Home News Kerala News സംസാരിച്ചതിലെ പിഴവ്; പ്രതികരണത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി കെ സുധാകരൻ

സംസാരിച്ചതിലെ പിഴവ്; പ്രതികരണത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി കെ സുധാകരൻ

85

തിരുവനന്തപുരം: സംവിധായകൻ കെ ജി ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ച് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിൽ സംഭവിച്ച പിഴവില്‍ ഖേദിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മാധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് ആരാണ് മരണപ്പെട്ടതെന്ന് അപ്പോള്‍ മനസിലായിരുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ അത് വ്യക്തമാക്കിയിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഈ സംഭവത്തില്‍ താന്‍ ഖേദിക്കുന്നതായും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രത ഉണ്ടായില്ലെന്നും കെ സുധാകരന്‍ തുറന്ന് സമ്മതിച്ചു. കെ ജി ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം നല്ലൊരു പൊതുപ്രവര്‍ത്തകനാണ് എന്നായിരുന്നു കെ സുധാകരന്റെ മറുപടി.

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ന് രാവിലെ കെ. ജി ജോര്‍ജ് മരണപ്പെട്ടതിനെ പറ്റി ചോദിച്ചപ്പോള്‍ അനുചിതമായ ഒരു പ്രസ്താവന എന്റെ ഭാഗത്തുനിന്നുണ്ടായി. മലയാളത്തിന്റെ അഭിമാനമായ സിനിമാപ്രവര്‍ത്തകന്‍ കെ ജി ജോര്‍ജ് ആണ് നമ്മളോട് വിട പറഞ്ഞതെന്ന് ചോദ്യത്തില്‍ നിന്ന് എനിക്ക് മനസ്സിലായിരുന്നില്ല.സമാനപേരിലുളള എന്റെ പഴയകാല സഹപ്രവര്‍ത്തകനാണ് മനസ്സില്‍ വന്നത്. ഒരുപാട് രാഷ്ട്രീയ ചോദ്യങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ മേഖലയ്ക്ക് പുറത്തുനിന്നുള്ള ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ആരാണ് മരണപ്പെട്ടതെന്ന് മാധ്യമപ്രവര്‍ത്തകര്‍ എന്നോട് കൃത്യമായി പറഞ്ഞില്ല. അവരോട് അത് ചോദിച്ചറിയാതിരുന്നത് എന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചയായി അംഗീകരിക്കുന്നു.പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ പാലിക്കേണ്ട ജാഗ്രത ഇക്കാര്യത്തില്‍ ഉണ്ടായില്ല. വീഴ്ചകളില്‍ ന്യായീകരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. അതുകൊണ്ടുതന്നെ എന്റെ പ്രതികരണത്തിലെ അനൗചിത്യത്തില്‍ എന്റെ പാര്‍ട്ടിയുടെ പ്രിയപ്പെട്ട പ്രവര്‍ത്തകര്‍ക്കും കെ ജി ജോര്‍ജിനെ സ്‌നേഹിക്കുന്നവര്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ ഞാന്‍ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു.എണ്ണം പറഞ്ഞ കലാസൃഷ്ടികള്‍ കൊണ്ട് മലയാള സിനിമാ ചരിത്രത്തില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിച്ച കെ ജി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Previous articleപൊലീസിന്റെ വയര്‍ലെസ് സെറ്റ് എറിഞ്ഞു പൊട്ടിച്ചു; അഭിഭാഷകന്‍ അറസ്റ്റില്‍
Next articleനിപ; കോഴിക്കോട് ജില്ലയിലെ സ്കൂളുകൾ ഇന്ന് തുറക്കും