Home News Kerala News ഷാരോൺ വധം: ഗ്രീഷ്‌മയുടെ ജാമ്യത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഷാരോണിന്റെ കുടുംബം

ഷാരോൺ വധം: ഗ്രീഷ്‌മയുടെ ജാമ്യത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഷാരോണിന്റെ കുടുംബം

48

തിരുവന്തപുരം: പ്രണയം നടിച്ച്‌ വിഷം ചേർത്ത കഷായം നൽകി ആൺസുഹൃത്ത്‌ ഷാരോണിനെ കൊന്ന പ്രതി ഗ്രീഷ്‌മയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകുമെന്നും ഷാരോണിന്റെ അച്ഛൻ ജയരാജ്‌. മകന്‌ നീതിലഭിക്കാൻ ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പാറശാലയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. മനസാക്ഷിയെ ഞെട്ടിച്ച ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിച്ചുകൂടാ. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതിക്ക്‌ കടുത്തശിക്ഷ ഉറപ്പാക്കണമെന്നും ജയരാജ് ആവശ്യപ്പെട്ടു.

മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനാൽ പ്രണയബന്ധത്തിൽനിന്ന്‌ പിന്മാറണമെന്ന ഗ്രീഷ്‌മയുടെ ആവശ്യം നിഷേധിച്ചതോടെയാണ് കാമുകനായിരുന്ന പാറശാല സ്വദേശി ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയത്. വീട്ടിലേക്ക്‌ വിളിച്ചുവരുത്തി കഷായത്തിൽ വിഷം ചേർത്ത്‌ കൊലപ്പെടുത്തിയെന്നാണ്‌ കേസ്‌. അട്ടക്കുളങ്ങര ജയിലിൽ കഴിയുമ്പോൾ ഉദ്യോഗസ്ഥരുമായുണ്ടായ പ്രശ്‌നങ്ങളെത്തുടർന്ന്‌ ഗ്രീഷ്‌മയെ ഒരാഴ്‌ചമുമ്പ്‌ മാവേലിക്കരയിലേക്ക്‌ മാറ്റി. പലപ്പോഴായി കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. 11 മാസത്തെ ജയിൽവാസത്തിനൊടുവിലാണ് ഗ്രീഷ്മ ഇപ്പോൾ ജാമ്യത്തിലിറങ്ങിയത്. അഭിഭാഷകരായ സുനീഷ് ചന്ദ്രലേഖ, കോടതി ജീവനക്കാരി, അമ്മാവൻ എന്നിവരാണ് ഗ്രീഷ്‌മയെ കൊണ്ടുപോകാൻ എത്തിയത്. ഏഴരയോടെ ജയിലിലെത്തി 10 മിനിറ്റിനുള്ളിൽ നടപടി പൂർത്തീകരിച്ച് ജയിലിൽ നിന്നിറങ്ങി. കുറ്റബോധമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മൗനമായിരുന്നു ഗ്രീഷ്മയുടെ മറുപടി. കോടതി തീരുമാനിക്കട്ടെ എന്നും തനിക്കൊന്നും പറയാനില്ലെന്നും പറഞ്ഞ് ഗ്രീഷ്‌മ കാറിൽ കയറി.

അതേസമയം കേസിന്റെ വിചാരണ തമിഴ്‌നാട്ടിൽ നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ഒന്നാംപ്രതി ഗ്രീഷ്‌മ നൽകിയ ഹർജിയിലെ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. ആവശ്യം വിചാരണക്കോടതിയിൽ ഉന്നയിക്കാമെന്നും അവിടെ തീരുമാനമെടുക്കുമെന്നും നിർദേശിച്ചാണ്‌ ജസ്റ്റിസ്‌ പി വി കുഞ്ഞിക്കൃഷ്‌ണൻ തുടർനടപടികൾ അവസാനിപ്പിച്ചത്‌.

Previous articleപാലക്കാട് കുഴിച്ചിട്ട നിലയിൽ യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവം: വയലുടമ അറസ്റ്റിൽ
Next articleഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ കുതിപ്പ്. പിസ്റ്റൽ ഷൂട്ടിങ്ങ്‍ ടീം ഇനത്തിലും ഇന്ത്യയ്ക്ക് സ്വർണം