Home News Kerala News അടുക്കളയിൽ കയറി കടുവ. കടുവാ ഭീതി വിട്ടൊഴിയാത്ത വയനാട് പനവല്ലി പുഴക്കര കോളനി

അടുക്കളയിൽ കയറി കടുവ. കടുവാ ഭീതി വിട്ടൊഴിയാത്ത വയനാട് പനവല്ലി പുഴക്കര കോളനി

53

വയനാട്: പനവല്ലിയിൽ കടുവാഭീതി ഒഴിയാത്തത് നാട്ടുകാരെ ഭീതിയിലാക്കുന്നു. കഴിഞ്ഞ ദിവസം രാത്രി പനവല്ലി പുഴക്കര കോളനിയിലെ കയമയുടെ വീട്ടിലെ അടുക്കളയിൽ വരെ കടുവ എത്തി. വ്യാഴാഴ്ച രാത്രി ഒന്പതുമണിയോടെയാണ് കടുവ അടുക്കളയിൽ കയറിയത്‌. വളർത്തുപട്ടിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ വീടിനകത്ത്‌ എത്തിയ കടുവ പട്ടിയെ കിട്ടാതായതോടെ മടങ്ങിപ്പോയി. ഈ സമയം കയമയും ഭാര്യ വട്ടിയും മക്കളും വീട്ടിലുണ്ടായിരുന്നു. തലനാരിഴക്കാണ്‌ ഇവർ രക്ഷപ്പെട്ടത്‌. ശബ്‌ദം കേട്ട് ആളുകൾ ഓടിക്കൂടുമ്പോഴേക്കും കടുവ കാട് കയറി.

കടുവാ ഭീതിയിൽ പനവല്ലിക്കാർ മുൾമുനയിലായിട്ട്‌ 45 ദിവസം പിന്നിട്ടു. പനവല്ലി, സർവാണി, ആദണ്ഡ, തേറ്റമല, ഭദ്രകാളിക്കാവ്, കോളിച്ചോട് എന്നിവടങ്ങളിൽ കടുവയുടെ നിരന്തര സാന്നിധ്യമുണ്ട്. പലതവണ ആളുകൾ കടുവയെ നേരിൽ കണ്ടു. 16ന് തിരുനെല്ലി കാളങ്കോട് കടുവയെ കണ്ട് ഭയന്ന് സ്‌കൂട്ടറിൽനിന്ന്‌ വീണ്‌ തിരുനെല്ലി ടെംബിൾ എംപ്ലോയീസ്‌ സൊസൈറ്റി ജീവനക്കാരൻ ആക്കൊല്ലി രഘുനാഥിന് പരിക്കേറ്റിരുന്നു. മയക്കുവെടിവച്ച്‌ പിടിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകിയിരുന്നു. മയക്കുവെടി വെയ്‌ക്കാൻ ഉത്തരവ്‌ നൽകേണ്ട വൈൽഡ്‌ ലൈഫ്‌ പ്രിൻസിപ്പൽ സിസിഎഫ്‌ സംസ്ഥാനത്തിന്‌ പുറത്തായതിനാലാണ്‌ നടപടികൾ വൈകുന്നതെന്നാണ്‌ ഉന്നത വനപാലകർ പറയുന്നത്‌. അടുത്തദിവസം സിസിഎഫ്‌ തിരുവനന്തപുരത്ത്‌ എത്തും. എത്തിയാൽ ഉടൻ ഉത്തരവ്‌ ലഭിച്ചേക്കും. കടുവയെ കുടുക്കാൻ മൂന്ന്‌ കൂടുകൾ സ്ഥാപിച്ചിട്ടും ഇതിലൊന്നും കടുവ കയറിയില്ല. കടുവയെ നിരീക്ഷിക്കാൻ 33 ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്‌. കടുവയ്‌ക്കായി വനപാലകരും നാട്ടുകാരും രണ്ടുതവണ നടത്തിയ തിരച്ചിലും വിഫലമായി.

Previous articleഇന്ത്യക്കാരായ ഹിന്ദുക്കൾ കാനഡ വിടണമെന്ന ഖലിസ്ഥാൻ നേതാവിന്റെ ആഹ്വാനം തള്ളി കാനഡ സർക്കാർ. രാജ്യത്ത് വിദ്വേഷത്തിന് ഇടമില്ലെന്നും സർക്കാർ
Next articleകുസാറ്റിന്റെ സാങ്കേതിക പിന്തുണ: 4 സോളാർ ബോട്ടുകൾക്കൂടി ഓളപ്പരപ്പിലേയ്ക്ക്