Home Cinema നവാഗതർക്ക് അവസരമൊരുക്കാൻ പുതു പരീക്ഷണവുമായി യുവ സംവിധായകൻ. പുതുമുഖ താരങ്ങൾക്ക് തന്റെ ചിത്രങ്ങളിൽ ഇടം നൽകുന്ന...

നവാഗതർക്ക് അവസരമൊരുക്കാൻ പുതു പരീക്ഷണവുമായി യുവ സംവിധായകൻ. പുതുമുഖ താരങ്ങൾക്ക് തന്റെ ചിത്രങ്ങളിൽ ഇടം നൽകുന്ന സംവിധായകൻ സൂരജ് സൂര്യ ശ്രദ്ധേയനാകുന്നു

69

കൊച്ചി: സിനിമാ മോഹവുമായി സ്വപ്നങ്ങൾക്ക് പിന്നാലെ അലയുന്ന അനേകായിരം കലാകാരന്മാർക്ക് അവരുടെ ലക്ഷ്യത്തിലേക്കുള്ള പാത തുറന്ന് ശ്രദ്ധേയനാവുകയാണ് പ്രമുഖ സംവിധായകനും തിരക്കഥാകൃത്തും നടനുമായ സൂരജ് സൂര്യ. 1999 ൽ പുറത്തിറങ്ങി കലാഭവൻ മണിയുടെ എവർഗ്രീൻ ഹിറ്റ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെ വരവറിയിച്ചു താരമാണ് സൂരജ്. ചിത്രത്തിൽ വളരെ ചെറിയ വേഷമായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ നിരവധി അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. വ്യത്യസ്തമാർന്ന വേഷങ്ങളിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച അദ്ദേഹം സിനിമ എന്ന മഹാലോകത്ത് അഭിനയത്തിനപ്പുറം മറ്റു സാധ്യതകൾക്കൊപ്പം സഞ്ചരിക്കുവാനും ശ്രമിച്ചിട്ടുണ്ട്. മികച്ച അഭിനേതാവ് എന്നതിനൊപ്പം സംവിധായകനായും തിരക്കഥാകൃത്തായും അദ്ദേഹം മലയാള സിനിമയിൽ തന്റേതായ ഇടം സൃഷ്ടിച്ചെടുത്തു. കല എന്നതിനപ്പുറം ഒരുപറ്റം ജനതയുടെ ജീവിതം മാർഗം കൂടിയാണ് സിനിമ എന്ന തിരിച്ചറിവോടെ സിനിമാ വ്യവസായത്തെ കൂടുതൽ ജനകീയമാക്കുന്നതിനായി അദ്ദേഹം നടത്തിയ ഇടപെടലുകലും ശ്രദ്ധേയമാണ്.

പാനിക് ഭവാനി: മലയാളി സ്‌ക്രീനിൽ കണ്ടറിഞ്ഞ യാഥാർഥ്യം

അഭിനയത്തിനിടയിലും സംവിധാനം എന്ന തന്റെ ലക്ഷ്യത്തിന് പിന്നാലെയായിരുന്നു അദ്ദേഹം. അങ്ങനെയാണ് തന്റേതായ ഒരു സിനിമ എന്ന സ്വപ്നം യാഥാർഥ്യമാക്കി സൂരജ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ‘സെൻസിറ്റീവ്’ എന്ന പേരിൽ പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമിനായി തയ്യാറാക്കാൻ ഒരുങ്ങിയ വെബ് സീരീസിന്റെ മൂന്ന് എപ്പിസോഡുകളുടെ തിരക്കഥ സിനിമയായി രൂപാന്തരപ്പെടുകയായിരുന്നു. തമിഴ്നാട്ടിൽ ജനിച്ച ഒരു ബാലിക കേരളത്തിലേക്കെത്തി യ ശേഷം ഉണ്ടാകുന്ന സംഭവവികാസങ്ങളെ ഇതിവൃത്തമാക്കി തയ്യാറാക്കിയ കഥയായിരുന്നു അത്. പാനിക് ഭവാനി എന്ന ആ ചലച്ചിത്രം ഒരേസമയം വിവിധ തലങ്ങളിൽ നിന്നുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചുവെന്നത് ചെറിയ കാര്യമല്ല. ഒരു കഥയ്ക്കപ്പുറത്തേക്ക് ജീവനുള്ള ഒരു യാഥാർത്ഥ്യമായാണ് പാനിക് ഭവാനി പ്രേക്ഷക ഹൃദയങ്ങളോട് ചേർന്ന് നിന്നത്. ബാലിക നേരിടേണ്ടിവന്ന ദുരനുഭവവും അവളുടെ പ്രതികാരവും ഏറെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നതിൽ സൂരജ് വിജയിച്ചു എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ഈ സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും പ്രധാന വേഷവുമെല്ലാം സൂരജ് തന്നെയായിരുന്നു. അദ്ദേഹം തന്നെ വരികൾ എഴുതിയ ചിത്രത്തിലെ ഒരു ഗാനം വലിയതോതിലുള്ള ജനപ്രീതി നേടി. പുതുമുഖ താരങ്ങളെ അണിനിരത്തിയാണ് സൂരജ് ഈ ചിത്രം അണിയിച്ചൊരുക്കിയത്.

ഫോർ കെ പ്ലസ് മൂവിസ്: മാറ്റത്തിന്റെ പുതിയ പാത

തന്റെ ആദ്യ സിനിമയിലൂടെ പുതുമുഖങ്ങൾക്ക് അഭിനയിക്കുവാനും, മറ്റു മേഖലകളിൽ ഇടപെടുവാനും അവസരങ്ങൾ നൽകാനായെങ്കിലും അതെല്ലാം പൂർണ്ണതയിലേക്ക് എത്തണമെന്നില്ലെന്ന തിരിച്ചറിവ് സൂരജിന് ഉണ്ടായിരുന്നു. സിനിമയെ വലിയ വാണിജ്യ താൽപര്യത്തോടെ കാണുന്നവരുടെ മുന്നിൽ നവാഗതരുടെ സിനിമകൾക്ക് വേണ്ടത്ര ഇടം ലഭിക്കാതെ പോകുകയാണ് പതിവ്. അത്തരമൊരു അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോർ കെ പ്ലസ് മൂവിസ് എന്ന ആശയത്തിലേക്ക് അദ്ദേഹം എത്തിയത്. മലയാളത്തിലെ ഒടിടി സ്ട്രീമിംഗ് രംഗത്തെ വിപ്ലവകരമായ മുന്നേറ്റമായിരുന്നു ആയിരുന്നു ഫോർ കെ പ്ലസ് മൂവിസ്. അദ്ദേഹത്തിന്റെ തന്നെ ചിത്രമായ പാനിക് ഭവാനി ആയിരുന്നു ഈ പ്ലാറ്റ്ഫോമിലൂടെ പുറത്തിറങ്ങിയ ആദ്യ ചിത്രം. മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി ചലച്ചിത്രങ്ങൾക്ക് പുറമേ ഹ്രസ്വചിത്രങ്ങൾ, വെബ് സീരീസ്, ട്രെയിനിങ് വർക്ക് ഷോപ്പുകൾ, ലൈവ് സ്ട്രീമിങ്ങുകൾ തുടങ്ങി പുതുമയുള്ള ദൃശ്യവിരുന്ന് എല്ലാവരിലേക്കും എത്തിക്കുക എന്ന ദൗത്യം ഫോർ കെ പ്ലസ് മൂവിസ് ഏറ്റെടുത്തു. പ്രതീക്ഷകളേക്കാൾ അപ്പുറത്തേക്കുള്ള പിന്തുണയാണ് ഈ പരീക്ഷണത്തിന് ലഭിച്ചത്. ചിത്രീകരണവും മറ്റ് അനുബന്ധ പ്രക്രിയകളും പൂർത്തിയായിട്ടും വൻ മുതൽമുടക്ക് വീണ്ടും നടത്താനാകാത്തതിനാൽ തങ്ങളുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയാത്ത നവാഗതരുടെ കലാമൂല്യമുള്ള ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന കാലഘട്ടത്തിന്റെ അനിവാര്യമായ കർത്തവ്യം ഈ സംരംഭത്തിലൂടെ നിറവേറ്റുവാൻ സൂരജിന് കഴിഞ്ഞു. ഇനിയും ഒരുപിടി നല്ല ചിത്രങ്ങളും ആശയങ്ങളും സൂരജ് സൂര്യയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Previous articleസുധാകരൻ ഇടഞ്ഞ് തന്നെ: താനാരോടും ക്രഡിറ്റ് ചോദിച്ചിട്ടില്ലെന്ന് കെ സുധാകരൻ
Next articleപ്രസംഗം തീരുന്നതിനു മുൻപേ അനൗൺസ്‌മെന്റ്: ക്ഷുഭിതനായി വേദിവിട്ട് മുഖ്യമന്ത്രി