Home News Kerala News നായപരിശീലനത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന: സുഹൃത്തിനെതിരെ ആരോപണവുമായി റോബിൻ

നായപരിശീലനത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന: സുഹൃത്തിനെതിരെ ആരോപണവുമായി റോബിൻ

66

കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ നായ പരിശീലന കേന്ദ്രത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ കേസിൽ അറസ്റിലായതിന് പിന്നാലെ സുഹൃത്തിനെതിരെ ആരോപണവുമായി പ്രതി റോബിൻ ജോർജ്. തന്റെ ബിസിനസ് സാമ്രാജ്യം തകർക്കാൻ അനന്തു പ്രസന്നൻ എന്ന സുഹൃത്ത് നായ പരിശീലന കേന്ദ്രത്തിൽ കഞ്ചാവ് ബാഗ് മനഃപൂർവം കൊണ്ടുവന്നു വച്ചതാണെന്ന ആരോപണമാണ് ഇയാൾ ഉന്നയിക്കുന്നത്. നായ പരിശീലന കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പതിനെട്ട് കിലോ കഞ്ചാവ് പിടിച്ചെങ്കിലും പൊലീസിനു നേരെ നായ്ക്കളെ അഴിച്ചുവിട്ട് കടന്നുകളയുകയായിരുന്നു. തുടർന്ന് തമിഴ്നാട്ടിൽ നിന്നാണ് റോബിൻ ജോർജിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ്, എല്ലാം സുഹൃത്തിന്റെ ചതിയാണെന്ന് മാധ്യമങ്ങളോടു പറഞ്ഞത്.

കോട്ടയം പൂവൻതുരുത്ത് സ്വദേശിയാണ് അനന്തു പ്രസന്നൻ എന്നു വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരെയും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം, റോബിന്റെ ആരോപണം പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. റോബിനെതിരെ മുൻപും കഞ്ചാവു കേസുകൾ നിലവിലുള്ള സാഹചര്യത്തിലാണിത്. ഞായറാഴ്ച പുലർച്ചെ പരിശോധനയ്ക്കായി എത്തിയ പൊലീസ് സംഘത്തിനു നേരെ നായ്ക്കളെ തുറന്നുവിട്ട ശേഷം മീനച്ചിലാറ്റിൽ ചാടി രക്ഷപ്പെട്ട റോബിനെ, ഇന്നലെ രാത്രിയോടു കൂടിയാണ് തമിഴ്നാട്ടിലെ തെങ്കാശിക്കു സമീപം ഒരു കോളനിയിൽനിന്നും ‍പിടികൂടിയത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും ഗാന്ധിനഗർ പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട് പൊലീസിന്റെ സഹായവും ലഭിച്ചു.

റോബിന്റെ പിതാവ് തട്ടുകട നടത്തുന്നയാളാണ്. തട്ടുകയിലെ തൊഴിലാളിയായ തെങ്കാശി സ്വദേശിയുമായുള്ള ബന്ധം വഴിയാണ് അവിടെ ഒളിവിൽ കഴിഞ്ഞതെന്നാണ് റോബിൻ നൽകിയിരിക്കുന്ന മൊഴി. ഉച്ചയോടെ റോബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം വൈകിട്ട് കോടതിയിൽ ഹാജരാക്കാനാണ് പൊലീസിന്റെ നീക്കം.

കാക്കി വസ്ത്രം കണ്ടാൽ ആക്രമിക്കുന്നതിനുള്ള പരിശീലനം റോബിൻ നായ്ക്കൾക്കു നൽകുന്ന വീഡിയോ പുറത്തുവന്നിരുന്നു. ആഴ്ചകൾക്കു മുൻപ് അന്വേഷണത്തിന് എത്തിയ എക്സൈസ് സംഘത്തിനു നേരെയും നായ്ക്കളെ അഴിച്ചുവിട്ടാണ് ഇയാൾ കടന്നത്. ഗേറ്റിനു പുറത്ത് എക്സൈസ് സംഘത്തിന്റെ വാഹനം കണ്ടതോടെ ഇയാൾ നായ്ക്കളെ അഴിച്ചുവിട്ടു. ഇതോടെ എക്സൈസ് സംഘം മടങ്ങി.

Previous articleആലുവയിൽ ജേഷ്ഠൻ അനുജനെ വെടിവെച്ച് കൊന്നു
Next articleവീരപ്പൻ വേട്ടയ്‌ക്കിടെ കൂട്ടബലാത്സം​ഗം: 215 സർക്കാർ ഉദ്യോ​ഗസ്ഥർ കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി