Home News Kerala News ഇടുക്കി ജില്ലയിലെ കയ്യേറ്റമൊഴിപ്പിക്കൽ: എം എം മണി എംഎൽഎക്കെതിരെ ഒളിയമ്പുമായി സിപിഐ മുൻ ജില്ലാ സെക്രട്ടറി

ഇടുക്കി ജില്ലയിലെ കയ്യേറ്റമൊഴിപ്പിക്കൽ: എം എം മണി എംഎൽഎക്കെതിരെ ഒളിയമ്പുമായി സിപിഐ മുൻ ജില്ലാ സെക്രട്ടറി

49

ഇടുക്കി: ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ രംഗത്തുവന്ന എം.എം.മണി എംഎൽഎ അടക്കമുള്ള സിപിഎം നേതാക്കൾക്കെതിരെ പരോക്ഷ വിമർശനവുമായി സിപിഐ ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ. കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്നു പറയുമ്പോൾ ചിലർക്കു സമനില തെറ്റുമെന്നു കെ.കെ.ശിവരാമൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. ഒഴിപ്പിക്കാൻ വരുന്നവരെ കായികമായി നേരിടണമെന്ന സിപിഎം നേതാക്കളുടെ പരാമർശത്തിനെതിരെയായിരുന്നു ശിവരാമന്റെ വിമർശനം. ഒഴിപ്പിക്കാൻ വരുന്നവരുടെ കയ്യും കാലും വെട്ടുമെന്നും നാവു പിഴുതെടുക്കുമെന്നുമാണു പ്രഖ്യാപനം. ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ്. തല വെട്ടിക്കളഞ്ഞാൽ മതിയല്ലോ. കാലും കയ്യും വെട്ടി നാവും പിഴുതെടുക്കുവാൻ കുറേ സമയം എടുക്കുമല്ലോ എന്ന് ശിവരാമൻ പരിഹസിച്ചു.

ചിന്നക്കനാൽ പഞ്ചായത്തിൽ 100 കണക്കിനേക്കർ സർക്കാർ ഭൂമി കയ്യേറി കുരിശു കൃഷി നടത്തുന്നവർ കുടിയേറ്റക്കാരാകുന്നത് എങ്ങനെയാണെന്നു മനസിലാകുന്നില്ലെന്നും ശിവരാമൻ പറഞ്ഞു. ജില്ലയിൽ വിവിധ പഞ്ചായത്തുകളിൽ 1000 കണക്കിന് ഏക്കർ ഭൂമി കയ്യേറ്റ മാഫിയയുടെ കയ്യിലാണ്. ജില്ലയിലെ തോട്ടങ്ങൾ തുണ്ടുതുണ്ടായി മുറിച്ചു വിൽക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇതൊന്നും അധികാരികൾ അറിയുന്നില്ലെന്നും, അഥവാ അറിഞ്ഞാലും ഈ നിയമവിരുദ്ധ പ്രവർത്തനത്തിനു തടയിടാൻ കഴിയുന്നിന്നില്ലെന്നും ശിവരാമൻ പറഞ്ഞു.
സർക്കാർ ഭൂമി കയ്യേറിയ സമസ്ത വമ്പന്മാരെയും കൊമ്പന്മാരെയും പിടിച്ച് അകത്തിടണം. ഈ ഭൂമി പിടിച്ചെടുത്ത് ഭൂരഹിത കർഷക തൊഴിലാളികൾക്കും തോട്ടം തൊഴിലാളികൾക്കും വിതരണം ചെയ്യണമെന്നും, തുണ്ടുതുണ്ടായി വിൽക്കപ്പെട്ട തോട്ട ഭൂമിയെല്ലാം സർക്കാർ വീണ്ടെടുത്തു ഭൂ‌രഹിതർക്കു വിതരണം ചെയ്യണമെന്നും ശിവരാമൻ ആവശ്യപ്പെട്ടു.

Previous articleകുടുംബവഴക്ക്; കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു
Next article5 ഖലിസ്ഥാൻ ഗ്രൂപ്പുകളെ നിരോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി കാനഡ: നിരോധിച്ചത് 2 ഗ്രൂപ്പുകളെ മാത്രം