Home News Kerala News കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഇഡിയെ പഴിചാരി മന്ത്രി വി എൻ വാസവൻ. നിക്ഷേപകർക്ക് ഒരു രൂപ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഇഡിയെ പഴിചാരി മന്ത്രി വി എൻ വാസവൻ. നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്നും മന്ത്രി

53

തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ പ്രേരിതമായ അന്വേഷണമാണ് കൂടുതൽ പ്രതിസന്ധിയുണ്ടാക്കിയതെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ പറഞ്ഞു. നിലവിൽ ഏതാണ്ട് അഞ്ചു കോടിയിൽപ്പരം രൂപ ബാങ്കിൽ നിന്ന് പുതിയതായി വായ്പ കൊടുത്തുകഴിഞ്ഞു. വായ്പപ്രവർത്തനങ്ങളിലേക്ക് അവർ തിരികെ വന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത്തരം ഒരു ഘട്ടത്തിൽ ഇഡി വന്ന് അവിടുത്തെ ഫയലുകൾ എല്ലാം കൊണ്ടുപോയി. 162 ആധാരത്തിന്റെ കോപ്പികളും, പ്രധാനപ്പെട്ട ചില രേഖകളും എടുത്തുകൊണ്ടു പോയി. ഈ 162 ആധാരങ്ങളിൽനിന്നായി 182.5 കോടി രൂപ ബാങ്കിന് ലഭിക്കാനുണ്ട്. അതു തിരിച്ചടയ്ക്കാൻ വേണ്ടി പലരും വന്നപ്പോൾ ആധാരം ഇല്ലാത്തതു കൊണ്ട് പണം അടയ്ക്കാതെ പോകുകയായിഒരുന്നു. ഇതോടെ ബാങ്കിന് കിട്ടേണ്ടിയിരുന്ന പൈസ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. അങ്ങനെ ഗൗരവമേറിയ ഒരു പ്രശ്നം ഇഡി മുഖാന്തരം ബാങ്കിന് ഉണ്ടായി എന്നത് വിഷമിപ്പിക്കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു. ഇ ഡി കൊണ്ടുപോയ രേഖകൾ തിരിച്ചുപിടിക്കാൻ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇഡിയുടെ നടപടികൾ ബാങ്കിന്റെ തിരിച്ചുവരവിനെ കാര്യമായി ബാധിച്ചു. ഇഡി കള്ളപ്പണം പിടിക്കുന്നതിൽ എതിർപ്പില്ല, എന്നാൽ ഈ അന്വേഷണങ്ങൾ വളഞ്ഞ വഴിയിലൂടെ ആകരുതെന്നും വി എൻ വാസവൻ പറഞ്ഞു.

അതെ സമയം ബാങ്ക് തകർന്നിട്ടില്ലെന്നും, ബാങ്കിന് പിരിഞ്ഞു കിട്ടാനുള്ളത് 506.61 കോടിയോളം രൂപയുണ്ടെന്നും മന്ത്രിപറഞ്ഞു. ബാങ്കിനു കൊടുത്തു തീർക്കാനുള്ളത് സ്ഥിരനിക്ഷേപം ഉൾപ്പെടെ 282.6 കോടി രൂപ മാത്രമാണ്. ബാക്കി തുക ബാങ്കിന്റെ ആസ്തിയാണ്. ഇതിനു പുറമേ ബാങ്കിനു സ്വന്തമായി ഏതാണ്ട് പതിനേഴോളം സ്ഥലമുണ്ട്, മാത്രമല്ല ഒരു അഞ്ചു വസ്തുവകകൾ കൂടി ലേലത്തിൽവച്ച് ഇവരുടെ കൈവശം വന്നിട്ടുണ്ട്. ഇതിൽ ചിലതെല്ലാം കേരള ബാങ്കിലും മറ്റു ബാങ്കുകളിലുമെല്ലാം പണയപ്പെടുത്തിയതും പണയപ്പെടുത്താത്തതും ഉണ്ട്. അതുകൊണ്ട് തന്നെ നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിക്ഷേപകർക്ക് എത്രയും പെട്ടെന്നു പണം തിരികെ നൽകാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. 50,000 രൂപ വരെയുള്ള നിക്ഷേപങ്ങൾ നവംബറിനുള്ളിൽ നൽകും. കല്യാണം, ചികിത്സ തുടങ്ങി ആവശ്യങ്ങൾ പ്രത്യേകം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Previous articleമഴ ചതിച്ചു; ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരവും ഉപേക്ഷിച്ചു
Next articleകനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി