Home Sports ഏഷ്യൻ ​ഗെയിംസ്: മെഡൽ നേട്ടമാരംഭിച്ച് ഇന്ത്യ, ഷൂട്ടിങ്ങിലും തുഴച്ചിലിലും വെള്ളി

ഏഷ്യൻ ​ഗെയിംസ്: മെഡൽ നേട്ടമാരംഭിച്ച് ഇന്ത്യ, ഷൂട്ടിങ്ങിലും തുഴച്ചിലിലും വെള്ളി

48

ഹാങ്ചൗ: 19-)മത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ. മത്സരങ്ങളുടെ ആദ്യ ദിനത്തിന്റെ തുടക്കത്തിൽ 5 മെഡലുകളാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഷൂട്ടിങ്ങിലും, തുഴച്ചിലിലുമാണ് മെഡലുകൾ. 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ വനിതാ ടീം വെള്ളി നേടി. ആഷി ചൗക്‌സി, റമിത, മെഹുലി ഘോഷ് എന്നിവരുടെ സംഘമാണ് വെള്ളി നേടിയത്. 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത ഫൈനലിൽ ഇന്ത്യയുടെ റമിത വെങ്കല മെഡലും നേടിയിട്ടുണ്ട്. റമിതയും മെഹൂലിയും വ്യക്തി​ഗത മത്സരത്തിൽ ഫൈനലിൽ കടന്നിരുന്നു. തുഴച്ചിലിൽ രണ്ട് വെള്ളിയും, ഒരു വെങ്കലവുമടക്കം മൂന്ന് മെഡലുകളാണ് ഇന്ത്യക്കുള്ളത്. ലൈറ്റ്‌ വെയ്‌റ്റ് ഡബിൾ സ്‌കൾസിൽ അർജുൻ ലാൽ – അരവിന്ദ് സിംഗ് കൂട്ടുകെട്ട് വെള്ളി നേടി. തുഴച്ചിലിൽ ഇന്ത്യൻ ടീമിന് വെള്ളിയും, ബാബുലാൽ യാദവ്, ലേഖ്റാം കൂട്ടു കെട്ടിന് വെങ്കല മെഡലും ലഭിച്ചു. 655 അംഗ ഇന്ത്യൻ സംഘമാണ് ഇത്തവണ ഏഷ്യൻ ​ഗെയിംസിൽ മാറ്റുരയ്‌ക്കുന്നത്. 2018ൽ ജക്കാർത്തയിൽ നടന്ന 18-)മത് ഏഷ്യൻ ഗെയിംസിൽ 16സ്വർണവും, 23 വെള്ളിയും 31വെങ്കലവുമടക്കം 70 മെഡലുകളാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. 570 താരങ്ങളാണ് അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസിൽ മാറ്റുരച്ചത്. 4 വർഷത്തിന് ശേഷം 2022ൽ നടക്കേണ്ടിയിരുന്ന 19-)മത് ഏഷ്യൻ ഗെയിംസ് കോവിഡ് 19നെ തുടർന്ന് ഈ വർഷത്തേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു.

Previous articleകേരളത്തിലെ രണ്ടാം വന്ദേഭാരത്; ഫ്‌ളാഗ് ഓഫ് ഇന്ന്
Next articleആവേശ സ്വീകരണങ്ങൾ; കുതിച്ച് പാഞ്ഞ് രണ്ടാം വന്ദേ ഭാരത്