Home News World News നിജ്ജാറിന്റെ കൊലപാതകം: കാനഡ ഒരു തെളിവും കൈമാറിയിട്ടില്ലെന്ന് ഇന്ത്യ

നിജ്ജാറിന്റെ കൊലപാതകം: കാനഡ ഒരു തെളിവും കൈമാറിയിട്ടില്ലെന്ന് ഇന്ത്യ

52

ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന് കാനഡ വീണ്ടും ആരോപിച്ചതിനെതിരെ ഇന്ത്യ. കാനഡയുടെ ആരോപണങ്ങൾ നിഷേധിച്ച ഇന്ത്യ, വിദ്വേഷ കുറ്റകൃത്യങ്ങളെയും ആക്രമണങ്ങളെയും കാനഡ രാഷ്ട്രീയമായി അംഗീകരിക്കുന്നുവെന്നും കുറ്റപ്പെടുത്തി. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഒരു തെളിവും കാനഡ കൈമാറിയിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. എന്നാൽ കാനഡ ഉയർത്തിയത് ഗുരുതരമായ ആരോപണങ്ങളാണെന്നും അതിൽ അന്വേഷണം വേണമെന്നുമാണ് അമേരിക്കയുടെ നിലപാട്. ഇന്ത്യയ്ക്കു മാത്രമായി പ്രത്യേക പരിഗണന നൽകാനാകില്ലെന്നും അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്നും യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ പറഞ്ഞു. നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ–കാനഡ ബന്ധം വഷളാകുന്നതിനിടെയാണ് ഇക്കാര്യത്തിൽ യുഎസിന്റെ പ്രസ്താവന വരുന്നത്.

ഇക്കാര്യത്തിൽ ആരുമായും വ്യക്തിഗത നയതന്ത്ര ചർച്ചകളിലെക്ക് കടക്കാൻ അമേരിയ്ക്കക്ക് താല്പര്യമില്ല. ഇതുവരെ അത്തരത്തിലുള്ള ചർച്ചകൾ നടത്തിയിട്ടില്ലെന്നും സുള്ളിവൻ പറഞ്ഞു. എന്നാൽ ഈ വിഷയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ട്, അത് തുടരും. കാനഡയുടെ ആരോപണം ഗൗരവമായി തന്നെയാണ് എടുക്കുന്നതെന്നും, അവരുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആവർത്തിച്ചു. ഇന്ത്യ നടത്തുന്നത് രാജ്യാന്തര ധാരണകളുടെ ലംഘനമാണെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ട്രൂഡോ ഇന്നലെ ന്യൂയോർക്കിലും പറഞ്ഞിരുന്നു. എന്നാൽ, ഇന്ത്യൻ പങ്കിനെക്കുറിച്ച് എന്തു തെളിവാണുള്ളതെന്ന ചോദ്യത്തിന് അദ്ദേഹം നേരിട്ടു മറുപടി നൽകിയതുമില്ല.

Previous articleസമൂഹമാധ്യമങ്ങളിലൂടെ സിപിഎം നേതാക്കളുടെ ഭാര്യമാർക്കെതിരെ അധിക്ഷേപം. കോൺഗ്രസ്സ് നേതാവ് അറസ്റ്റിൽ
Next articleഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം: പാർട്ടിയിൽ തന്നെ ഒതുക്കാനുള്ള നീക്കമെന്ന് സംശയിച്ച് സുരേഷ് ഗോപി