Home News Kerala News അതീവ ജാഗ്രതയിൽ കോഴിക്കോട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി

അതീവ ജാഗ്രതയിൽ കോഴിക്കോട്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി

56

കോഴിക്കോട്: നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. വ്യാഴം, വെളളി ദിവസങ്ങളിലാണ് അവധി നൽകിയിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താം.കണ്ടെയ്ൻമെന്റ് സോണിലുൾപ്പെട്ട കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുളള കോളേജുകളിലെ പരീക്ഷകൾ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.

കണ്ടെയിൻമെൻ്റ് മേഖലയിലെ താമസക്കാരായ വിദ്യാർഥികൾ ആരോഗ്യ വകുപ്പ് നൽകുന്ന രേഖകൾ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചിരുന്നു. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട മുഴുവന്‍ സ്‌കൂളുകളിലേയും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് അറ്റന്‍ഡ് ചെയ്യാവുന്ന തരത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസിന് നിര്‍ദേശം നൽകിയിട്ടുണ്ട്. സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവരുടെ പരീക്ഷകള്‍ പിന്നീട് നടത്തും. ജില്ലയിൽ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാള്‍ തുടങ്ങിയ ആഘോഷങ്ങള്‍ ചടങ്ങുകള്‍ മാത്രമാക്കി നടത്തണം. വിവാഹം ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തി. പത്ത് ദിവസത്തേക്കാണ് നിയന്ത്രണം. വിവാഹം, സല്‍ക്കാരം തുടങ്ങിയ പരിപാടികള്‍ക്ക് പരമാവധി ആള്‍ക്കൂട്ടം കുറയ്ക്കണം. ആളുകള്‍ കൂടുന്ന പരിപാടികള്‍ക്ക് പൊലീസ് അനുമതി വാങ്ങണം. പൊതുയോഗങ്ങള്‍ മാറ്റിവെക്കാനും നിര്‍ദേശം നൽകിയിട്ടുണ്ട്.

Previous articleകോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ; സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകന്
Next articleകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; എസി മൊയ്തീന് വീണ്ടും ഇഡി നോട്ടീസ്