Home News Kerala News മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്നായിരുന്നു മരണം

മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടർന്നായിരുന്നു മരണം

67

കൊച്ചി: ബിജെപി മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന പി.പി.മുകുന്ദന് 78 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം. ആർഎസ്എസിലും ബിജെപിയിലും നേതൃപരമായ ചുമതലകൾ വഹിച്ചിരുന്ന അദ്ദേഹം ഇടക്ക് സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് വിട്ട് നിന്നിരുന്നു. 2006 നു ശേഷം ബിജെപിയിൽ നിന്ന് അകന്ന മുകുന്ദൻ, 2022 ലാണ് പിന്നീട് പാർട്ടിയിൽ തിരികെയെത്തിയത്. രാഷ്ട്രീയ എതിരാളികളടക്കമുള്ളവരുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന മുകുന്ദന് കെ.കരുണാകരൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവരുമായി സൗഹൃദമുണ്ടായിരുന്നു.

കണ്ണൂർ കൊട്ടിയൂർ കൊളങ്ങരയത്ത് തറവാട്ടിൽ കൃഷ്ണൻ നായരുടെയും കല്യാണിയമ്മയുടെയും രണ്ടാമത്തെ മകനായി 1946 ഡിസംബർ 9 നാണ് പി.പി.മുകുന്ദന്റെ ജനനം. മണത്തല യുപി സ്കൂൾ, പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്കൂൾ പഠനകാലത്ത് രാഷ്ട്രീയ ആർ എസ് എസ്സിൽ ആകൃഷ്ടനായ അദ്ദേഹം മണത്തലയിൽ ആർഎസ്എസ് ശാഖ ആരംഭിച്ചപ്പോൾ സ്വയംസേവകനായി. 1965 ൽ കണ്ണൂർ ജില്ലയിൽ പ്രചാരകനായും തുടർന്ന് ചെങ്ങന്നൂർ താലൂക്ക് പ്രചാരകനായും, തൃശൂർ ജില്ലാ പ്രചാരകനായും പ്രവർത്തിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് ജില്ലാ പ്രചാരകനായിരുന്ന മുകുന്ദന്‍ അറസ്റ്റിലായി. 21 മാസം വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞു. അടിയന്തരാവസ്ഥ പിന്‍വലിച്ച് രണ്ടു മാസത്തിനുശേഷം ജയിൽ മോചിതനായ മുകുന്ദൻ കോഴിക്കോടും തിരുവനന്തപുരത്തും വിഭാഗ് പ്രചാരകനായും പ്രാന്തീയ സമ്പർക്ക പ്രമുഖായും കാൽനൂറ്റാണ്ടു കാലം പ്രവർത്തിച്ചു. തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനിയിൽ നടത്തിയ ഹിന്ദുസംഗമത്തോടു കൂടിയാണ് പി.പി.മുകുന്ദൻ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. 1991ൽ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായി. 2004 വരെ ആ സ്ഥാനത്ത് തുടർന്നു. മുകുന്ദന്റെ നേതൃത്വത്തിലാണ് 1991 ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസും മുസ്‌ലിം ലീഗുമായി ബിജെപി ധാരണയുണ്ടാക്കിയത്. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് കോലീബി സഖ്യമുണ്ടാക്കിയതെന്ന് അദ്ദേഹം പിന്നീട തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. അവിവാഹിതനാണ്. പി.പി.ചന്ദ്രൻ, പി.പി.ഗണേശൻ, പരേതനായ കുഞ്ഞിരാമൻ എന്നിവർ സഹോദരങ്ങളാണ്. പിപി മുകുന്ദന്റെ മൃതദേഹം 10.30 ഓടെ ആര്‍എസ് എസ്. എറണാകുളം കാര്യാലയത്തില്‍ പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് 2 മണിയോടെ സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. സംസ്‌ക്കാര ചടങ്ങുകൾ നാളെ വൈകീട്ടോടെയാകും നടക്കുക.

Previous articleതിരുവനന്തപുരത്തും നിപ സംശയം; വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍
Next articleനിപ്പാ: കോഴിക്കോട്ട് കർശന നിയന്ത്രണം, കണ്ടെയ്ൻമെന്റ് സോണുകൾ അടച്ചു. മാസ്കും സാനിറ്റൈസറും നിർബന്ധം