Home News Kerala News കടക്കൽ ചാപ്പകുത്തൽ: അനിൽ ആന്റണിയ്ക്കും, പ്രതീഷ് വിശ്വനാഥനുമെതിരെ കേസെടുക്കണമെന്ന് പി കെ ഫിറോസ്

കടക്കൽ ചാപ്പകുത്തൽ: അനിൽ ആന്റണിയ്ക്കും, പ്രതീഷ് വിശ്വനാഥനുമെതിരെ കേസെടുക്കണമെന്ന് പി കെ ഫിറോസ്

52

കോഴിക്കോട് ∙ സൈനികനെ മർദിച്ച് ‘പിഎഫ്ഐ’ എന്നു മുതുകിൽ എഴുതിയ സംഭവം കെട്ടിച്ചമച്ചതെന്നു പൊലീസ് കണ്ടെത്തിയതിനു പിന്നാലെ, മതസ്പര്‍ധ വളര്‍ത്തുന്നതിനായി പ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. ബിജെപി ദേശീയ വക്താവ് അനില്‍ ആന്റണി, പ്രതീഷ് വിശ്വനാഥ് എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫിറോസ് ഡിജിപിക്ക് പരാതി നൽകി. കൊല്ലം കടയ്ക്കൽ സംഭവവുമായി ബന്ധപ്പെട്ട് അനിൽ ആന്റണി വാർത്താ ഏജൻസിയായ എഎൻഐയോടു നടത്തിയ പ്രതികരണമാണ് പരാതിക്ക് ആധാരം. ഒരു സൈനികൻ ആക്രമിക്കപ്പെട്ടിട്ടും സിപിഎമ്മിന്റെയോ കോൺഗ്രസിന്റെയോ ഒരു നേതാവു പോലും പ്രതികരിക്കാൻ തയാറായില്ലെന്ന് അനിൽ ആന്റണി കുറ്റപ്പെടുത്തിയിരുന്നു. ഒരു വിഭാഗം ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്താനാണ് ഇവരുടെ മൗനമെന്ന ആരോപണവും അനിൽ ഉയർത്തി. ഇതിനിടെയാണ്, പരാതിക്കാരനായ സൈനികനും സുഹൃത്തും ചേർന്ന് കെട്ടിച്ചമച്ചതാണ് സംഭവമെന്നു പൊലീസ് കണ്ടെത്തിയത്.

ഈ സാഹചര്യത്തിൽ, സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിനു മുൻപേ സമൂഹത്തില്‍ വിദ്വേഷം ഉണ്ടാക്കുന്നതിനും മതസ്പർധ വളര്‍ത്തുന്നതിനും സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയവര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കണമെന്നാണ് ഫിറോസിന്റെ ആവശ്യം. എഎൻഐയോടു പ്രതികരിക്കുന്നതിന്റെ വിഡിയോ അനിൽ ആന്റണി എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ചതിന്റെ ലിങ്ക് ഉൾപ്പെടെയാണ് പരാതി.

Previous articleഇന്ന് നബിദിനം; ആഘോഷനിറവിൽ വിശ്വാസികൾ
Next articleകൊടിയേരിയ്ക്ക് പയ്യാമ്പലത്തും, കൊടിയേരിയിലെ വീട്ടിലും സ്മാരകങ്ങൾ. ഒക്ടോബർ 1ന് സ്മാരകങ്ങൾ സന്ദർശകർക്കായി തുറക്കും