Home News Kerala News മൊഴികൾ പോലീസ് പൊളിച്ചു: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ച ഹരിദാസൻ ഒളിവിൽ

മൊഴികൾ പോലീസ് പൊളിച്ചു: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ച ഹരിദാസൻ ഒളിവിൽ

42

തിരുവനന്തപുരം: ആയുഷ്‌ മിഷൻ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട്‌ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗത്തിന്‌ കൈക്കൂലി നൽകിയെന്ന് ആരോപണമുന്നയിച്ച ഹരിദാസന്റെ മൊഴികൾ കളവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതോടെ ഇയാൾ ഒളിവിൽ പോയി. സെക്രട്ടറിയറ്റിന്‌ സമീപം ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ ഉടൻ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗത്തിന്‌ ഒരു ലക്ഷം രൂപ നൽകിയെന്നായിരുന്നു ഹരിദാസൻ ആദ്യം നൽകിയ മൊഴി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ ഇത്‌ തിരുത്തി. അഖിൽ സജീവ്‌ പറഞ്ഞതനുസരിച്ച്‌ സെക്രട്ടറിയേറ്റിന്‌ സമീപത്തുനിന്ന്‌ പ്രസ്‌ ക്ലബ്ബ്‌ ഭാഗത്തേക്ക്‌ നടന്നെന്നും അഖിൽ മാത്യുവെന്ന്‌ പരിയചപ്പെടുത്തിയ വ്യക്തിക്ക്‌ പണം നൽകിയെന്നുമാണ്‌ പിന്നീട് ഹരിദാസൻ നൽകിയ മൊഴി.

നേരത്തെ പൊലീസിന്‌ നൽകിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ്‌ പൊലീസ്‌ പ്രസ്ക്ലബ് ഭാഗത്തെ സിസിടിവികൾ പരിശോധിച്ചു. പ്രസ്‌ക്ലബ് ഭാഗത്തേക്ക്‌ നടക്കുന്ന ഹരിദാസൻ പാതി വഴിയിൽ തിരികെ നടക്കുന്നതും കന്റോൺമെന്റ്‌ പൊലീസ്‌ സ്റ്റേഷന്‌ സമീപമെത്തി മടങ്ങുന്നതുമാണ്‌ ദൃശ്യങ്ങളിലുള്ളത്‌. ഈ വഴിയിലെവിടെയും ഹരിദാസൻ ആരെങ്കിലുമായി കൂടിക്കാഴ്‌ച നടത്തുന്നതോ പണം കൈമാറുന്നതോ ദൃശ്യങ്ങളിലില്ല. ഇതോടെ റോഡിൽവച്ച്‌ കൈക്കൂലി നൽകിയെന്ന ഹരിദാസന്റെ വാദവും പൊളിഞ്ഞു. കഴിഞ്ഞ ദിവസം സിസിടിവി ദൃശ്യങ്ങൾ കാട്ടി ചോദ്യം ചെയ്‌തിരുന്നു. ഇതിനിടെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട്‌ വ്യാജരേഖ ചമച്ച കേസിൽ അഭിഭാഷകനെ കന്റോൺമെന്റ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. മുഖ്യപ്രതി അഖിൽ സജീവിനൊപ്പം ചേർന്ന്‌ ആയുഷ്‌ മിഷന്റെ വ്യാജ ഇമെയിലുണ്ടാക്കിയ കോഴിക്കോട്‌ കൊയിലാണ്ടി എകരൂൽ സ്വദേശി എം കെ റയീസാണ്‌ അറസ്‌റ്റിലായത്‌.

അഭിഭാഷകന്റെ അറസ്റ്റിന് പിന്നാലെ അന്വേഷണ സംഘം ഹരിദാസനുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും ഫോൺ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത നിലയിലാണ്‌. ഇയാൾ ഒളിവിലാണെന്നാണ്‌ പൊലീസ്‌ നിഗമനം. അഖിൽ സജീവിനും ലെനിൻ രാജിനുമായി 75000 രൂപ നൽകിയതല്ലാതെ മറ്റ്‌ സാമ്പത്തിക ഇടപാടുകൾ കേസുമായി ബന്ധപ്പെട്ട്‌ ഹരിദാസൻ നടത്തിയിട്ടില്ല എന്നാണ്‌ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മന്ത്രിയുടെ ഓഫീസിന്‌ പണം നൽകിയെന്ന ഹരിദാസന്റെ മൊഴി കളവാണെന്ന് നിഗമനത്തിലാണ് പോലീസിന്റെ നിഗമനം. അങ്ങനെയെങ്കിൽ കള്ള മൊഴി നൽകിയത്‌ എന്തിനെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനാകും പോലീസിന്റെ ശ്രമം. ഈ ദിശയിലും പൊലീസ്‌ അന്വേഷണമുണ്ടാകും. ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഇതിന്‌ പിന്നിലുണ്ടോ എന്നത്‌ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്‌.

Previous articleകറന്റ് വരാനായി തോട്ടി ഉപയോഗിച്ച് ലൈനിൽ തട്ടി; ഷോക്കേറ്റ് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം
Next articleചന്ദ്രനിൽ ചന്ദ്രയാൻ 3ന് ശേഷമുള്ള രണ്ടാം രാത്രി തുടങ്ങി. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഉണരുമോ എന്ന കാത്തിരിപ്പിൽ ശാസ്ത്ര ലോകം