Home News Kerala News തട്ടം വിവാദം: കെ അനിൽകുമാറിനെ തള്ളി കെ ടി ജലീൽ

തട്ടം വിവാദം: കെ അനിൽകുമാറിനെ തള്ളി കെ ടി ജലീൽ

44

മലപ്പുറം: തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതു കൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ മുൻ മന്ത്രി കെ.ടി.ജലീൽ എംഎൽഎ. തട്ടമിടാത്തതു പുരോഗമനത്തിന്റെ അടയാളമേ അല്ലെന്നും കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്‌ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും ജലീൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അഭിപ്രായപ്പെട്ടു. വ്യക്തിപരമായ അഭിപ്രായം പാർട്ടിയുടേതാക്കി അവതരിപ്പിക്കുന്നതു തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്നും ജലീൽ വിമർശിച്ചു.

തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടാണെന്നും വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങൾ വിശ്വസിക്കുന്നെന്നായിരുന്നു ഒക്ടോബർ ഒന്നിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന എസ്സൻസ് ഗ്ലോബലിന്റ ലിറ്റ്മസ്–23 നാസ്തിക സമ്മേളനത്തിൽ അനിൽകുമാറിന്റെ പ്രസ്താവന. ഏക സിവിൽകോഡ് ആവശ്യമുണ്ടോ എന്ന സെഷനിലായിരുന്നു അനിൽകുമാറിന്റെ പരാമർശം. ഈ പരാമർശത്തിനെതിരെ നേരത്തെ സമസ്ത രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അനിൽകുമാറിനെ തള്ളി സിപിഎം സഹയാത്രികനായ കെ ടി ജലീലും രംഗത്തെത്തിയത്. പർദ്ദയിട്ട മുസ്‌ലിം സഹോദരിയെ വർഷങ്ങളായി തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലറാക്കിയ പാർട്ടിയാണ് സിപിഎം. സ്വതന്ത്രചിന്ത എന്നാൽ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്യൂണിസ്റ്റ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കാൻ ആരും ശ്രമിക്കേണ്ടെന്ന് കെ ടി ജലീൽ പറഞ്ഞു.

Previous articleസർക്കാരിന്റെ മേഖലാതല അവലോകന യോഗം: നാലു ജില്ലകളുടെ യോഗം കൊച്ചിയിൽ ആരംഭിച്ചു
Next articleലോക്സഭാ തിരഞ്ഞെടുപ്പ്: നിലപാട് മാറ്റി കെ മുരളീധരൻ, വടകരയിൽ മത്സരിക്കാൻ തയാറാണെന്നും മുരളി