിൽ പരാതി നൽകി. കുടുംബത്തിന്റെ മരണശേഷം ബന്ധുക്കളുടെ ഫോണിലേക്കു വന്ന സന്ദേശമാണ് സംശയത്തിന് കാരണമായത്. ലോൺ തിരച്ചടവ് മുടങ്ങിയെന്നും എത്രയും പെട്ടെന്ന് തിരച്ചടയ്ക്കണമെന്നും ഭീഷണിപ്പെടുത്തിയുള്ള സന്ദേശങ്ങളായിരുന്നു ഇവ. ശില്‍പയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളും ഈ സന്ദേശത്തോടൊപ്പമുണ്ടായിരുന്നു. ലോണ്‍ തിരിച്ചടച്ചില്ലെങ്കില്‍ ചിത്രം പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ടായിരുന്നു.

ഒരു യുവതിയുടെ ശബ്ദമാണ് സന്ദേശത്തിലുള്ളത്. ഹിന്ദിയിലാണ് സന്ദേശമെങ്കിലും ഹിന്ദി അറിയാവുന്ന ആളെപ്പോലെയല്ല ഈ യുവതി സംസാരിച്ചിരിക്കുന്നതെന്നും പറയുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. യുവതി ഇത്തരത്തിൽ പണമിടപാട് നടത്തിയതായോ ഭീഷണിയുള്ളതായോ ബന്ധുക്കൾക്ക് അറിവില്ല. എന്നാൽ സാമ്പത്തിക ബാധ്യതയാണു മരണകാരണമെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. ഇന്നലെയാണ് കടമക്കുടിയിലെ വീട്ടിൽ ദമ്പതികളെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമാണ തൊഴിലാളിയും ഡിസൈനറുമായ നിജോയെ അന്വേഷിച്ചു വീട്ടിൽ എത്തിയ സഹപ്രവർത്തകർ വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഇതേ തുടർന്ന് ഇവർ താഴത്തെ നിലയിൽ താമസിക്കുന്ന അമ്മയെയും സഹോദരനെയും വിവരം അറിയിച്ചു. ഇവരും മുകളിലത്തെ നിലയിൽ എത്തി വാതിലിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ നാട്ടുകാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് നാലുപേരും മരിച്ച കാര്യം അറിയുന്നത്. കുഞ്ഞുങ്ങൾ കട്ടിലിൽ അനക്കമറ്റ നിലയിലും നിജോയും ശിൽപയും തൂങ്ങി മരിച്ച നിലയിലുമായിരുന്നു. വിദേശത്തേക്കു പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശിൽപ ഇറ്റലിയിലേക്കു പോകാനുള്ള ഒരുക്കത്തിലായിരുന്നു.

Previous articleസോളാർ കേസ്: പരാതിക്കാരിയുടെ കത്ത് പുറത്തുവരാൻ യു ഡി എഫ് മന്ത്രിമാർ ആഗ്രഹിച്ചുവെന്ന് വിവാദ ദല്ലാൾ നന്ദകുമാർ
Next articleസ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ; ഉണ്ണിമുകുന്ദന് എതിരായ നടപടികൾ റദ്ദാക്കി ഹൈക്കോടതി