Home Health പൊതുജനാരോ​ഗ്യരം​ഗത്ത് കേരളം ഇന്ത്യയ്ക്ക് മാതൃക: മുഖ്യമന്ത്രി

പൊതുജനാരോ​ഗ്യരം​ഗത്ത് കേരളം ഇന്ത്യയ്ക്ക് മാതൃക: മുഖ്യമന്ത്രി

58

എറണാകുളം: പൊതുജനാരോ​ഗ്യരം​ഗത്ത് കേരളം ഇന്ത്യയ്ക്ക് മാതൃകയാകുന്ന തരത്തിൽ വലിയ തോതിലുള്ള മുന്നേറ്റം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രി കാൻസർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ​ഹിച്ച് സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം. പൊതുജനാരോ​ഗ്യകേന്ദ്രമെന്ന നിലയ്ക്ക് മുമ്പ് തന്നെ എറണാകുളം ജനറൽ ആശുപത്രി മികവുപുലർത്തിയിരുന്നുവെന്നും അതിന് കൂടുതൽ കുതിപ്പേകാൻ പുതിയ കാൻസർ സെന്ററിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊച്ചിയുടെ ആരോ​ഗ്യ മുന്നേറ്റങ്ങൾക്ക് കുതിപ്പേകുന്നതാണ് പുതിയ സെന്റർ. പൊതുജനാരോ​ഗ്യരം​ഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്താൻ സർക്കാർ ആവശ്യമായ ഇടപെടലുകൾ നടത്തുന്നുണ്ട്. അതിന്റെ ഫലമായി ഒട്ടേറെ സുപ്രധാന നേട്ടങ്ങൾ ആരോ​ഗ്യമേഖല നേടി. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാഴ്ചപരിമിതർക്കുള്ള സേവനത്തിന് ലഭിച്ച പുരസ്കാരം. ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനമായും കേരളം മാറിഎന്നും മുഖ്യമന്ത്രി പറഞ്ഞു.

ആർദ്രം മിഷനിലുടെ പൊതുജനാരോ​ഗ്യകേന്ദ്രങ്ങളെ രോ​ഗീസൗഹൃദമാക്കാൻ കഴിഞ്ഞു. പ്രാഥമികാരോ​ഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയർത്തി. താലൂക്ക്, ജില്ലാ ആശുപത്രികളിൽ പല രീതിയിലുള്ള സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഒരുക്കി. മെഡിക്കൽ കോളേജിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഇവയൊക്കെ കാരണം സാധാരണക്കാരായ ജനങ്ങൾക്ക് ആത്മവിശ്വാസത്തോടെ ആശ്രയിക്കാൻ കഴിയുന്നവയായി സർക്കാർ ആശുപത്രികൾ മാറിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Previous articleകോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: പണം നഷ്ടപ്പെട്ടവരെ സമീപിച്ച് കെപിസിസി
Next articleനെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരന്റെ പേരിടണമെന്ന ആവശ്യവുമായി ശശി തരൂർ എം പി