Home News World News കാനഡയ്ക്ക് ഇന്ത്യയുടെ മറുപടി: കനേഡിയൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി

കാനഡയ്ക്ക് ഇന്ത്യയുടെ മറുപടി: കനേഡിയൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി

119

ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുള്ളതായി ആരോപിച്ച് ഇന്ത്യൻ നയതന്ത്ര പ്രതിനിധി പവൻ കുമാർ റായിയെ കാനഡ പുറത്താക്കിയതിന് മറുപടിയായി കാനഡയുടെ മുതിർന്ന നയതന്ത്ര പ്രതിനിധിയെ ഇന്ത്യയും പുറത്താക്കി. കാനഡ ഹൈക്കമീഷണറോട് നേരിട്ട് ഹാജരാവാൻ നിർദേശം നൽകിയിരുന്നു. തുടർന്നാണ് തീരുമാനം അറിയിച്ചത്. അഞ്ചുദിവസത്തിനുള്ളിൽ രാജ്യം വിട്ട് പോകണമെന്നും നിർദേശിച്ചിട്ടുണ്ട്.

അതേസമയം ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡയുടെ ആരോപണങ്ങൾ ഇന്ത്യ തള്ളി. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാനഡയുടെ ആരോപണങ്ങളെ ഇന്ത്യ രൂക്ഷമായി വിമർശിച്ചു. പാർലമെന്റിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ പരാമർശവും കാനഡ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയും അടിസ്ഥാനരഹിതമാണെന്നും തള്ളിക്കളയുന്നതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖലിസ്ഥാൻ ഭീകരർക്ക് കാനഡ താവളം ഒരുക്കുന്നുവെന്നും ഇത് രാജ്യത്തെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ ജൂണിലാണ് കാനഡയിലെ ഗുരുദ്വാരക്ക് മുന്നിൽ വെച്ച് ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് മരിച്ചത്. അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

Previous articleഎട്ടു വയസ്സുള്ള മകനെ കൊന്നശേഷം പിതാവ് ജീവനൊടുക്കി. ദാരുണ സംഭവം അടൂർ ഏനാത്ത്
Next articleഅവസരം കിട്ടിയിട്ടും പിണറായി വേട്ടയാടിയില്ല. ചർച്ചയായി ആത്മകഥയിലെ ഉമ്മൻചാണ്ടിയുടെ പരാമർശം