Home News National news മലയാളി വ്യവസായിയുടെ കൊലപാതകം: നടുങ്ങി വിറച്ച് രാജ്യ തലസ്ഥാനം

മലയാളി വ്യവസായിയുടെ കൊലപാതകം: നടുങ്ങി വിറച്ച് രാജ്യ തലസ്ഥാനം

50

ന്യൂഡൽഹി: പൊതുപ്രവർത്തകനും ബിസിനസുകാരനുമായ മലയാളിയുടെ കൊലപാതകത്തിൽ നടുങ്ങി ഡൽഹിയിലെ മലയാളികൾ. ദ്വാരക എസ്എൻഡിപി ശാഖാ സെക്രട്ടറി കൂടിയായ പി.പി. സുജാതന്റെ (60) കൊലപാതകം കവർച്ച ലക്ഷ്യമിട്ടാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ഡൽഹി പൊലീസിലെ ക്രൈംബ്രാഞ്ചാണ് സംഭവം അന്വേഷിക്കുന്നത്. സംശയിക്കുന്ന ചിലരുടെ ഫോട്ടോകൾ പൊലീസ് ബന്ധുക്കളെ കാണിച്ചെങ്കിലും സൂചനകൾ ലഭിച്ചിട്ടില്ല.

40 വർഷമായി ഡൽഹിയിലാണ് സുജാതൻ താമസിക്കുന്നത്. മുൻപ് ഹോട്ടൽ നടത്തിയിരുന്ന ഇദ്ദേഹം പിന്നീട് അടുക്കള ഉപകരണങ്ങളുടെ വില്പന നടത്തുന്ന ബിസിനസിലേക്ക് മാറി. വ്യാഴാഴ്ച രാത്രി എട്ടരയോടെ അത്താഴം കഴിച്ച ശേഷം ബിസിനസ് ആവശ്യങ്ങൾക്കായി ജയ്പുരിലേക്ക് പുറപ്പെട്ട സുജാതൻ പിന്നീട കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ജയ്പുരിലേക്ക് ബസിൽ പോകുന്നതിനായി വീട്ടിൽ നിന്നിറങ്ങിയ സുജാതൻ കുറച്ചു ദൂരം പിന്നിട്ടപ്പോൾ തന്നെ അക്രമികളുടെ പിടിയിൽ അകപ്പെട്ടിരിക്കാം എന്നാണു പോലീസിന്റെ നിഗമനം. വീടിനു സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന്റെ അടുത്തുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ നടക്കാനിറങ്ങിയവരാണ് മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിലുള്ള മൃതദേഹത്തിൽ കഴുത്തിലും കയ്യിലും ഉൾപ്പെടെ ഒട്ടേറെ മുറിവുകളുണ്ടായിരുന്നു. സുജാതൻ ധരിച്ചിരുന്ന ഷർട്ട് പിരിച്ച് കയറുപോലെയാക്കിയാണ് കൊലയാളികൾ മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടിൽ നിന്നു പോയ ശേഷം മൊബൈലിൽ വിളിച്ചിരുന്നില്ല. ഇന്നലെ മൃതദേഹം കണ്ടതിനു ശേഷം സുജാതന്റെ മൊബൈലിൽ പൊലീസ് വിളിച്ചപ്പോൾ സ്വിച്ച് ഓഫാണ്. സുജാതന്റെ ബാഗ് സമീപത്തു നിന്നു കണ്ടെത്തി. ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്നോ നാളെയോ പോസ്റ്റ്മോർട്ടം നടത്തും.

Previous article2000 രൂപയുടെ നോട്ടുകള്‍ മാറുന്നതിനുള്ള അവസാന തീയതി ഇന്ന്
Next article7 ദിവസത്തേക്ക് ഫ്രീയായി വന്യജീവി സങ്കേതങ്ങള്‍ കാണാൻ അവസരമൊരുക്കി വനം വകുപ്പ്. സൗജന്യ പ്രവേശനം വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി