Home News Kerala News അവസരം കിട്ടിയിട്ടും പിണറായി വേട്ടയാടിയില്ല. ചർച്ചയായി ആത്മകഥയിലെ ഉമ്മൻചാണ്ടിയുടെ പരാമർശം

അവസരം കിട്ടിയിട്ടും പിണറായി വേട്ടയാടിയില്ല. ചർച്ചയായി ആത്മകഥയിലെ ഉമ്മൻചാണ്ടിയുടെ പരാമർശം

76

തിരുവനന്തപുരം: തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും, അതുവഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാനും അവസരം ലഭിച്ചിട്ടും പിണറായി വിജയൻ അതിനു തയ്യാറായില്ലെന്ന് ആത്മകതയിൽ പരാമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തന്നെ വ്യക്തിപരമായി ഉപദ്രവിക്കാൻ തക്കതായ ആയുധം കയ്യിൽ കിട്ടിയിട്ടും ദുരുപയോഗം ചെയ്യാൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ തുനിഞ്ഞില്ലെന്നാണ് ആത്മകഥയിൽ ഉമ്മൻചാണ്ടി പറയുന്നത്. ഉമ്മൻചാണ്ടിയുടെ മകളായ മറിയയുടെ ഭർത്താവിൻറെ വീടുമായി ബന്ധപ്പെട്ട ചില ലഘുലേഖകൾ ചിലർ അച്ചടിച്ച് പ്രചരിപ്പിച്ചിരുന്നു. 2008ൽ മറിയയുടെ ഭർത്താവ് വിവാഹമോചനത്തിന് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് കേസിന് കോടതിയിൽ ബലം കിട്ടാൻ അവർ അപവാദം പ്രചരിപ്പിക്കാൻ തുടങ്ങിയത്. എന്നാൽ ഇത്തരം ലഘുലേഖകൾ പ്രചരിപ്പിച്ചിട്ടും ആരും അത് കാര്യമാക്കിയില്ല. തുടർന്ന് അവർ പത്രസമ്മേളനം നടത്തുകയും ചെയ്തു. എന്നിട്ടും ഫലം ഉണ്ടാകാത്തതിനെ തുടർന്ന് അവർ പിണറായി വിജയനെ ചെന്ന് കണ്ടു. സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്നു അന്ന് പിണറായി വിജയൻ. അദ്ദേഹത്തിൻറെ അനുകൂല പ്രതികരണം പ്രതീക്ഷിച്ചു ചെന്നവർ നിരാശരായി മടങ്ങിയെന്നാണ് പിന്നീട് താൻ മനസ്സിലാക്കിയതെന്നും ഉമ്മൻചാണ്ടി ആത്മകഥയിൽ പറയുന്നുണ്ട്. ഈ സംഭവങ്ങൾ നടക്കുമ്പോൾ ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവായിരുന്നു. പിന്നീട് പിണറായി വിജയൻ പി ജയരാജനെ തൻറെ അടുത്തേക്ക് അയച്ചു എന്നും നിയമസഭയിൽ തങ്ങൾ ഇരുവരും കണ്ടപ്പോൾ ഇത്തരം വൃത്തികേടുകൾക്ക് കൂട്ടുനിൽക്കില്ലെന്ന സന്ദേശം തന്നെ അറിയിച്ചുവെന്നും ഉമ്മൻചാണ്ടി ഓർമ്മിക്കുന്നു. കാലം സാക്ഷി എന്ന പേരിൽ പുറത്തിറങ്ങിയ ഉമ്മൻചാണ്ടിയുടെ ആത്മകഥയുടെ 398-ാമാത്തെ പേജിലാണ് രാഷ്ട്രീയ ധാർമികത ഉയർത്തിപ്പിടിച്ചുകൊണ്ട് വ്യക്തിപരമായ അധിക്ഷേപത്തിന് മുതിരാതിരുന്ന സിപിഎം നേതൃത്വത്തിന്റെയും പ്രത്യേകിച്ച് പിണറായി വിജയന്റെയും നിലപാട് ഉമ്മൻചാണ്ടി തുറന്നു എഴുതുന്നത്.

Previous articleകാനഡയ്ക്ക് ഇന്ത്യയുടെ മറുപടി: കനേഡിയൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി
Next articleമാധ്യമങ്ങളെ കാണാതിരുന്നതിൽ അസ്വഭാവികത ഇല്ല; മുഖ്യമന്ത്രി