Home News Kerala News പാലക്കാട് കുഴിച്ചിട്ട നിലയിൽ യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവം: വയലുടമ അറസ്റ്റിൽ

പാലക്കാട് കുഴിച്ചിട്ട നിലയിൽ യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവം: വയലുടമ അറസ്റ്റിൽ

79

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയിൽ യുവാക്കളുടെ മൃതദേഹങ്ങൾ വയലിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വയലുടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കുറ്റസമ്മതം നടത്തിയതായാണ് സൂചന. കാട്ടുപന്നിക്കു വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചതെന്നും മൃതദേഹങ്ങൾ കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയിൽ കുഴിച്ചിടുകയായിരുന്നെന്നുമാണ് മൊഴി. സ്ഥലം ഉടമയായ അമ്പലപ്പറമ്പ് വീട്ടിൽ അനന്തൻ(52) പൊലീസ് കസ്റ്റഡിയിലാണ്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ‌ക്കു ശേഷം പോസ്റ്റുമോർട്ടത്തിന് അയയ്ക്കും. യുവാക്കളുടെ മരണത്തിനു പിന്നിൽ‌ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

കാണാതായെന്ന്‌ ബന്‌ധുക്കൾ പരാതി നൽകിയ യുവാക്കളെയാണ്‌ കുഴിച്ചിട്ടിരിക്കുന്നതെന്നാണ് സംശയം. ഞായർ വൈകിട്ട്‌ വേനോലി കൊട്ടേക്കാട്‌ റോഡിൽ നടന്ന സംഘർഷത്തിന് ശേഷം സതീഷ്‌, ഷിജിത്ത്‌ എന്നിവരെ കാണാതായിരുന്നു. കസബ, ടൗൺ സൗത്ത്‌ പൊലീസ്‌ സ്‌റ്റേഷനുകളിൽ ഇവർക്കെതിരെ കേസെടുത്തതോടെ സതീഷ്‌, ഷിജിത്ത്‌ എന്നിവരുൾപ്പെടെ നാലുപേർ അമ്പലപ്പറമ്പിലെ സതീഷിന്റെ ബന്ധുവീട്ടിൽ ഒളിവിൽ പോയി. തുടർന്ന്‌, ഇരുവരുടെയും ബന്‌ധുക്കൾ ഇവരെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകി. എന്നാൽ
തിങ്കളാഴ്ച പുലർച്ചെ പൊലീസ്‌ ഇവരെ തേടി പ്രദേശത്ത്‌ എത്തിയിരുന്നു. പൊലീസ്‌ വാഹനം കണ്ട്‌ യുവാക്കൾ പാടത്തിനു സമീപത്തേക്കാണ്‌ ഓടിയത്‌. വയലിലേക്ക് നാല് യുവാക്കൾ പോവുന്ന സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ചൊവ്വാഴ്‌ച കസബ സ്‌റ്റേഷനിൽ കീഴടങ്ങി. സതീഷിനെയും ഷിജിത്തിനെയും കാണാനില്ലെന്നും പരാതിപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഴിച്ചിട്ടനിലയിൽ രണ്ട്‌ മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസ്‌ വാഹനം കണ്ട്‌ ഓടിയപ്പോൾ വൈദ്യുതവേലിയിൽനിന്ന്‌ ഷോക്കേറ്റാകാം മരണമെന്നാണ് സംശയിക്കുന്നത്.

Previous articleഇറാഖില്‍ വിവാഹസല്‍ക്കാരത്തിനിടെ തീപിടിത്തം; വരനും വധുവും ഉള്‍പ്പെടെ നൂറിലധികം പേര്‍ക്ക് ദാരുണാന്ത്യം
Next articleഷാരോൺ വധം: ഗ്രീഷ്‌മയുടെ ജാമ്യത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഷാരോണിന്റെ കുടുംബം