Home News World News ഇന്ത്യക്കാരായ ഹിന്ദുക്കൾ കാനഡ വിടണമെന്ന ഖലിസ്ഥാൻ നേതാവിന്റെ ആഹ്വാനം തള്ളി കാനഡ സർക്കാർ. രാജ്യത്ത് വിദ്വേഷത്തിന്...

ഇന്ത്യക്കാരായ ഹിന്ദുക്കൾ കാനഡ വിടണമെന്ന ഖലിസ്ഥാൻ നേതാവിന്റെ ആഹ്വാനം തള്ളി കാനഡ സർക്കാർ. രാജ്യത്ത് വിദ്വേഷത്തിന് ഇടമില്ലെന്നും സർക്കാർ

46

ഒട്ടാവ: കാനഡയിൽ നിന്ന് ഇന്ത്യയിലേക്കു വീസ അനുവദിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയതടക്കമുള്ള നടപടികൾക്കു പിന്നാലെയാണ് ഖലിസ്ഥാൻ നേതാവിന്റെ ആഹ്വാനത്തിനെതിരെ കാനഡ നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് വിദ്വേഷത്തിന് ഇടമില്ലെന്നാണ് വിഷയത്തിൽ കാനഡയുടെ പബ്ലിക് സേഫ്റ്റി മന്ത്രാലയത്തിന്റെ നിലപാട്. കാനഡയിലുള്ള ഇന്ത്യക്കാരായ ഹിന്ദുക്കൾ ഇന്ത്യയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെടുന്ന ഖലിസ്ഥാനി വിഘടനവാദി നേതാവ് ഗുർപട്‌വന്ത് സിങ് പന്നുന്റെ വിഡിയോ പ്രകോപനപരവും വിദ്വേഷജനകവുമാണെന്ന് സർക്കാർ വ്യക്തമാക്കി. വിഡിയോ കനേഡിയൻ പൗരന്മാരോടും അവർ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളോടുമുള്ള അനാദരവാണ്. കാനഡയിലുള്ളവർ പരസ്പരം ബഹുമാനിക്കണമെന്നും സർക്കാർ ആഹ്വാനം ചെയ്തു.

ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കുന്നതിനു ദിവസങ്ങൾക്കു മുൻപു തന്നെ പ്രചരിച്ചുതുടങ്ങിയ വിഡിയോയിൽ കാനഡ സർക്കാർ ഇതുവരെ മൗനം പാലിക്കുകയായിരുന്നു. വിഡിയോയുടെ പശ്ചാത്തലത്തിൽ ‘ഹിന്ദു ഫോറം കാനഡ’യിലെ അംഗങ്ങൾ സുരക്ഷ ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിരുന്നു.

തെളിവുണ്ടെന്ന് മാധ്യമങ്ങളും

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലയുമായി ബന്ധപ്പെട്ട് കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ നടത്തിയ ആശയവിനിമയത്തിന്റെ വിവരങ്ങൾ കാനഡയുടെ പക്കലുണ്ടെന്ന് കനേഡിയൻ മാധ്യമമായ സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. കാനഡ കൂടി ഭാഗമായ രഹസ്യാന്വേഷണ സഖ്യത്തിലെ മറ്റൊരു രാജ്യവും ഇതുസംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യുഎസ്, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളാണ് സഖ്യത്തിലുള്ളത്. വീസ നിയന്ത്രണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യയ്ക്കെതിരെ തിരിച്ചടിക്കാൻ കാനഡ ഒരുങ്ങുന്നുവെന്നും സിബിസിയുടെ റിപ്പോർട്ടിലുണ്ട്.

അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശക്തമായ നയതന്ത്ര ഇടപെടൽ വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കാനഡയിലുള്ള ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളുടെയും പ്രഫഷനലുകളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

Previous articleഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; പഠനസമിതിയുടെ ആദ്യ യോ​ഗം ഇന്ന്
Next articleഅടുക്കളയിൽ കയറി കടുവ. കടുവാ ഭീതി വിട്ടൊഴിയാത്ത വയനാട് പനവല്ലി പുഴക്കര കോളനി