Home News Kerala News രാഷ്ട്രീയത്തിലെ സൗമ്യമുഖം: ജീവിതക്കൊടിയിറങ്ങി കോടിയേരി മടങ്ങിയിട്ട് ഒരാണ്ട്

രാഷ്ട്രീയത്തിലെ സൗമ്യമുഖം: ജീവിതക്കൊടിയിറങ്ങി കോടിയേരി മടങ്ങിയിട്ട് ഒരാണ്ട്

46

തിരുവനന്തപുരം: കേരള രഷ്ട്രീയത്തിൽ സൗമ്യമായ പുഞ്ചിരിയും, കർക്കശമായ നിലപാടുകളും കൊണ്ട് തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയ കൊടിയേരിയെന്ന വിപ്ലവകാരി മറഞ്ഞിട്ട് ഒരാണ്ട്. ഇടതുമുന്നണിയുടെ മുഖപ്രസാദമായിരുന്നു ഒരർത്ഥത്തിൽ കോടിയേരി. സിപിഎം പ്രതിസന്ധിയെ നേരിട്ട ഘട്ടങ്ങളിലെല്ലാം ഉയർന്ന നേതൃശേഷിയോടെ പ്രവർത്തകരെ പാർട്ടിക്ക് പിന്നിൽ അണിനിരത്തിയ കപ്പിത്താനായിരുന്നു അദ്ദേഹം. കേരള രാഷ്ട്രീയത്തിൽ പകരംവയ്ക്കാനില്ലാത്ത പിണറായി വിജയൻ– കോടിയേരി ബാലകൃഷ്ണൻ കൂട്ടുകെട്ടാണ് ആലപ്പുഴ സമ്മേളനത്തോടെ പിളർപ്പിന്റെ വക്കിലെത്തിയ സിപിഐ എമ്മിനെ തകരാതെ പിടിച്ചു നിർത്തിയത്. ഏതു പ്രതിസന്ധിക്കും പരിഹാര നിർദേശങ്ങൾ നൽകി മുന്നേ നടന്ന നായകൻ, അതായിരുന്നു കേരളത്തിലെ സിപിഐ എമ്മിന് കോടിയേരി. അതുകൊണ്ട് തന്നെ കോടിയേരി ബാലകൃഷ്ണന്റെ അഭാവം സിപിഎമ്മും എൽഡിഎഫും അനുഭവിച്ചറിയുന്ന നാളുകളിലാണ് അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികം കടന്ന് വരുന്നത്.

മുൻവിധിയോ പിരിമുറുക്കങ്ങളോ ഇല്ലാതെ ആരെയും കേൾക്കാൻ സന്നദ്ധനായിരുന്ന കോടിയേരി സാദാരണക്കാർക്ക് എന്നും പ്രാപ്യനായിരുന്ന നേതാവ് കൂടിയായിരുന്നു. പാർട്ടിയിലെയും, മുന്നണിയിലെയും തർക്കങ്ങൾ പരിഹരിക്കുന്ന കോടിയേരി മാജിക് പലതവണ കേരളം കണ്ടു. കേരളത്തിൽ ഇടതുമുന്നണിക്ക് തുടർ ഭരണം സമ്മാനിക്കുന്നതിന്റെ നായക സ്ഥാനത്തും പാർട്ടി സെക്രട്ടറിയായി മുന്നിൽ നിന്ന് നയിച്ച കോടിയേരി തന്നെ. എതിർക്കുന്നവരെപോലും സിപിഎം നിലപാടിലേക്ക് എത്തിക്കാനുള്ള വൈഭവം കോടിയേരിക്കുണ്ടായിരുന്നു. വിഭാഗീയത കൊടികുത്തിവാണ കാലത്ത് വിഎസ് പക്ഷത്തെ തകർക്കാൻ പിണറായിക്കൊപ്പം പടയോട്ടം നടത്തിയ കോടിയേരി പിന്നീട് സിപിഎമ്മിൽ ഐക്യത്തിന്റെ സന്ദേശവാഹകനായി. വിഭാഗീയതയുടെ ഇരുണ്ട നാളുകളിൽനിന്ന് ഐക്യത്തിന്റെ ആശ്വാസദിനങ്ങളിലേക്കു സിപിഎമ്മിനെ നയിച്ച സെക്രട്ടറിയായിരുന്നു കോടിയേരി.

വിഎസ് സർക്കാരിന്റെ കാലത്ത് പൊലീസിനു ജനകീയ മുഖം നൽകിയ അദ്ദേഹം കേരളം കണ്ട മികച്ച ആഭ്യന്തര മന്ത്രി എന്ന സൽപ്പേരും തന്റെ പേരിൽ എഴുതിച്ചേർത്തു. പ്രതിപക്ഷ ഉപനേതാവായും, മന്ത്രിയായുമായി നിയമസഭയിൽ നടത്തിയ ഇടപെടലുകൾ മികച്ച പാർലമെന്റേറിയന്മാരുടെ പട്ടികയിൽ അദ്ദേഹത്തിന് ഇടം നൽകി. ആലപ്പുഴ സംസ്ഥാന സമ്മേളന വേദിയിൽ നിന്ന് വി.എസ്.അച്യുതാനന്ദൻ ഇറങ്ങിപ്പോയതടക്കം പാർട്ടിശത്രുക്കൾക്ക് സ്വന്തം പാളയത്തിൽനിന്ന് തന്നെ പാർട്ടിക്കെതിരെയുള്ള ആയുധങ്ങൾ ലഭിച്ച ഘട്ടങ്ങളിലെല്ലാം കത്തിക്കാളിയ ആ വിവാദങ്ങളെയും കോടിയേരി ശൈലി നിർവീര്യമാക്കി. സിപിഎമ്മിന്റെ ഇക്കഴിഞ്ഞ എറണാകുളം സംസ്ഥാന സമ്മേളനത്തിലും ആരോഗ്യ പ്രശ്നങ്ങൾക്കിടയിലും പാർട്ടിയെ നയിക്കാനുള്ള ചുമതല പാർട്ടി ഏൽപ്പിച്ചത് കൊടിയേരിയെയായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായതോടെ സെക്രട്ടറി സ്ഥാനത്തുനിന്ന് താൽക്കാലികമായി അദ്ദേഹം മാറിനിന്നു. പിന്നീട് രോഗത്തെ ഇച്ഛാശക്തിയോടെ നേരിട്ട അദ്ദേഹം, പാർട്ടിയുടെ അമരത്തേക്ക് ശക്തമായി തിരിച്ചുവരും എന്ന പ്രതീക്ഷകൾക്കിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം.

Previous articleകൊച്ചിയിൽ കാർ പുഴയിൽ വീണ് അപകടം; ഡോക്ടർമാർക്ക് ദാരുണാന്ത്യം
Next articleകുറച്ചു, പിന്നെ കൂട്ടി: വീണ്ടും ഉയർന്ന് പാചക വാതകവില