Home Culture മതവിലക്കുകളെ പാട്ടുകൊണ്ട് ജയിച്ച റംല ബീഗം ഇനി ഓർമ്മ. പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം അന്തരിച്ചു

മതവിലക്കുകളെ പാട്ടുകൊണ്ട് ജയിച്ച റംല ബീഗം ഇനി ഓർമ്മ. പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം അന്തരിച്ചു

59

കോഴിക്കോട്: തന്റെ എൺപത്തിമൂന്നാം വയസ്സിലാണ് റംല ബീഗം ഓർമ്മയാകുന്നത്. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. മതവിലക്കുകളെ മറികടന്ന് വേദികളിൽ സംഗീത പരിപാടി അവതരിപ്പിച്ച കേരളത്തിലെ ആദ്യ മുസ്‌ലിം വനിതകളിലൊരാളാണ് റംല ബീഗം. ആലപ്പുഴയിലെ സ്വദേശി ഹുസ്സെയിന്‍ യൂസഫ് യമാന – കോഴിക്കോട് ഫറോക്ക് സ്വദേശിനി മറിയംബീവി ദമ്പതികളുടെ പത്തുമക്കളില്‍ ഇളയ പുത്രിയായി 1946 നവംബര്‍ മൂന്നിനാണു ജനനം.

ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പിലെ പ്രധാന ഗായികയായി ഹിന്ദി ഗാനങ്ങള്‍ പാടിയാണ് റംല ബീഗം വേദികളിലേക്ക് എത്തിയത്. ആസാദ് മ്യൂസിക് ട്രൂപ്പിലെ പി. അബ്ദുസ്സലാം മാഷിനെ 18-ാം വയസ്സില്‍ വിവാഹം ചെയ്തു. തുടര്‍ന്നു തന്റെ കലാപ്രവർത്തനം കഥാപ്രസംഗത്തിലേക്ക് മാറ്റിയ അവർ വേദികള്‍ കീഴടക്കി. 20 ഇസ്‍ലാമിക കഥകള്‍ക്കു പുറമേ കേശവദേവിന്റെ ഓടയില്‍ നിന്ന്, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തില്‍ കല്യാണവീടുകളിലും ക്ഷേത്രങ്ങളിലും, സ്വദേശത്തെയും വിദേശത്തെയും സ്റ്റേജുകളിലും അവതരിപ്പിച്ചു.

അറബിമലയാളത്തില്‍ എഴുതപ്പെട്ട ആദ്യത്തെ പ്രണയകാവ്യമായ ഹുസ്നുല്‍ ജമാല്‍ ബദറുല്‍ മുനീര്‍ കഥാപ്രസംഗം റംലാബീഗത്തിന് നിരവധി വേദികൾ സമ്മാനിച്ച്. പതിനായിരത്തില്‍പരം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചു റെക്കാര്‍ഡ് നേടിയിട്ടുണ്ട്. 1971 ല്‍ ഭര്‍ത്താവുമൊന്നിച്ച് സിംഗപ്പൂരില്‍ കഥാപ്രസംഗം അവതരിപ്പിച്ചതാണു വിദേശത്തെ ആദ്യത്തെ വേദി. പിന്നീടങ്ങോട്ട് 2018 വരെ സ്വദേശത്തും വിദേശത്തും പരിപാടികള്‍ അവതരിപ്പിച്ചു. 35ല്‍ പരം ഗ്രാമഫോണ്‍ റിക്കാര്‍ഡുകളിലും 500ല്‍പരം കാസറ്റുകളിലും പാടിയ റംല ബീഗത്തെ തേടി നിരവധി അംഗീകാരങ്ങളും എത്തിയിട്ടുണ്ട്.

Previous articleമെഡിക്കൽ ഓഫിസർ നിയമനത്തിന് 5 ലക്ഷം രൂപ ആരോഗ്യ വകുപ്പ് മന്ത്രിയുടെ പഴ്നൽ സ്റ്റാഫ് കോഴ വാങ്ങിയെന്ന് പരാതി. ആരോപണം നിഷേധിച്ച് മന്ത്രി
Next articleകെഎസ്ആർടിസി അന്തർസംസ്ഥാന സർവീസുകളിൽ ടിക്കറ്റ് നിരക്ക് കൂടും